'ചത്ത' ലാപ്ടോപ്പിന്റെ ശവസംസ്കാരം നടത്താൻ ഒരുങ്ങി യുവാവ്, വൈറൽ വീഡിയോ കാണാം
'ചത്ത' ലാപ്ടോപ്പിന്റെ ശവസംസ്കാരം നടത്താൻ ഒരുങ്ങി യുവാവ്, വൈറൽ വീഡിയോ കാണാം
പ്രിയപ്പെട്ട ലാപ്ടോപ്പിന്റെ ശവസംസ്കാരം നടത്താൻ ഒരുങ്ങിയതും ആ ദാരുണമായ വിടവാങ്ങൽ ക്യാമറയിൽ പകർത്തിയതുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്
ലാപ്ടോപ്പുകൾ ഒരു ദീർഘകാല നിക്ഷേപമാണ്. ഒരിക്കൽ വാങ്ങിയാൽ അത് സാധാരണയായി വർഷങ്ങളോളം ഉപയോഗിക്കാനാകും. മൊബൈൽ ഫോണുകൾ പലരും രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ മാറുമെങ്കിലും ലാപ്ടോപ്പുകൾ കേടാകുന്നത് വരെ ഉപയോഗിക്കും. ബാറ്ററി പ്രശ്നങ്ങൾ, സ്ക്രീൻ പ്രശ്നങ്ങൾ, അമിതമായി ചൂടാകുക തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുമ്പോഴാണ് ലാപ്ടോപ്പുകൾ മാറ്റാറുള്ളത്. അതുകൊണ്ട് തന്നെ ലാപ്ടോപ്പുകൾ മാറേണ്ടി വരുമ്പോൾ ചിലർക്കെങ്കിലും ഒരു ദീർഘകാല സുഹൃത്തിനോട് വിടപറയേണ്ടി വരുമ്പോഴുള്ള വിഷമം തോന്നിയേക്കാം. കാരണം അത്രയ്ക്ക് വൈകാരിക അടുപ്പം അവർക്ക് ആ ലാപ്ടോപ്പുമായി കണ്ടേക്കാം.
ഒരു ടിക് ടോക്ക് ഉപഭോക്താവ് തന്റെ പ്രിയപ്പെട്ട ലാപ്ടോപ്പിന്റെ ശവസംസ്കാരം നടത്താൻ ഒരുങ്ങിയതും ആ ദാരുണമായ വിടവാങ്ങൽ ക്യാമറയിൽ പകർത്തിയതുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
ടിക്ടോക് ക്രിയേറ്ററായ സെഹ്ൻ ആണ് തന്റെ ലാപ്ടോപ്പ് ഒരു ശവസംസ്കാര കേന്ദ്രത്തിൽ എത്തിക്കുന്ന വീഡിയോ പങ്കുവച്ചത്. അവിടെ ഓഫീസിലിരിക്കുന്ന ഒരു വൃദ്ധയോട് അതിനായുള്ള ക്രമീകരണങ്ങൾ ചെയ്യാമോ എന്ന് യുവാവ് ചോദിക്കുന്നുണ്ട്. എന്നാൽ മരിച്ചയാളുടെ ബോഡി എവിടെയെന്ന് ചോദിക്കുന്ന വ്യദ്ധയോട് ലാപ്ടോപ്പ് ചൂണ്ടിക്കാണിച്ച് ഇതാണ് ബോഡി എന്നും പറയുന്നു. ഇത് കണ്ട സ്ത്രീ അമ്പരന്നുപോയി. അവരുടെ ആശയക്കുഴപ്പം മനസ്സിലാക്കിയ യുവാവ് തന്റെ ലാപ്ടോപ്പ് മരിച്ചത് എങ്ങനെയെന്ന് വിശദീകരിച്ചു.
തുടർന്ന് ആ സ്ത്രീ വീഡിയോ റെക്കോർഡ് ചെയ്യുന്ന വ്യക്തിയെ നോക്കുകയും ചിരിക്കുകയും ചെയ്യുന്നത് കാണാം. യൂണിലാഡ് റിപ്പോർട്ട് അനുസരിച്ച്, ക്ലിപ്പ് 1.8 ദശലക്ഷത്തിലധികം പേർ കാണുകയും നൂറുകണക്കിന് ആളുകൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. നിരവധി പേർ സെഹാനോട് അനുഭാവം പ്രകടിപ്പിച്ചു. വീഡിയോ കണ്ട മറ്റൊരാൾ എന്തിനാണ് ചിരിക്കുന്നത് എന്ന് ചോദിക്കുകയും ലാപ്ടോപ്പിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്ന് പറയുകയും ചെയ്തു. മറ്റൊരു വ്യക്തി യുവാവിന്റെ നഷ്ടത്തിൽ ഖേദിക്കുന്നു 'ആർഐപി ലാപ്ടോപ്പ്' എന്ന് കുറിച്ചു.
ലോക്ഡൗണിനിടെ തന്റെ കോഴിക്ക് 'മലബന്ധം' വന്നത് കാരണം ഡോക്ടറെ കാണിക്കുന്നതിന് പുറത്തിറങ്ങിയ ആളുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയയെ ചിരിപ്പിച്ച സംഭവം കർണാടകയിലെ ഗഡഗ് ജില്ലയിലാണ് നടന്നത്. കോഴിയെ കുട്ടയിലാക്കി പോകുന്ന മധ്യവയസ്കനെ പോലീസ് ചോദ്യം ചെയ്യുന്നതാണ് വൈറലായ വീഡിയോയിലുള്ളത്.
പുറത്തിറങ്ങിയതിന് കാരണം ചോദിച്ച പോലീസുകാരോട് തന്റെ കോഴിക്ക് മലബന്ധം ആണെന്നും അത്യാവശ്യമായി അതിന് ചികിത്സ ലഭ്യമാക്കണമെന്നും ഇയാൾ പറയുന്നു. കുട്ടയിൽ നിന്നും കോഴിയെ പുറത്തെടുത്ത് ഇയാൾ പോലീസുകാർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നുമുണ്ട്. ഇയാളുടെ മറുപടി തൃപ്തികരം ആയില്ലെങ്കിലും കേട്ട് നിന്ന പോലീസുകാർക്ക് ചിരി വന്നു. എന്തായാലും ഇയാളെയും മലബന്ധമുള്ള കോഴിയെയും അവർ വീട്ടിലേക്ക് തന്നെ തിരിച്ചയച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.