കൂട്ടുകാർക്കൊപ്പമുള്ള യാത്രകളിൽ ഒരുമിച്ച് പാട്ടുകൾ പാടുന്നത് പോലെ രസകരമായ അനുഭവം മറ്റൊന്നുമുണ്ടാകില്ല. അടുത്തിടെ മുംബൈ ലോക്കൽ ട്രെയിനിൽ നടന്ന സമാനമായ ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറിന്റെ (Lata Mangeshkar) നിത്യഹരിത ഗാനങ്ങൾ ഒരുകൂട്ടം പുരുഷന്മാർ മനോഹരമായി ആലപിക്കുന്നതാണ് വീഡിയോ. ഈ വീഡിയോ കാണുന്നവരെയെല്ലാം ഒപ്പം പാടാനും താളം പിടിക്കാനും പ്രേരിപ്പിക്കും വിധം മനോഹരമായാണ് യാത്രക്കാരുടെ ആലാപനം.
ഒരു ട്വിറ്റർ ഉപയോക്താവാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്, വീഡിയോയുടെ തലകെട്ടിൽ അദ്ദേഹം പറഞ്ഞത് “ഞാൻ കണ്ട ഏറ്റവും മികച്ച ജാമിംഗ് സെഷനുകളിലൊന്ന്…” എന്നാണ്. “മുംബൈ ലോക്കൽ” എന്ന ഹാഷ്‌ടാഗോട് കൂടിയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
1972-ലെ ആക്ഷൻ ചിത്രമായ അപ്‌നാ ദേശിലെ കിഷോർ കുമാറും ലതാ മങ്കേഷ്‌കറും ചേർന്ന് ആലപിച്ച സൺ ചമ്പ സുൻ താര എന്ന ഗാനമാണ് ഇപ്പോൾ വൈറൽ ആയ വീഡിയോയിൽ ആലപിക്കുന്നത്. അതേ ഊർജവും ഉന്മേഷവും നിലനിർത്തിക്കൊണ്ട് അടുത്തതായി എല്ലാവരും ചേർന്ന് 1973-ൽ പുറത്തിറങ്ങിയ ജീൽ കെ ഉസ് പാർ എന്ന സിനിമയിലെ ദോ ഗൂട്ട് മുജെ ഭി പിലാ ദേ പാടാൻ തുടങ്ങി. എന്നാൽ ഇവർ വെറുതെ പാട്ട് പാടുക മാത്രമല്ല,ചിലർ ജനാലുകളിലും സീറ്റുകളിലും തട്ടി പശ്ചാത്തല സംഗീതവും ഉണ്ടാക്കുന്നുണ്ടായിരുന്നു. മറ്റു ചിലർ പാട്ടിൽ ലയിച്ച് നിൽക്കുന്നതും വീഡിയോയിൽ കാണാം.
One of the best jamming session I have seen… #mumbailocal pic.twitter.com/OQHggIJTIG
— 24 (@Chilled_Yogi) March 4, 2023
യാത്ര വളരെ ദൈർഘ്യമേറിയതായിരിക്കുമ്പോൾ ഒരുമിച്ച് ഇത്തരത്തിൽ പാട്ടു പാടുന്നത് “സമയം കളയാൻ ” സഹായിക്കുമെന്ന് പലരും ട്വിറ്ററിൽ കമന്റ് ചെയ്തു. “ഈ അമ്മാവന്മാർ ഞങ്ങളുടെ ട്രെയിൻ യാത്രയെ കൂടുതൽ മനോഹരമാക്കുന്നു,” എന്നായിരുന്നു മറ്റൊരു കമന്റ്. “തീർച്ചയായും.
“മനോഹരം, വഴക്കിടുകയും നിരാശ പ്രകടിപ്പിക്കുകയും ചെയ്യുന്നതിനേക്കാൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നതാണ് നല്ലത്. ഇതാണ് ഞാൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്ന മുംബൈ…” മറ്റൊരാൾ കമന്റ് ചെയ്തു. ചിലർ പൊതുഗതാഗത സംവിധാനങ്ങൾ മികച്ച ഓർമ്മകൾ സൃഷ്ടിക്കുന്ന സ്ഥലമാണെന്ന് അവകാശപ്പെട്ടും രംഗത്തെത്തി.
ഏതായാലും ഇതുവരെ ഈ വീഡിയോ 43000 ത്തിലധികം പേർ കണ്ടു കഴിഞ്ഞു. മുംബയിലെ ലോക്കൽ ട്രെയിനുകളിൽ ഇതൊരു ട്രെന്റ് ആയി മാറിയേക്കുമെന്നാണ് കരുതുന്നത്. വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.
Summary: Video of passengers singing the songs of Lata Mangeshkar in train grabs attention
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.