• HOME
  • »
  • NEWS
  • »
  • buzz
  • »
  • കടുവയോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാക്കൾക്ക് സംഭവിച്ചത്; വീഡിയോ വൈറൽ

കടുവയോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാക്കൾക്ക് സംഭവിച്ചത്; വീഡിയോ വൈറൽ

ചങ്ങലയിൽ ബന്ധിച്ചിരിക്കുന്ന കടുവയോടൊപ്പമുള്ള ചിത്രമെടുക്കാനാണ് ഈ ചെറുപ്പക്കാർ ശ്രമിച്ചത്

  • Share this:

    വന്യമൃഗങ്ങളോടൊപ്പം സെൽഫി ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവർ നിരവധിയാണ്. സമാനമായി ഒരു കടുവയോടൊപ്പം ചിത്രങ്ങളെടുക്കാൻ ശ്രമിക്കുന്ന ചെറുപ്പക്കാരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചങ്ങലയിൽ ബന്ധിച്ചിരിക്കുന്ന കടുവയോടൊപ്പമുള്ള ചിത്രമെടുക്കാനാണ് ഈ ചെറുപ്പക്കാർ ശ്രമിച്ചത്. കടുവയ്ക്ക് തൊട്ട് പിന്നിലായിട്ടാണ് ഇവർ ഇരുവരും ഇരുന്നത്. അതേസമയം കടുവയുടെ പരിശീലനകനായ വ്യക്തി ഒരു വടി കൊണ്ട് കടുവയുടെ ശരീരത്തിൽ തൊടുന്നുണ്ട്. അതിൽ അസ്വസ്ഥത പ്രകടിപ്പിച്ച കടുവ പെട്ടെന്ന് തിരിഞ്ഞ് അലറുകയായിരുന്നു.

    കടുവയുടെ അലർച്ച കേട്ടതോടെ ഫോട്ടോ എടുക്കാൻ ഇരുന്ന ഇരുവരും പേടിച്ച് ഇറങ്ങി ഓടുന്നതാണ് വീഡിയോ. പുറത്തിറങ്ങിയ ശേഷം ചെറുപ്പക്കാരിൽ ഒരാൾ ജീവൻ രക്ഷിച്ചതിന് മുട്ടുകുത്തിയിരുന്ന് ദൈവത്തിന് നന്ദി പറയുന്നതും വീഡിയോയിൽ കാണാം. രണ്ടാമത്തെ ചെറുപ്പക്കാരൻ നിലവിളിച്ച് പുറത്തേക്കിറങ്ങുകയായിരുന്നു.  എന്നാൽ ആദ്യമൊന്ന് അലറിയെങ്കിലും ചെറുപ്പക്കാരുടെ ഓട്ടം കണ്ട് മിണ്ടാതെ നിൽക്കുകയായിരുന്നു കടുവ. ഇതും വീഡിയോയിൽ കാണാം.

    അതേസമയം നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ഇവർക്ക് എന്താണ് പറ്റിയതെന്നായിരിക്കും ആ കടുവ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകുക എന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ഏകദേശം 93000 പേരാണ് കുറഞ്ഞ സമയത്തിനുള്ളിൽ വീഡിയോ കണ്ടത്. മുമ്പ് മെക്‌സിക്കോയിലെ ഒരു മൃഗശാലയിൽ കടുവയെ ശുശ്രൂഷിച്ച് കൊണ്ടിരുന്ന വ്യക്തിയെ കടുവ ആക്രമിച്ചതും വാർത്തയായിരുന്നു. കടുവയുടെ ആക്രമണത്തിൽ ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നു. പരിക്കേറ്റ കൈ പിന്നീട് മുറിച്ച് മാറ്റേണ്ടി വരുമെന്ന് ഡോക്ടർമാർ ഇദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം അതിന് വിസമ്മതിച്ചിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചാണ് അദ്ദേഹം മരിച്ചത്.

    മുമ്പ് ശബ്ദങ്ങൾ അനുകരിക്കുന്ന മിമിക്രിക്കാരൻ കടുവയെപ്പറ്റിയുള്ള വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സൈബീരിയയിലെ ബർണോൾ മൃഗശാലയിലെ വീറ്റസ് എന്ന കടുവക്കുട്ടിയാണ് സമൂഹമാധ്യമങ്ങളിൽ താരമായി മാറിയത്. കിളികളുടെ ശബ്ദത്തിൽ പാടുന്നതിലൂടെയാണ് വീറ്റസ് എന്ന കടുവക്കുട്ടി ശ്രദ്ധേയനായി മാറിയിരിക്കുന്നത്. എട്ടു മാസം മാത്രം പ്രായമുള്ള കടുവക്കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായിരുന്നു. അതുകൊണ്ടുതന്നെ ലോകമെങ്ങും നിരവധി ആരാധകർ വീറ്റസിനുണ്ട്. വീറ്റസിനുവേണ്ടി സോഷ്യൽ മീഡിയയിൽ പ്രത്യേക ഗ്രൂപ്പുകളും ഫാൻ പേജുകളുമുണ്ട്.

    Also read- ഓഫീസിൽ ചില്ലാകാൻ ഒരു ബിയർ ആയാലോ? ഹരിയാനയിലെ കോർപ്പറേറ്റ് ഓഫീസുകളിൽ ബിയറിനും വൈനിനും അനുമതി

    കടുവകൾ പാടുമോയെന്ന് ആശ്ചര്യപ്പെടുന്നവർക്കുള്ള മറുപടിയാണ് വീറ്റസിന്റെ മറുപടി. ശബ്ദം മാറ്റി വളരെ മെലഡിയസായി വീറ്റസ് പാടും. കിളികൾ ശബ്ദമുണ്ടാക്കുന്നതുപോലെ ചിലയ്ക്കാനും നീട്ടി വിളിക്കാനും വീറ്റസിന് കഴിയും. സ്വന്തം ശബ്ദത്തിൽ മാറ്റം വരുത്തിയാണ് വീറ്റസിന്റെ അത്ഭുതകരമായ മിമിക്രി പ്രകടനം. ആദ്യം കാണുമ്പോൾ ആരുമൊന്ന് അമ്പരന്നു പോകുന്നതാണ് വീറ്റസിന്റെ മിമിക്രി. നീട്ടിയും കുറുക്കിയുമാണ് കിളികളുടെ ശബ്ദത്തിൽ വീറ്റസ് പാട്ടു പാടുന്നത്. അമ്മ ബഗീരയുടെ ശ്രദ്ധ ആകർഷിക്കാനുള്ള സൂത്രപ്പണിയാണിതെന്ന് മൃഗശാലാ ജീവനക്കാർ പറയുന്നു.

    Published by:Vishnupriya S
    First published: