ഈ വേനല്‍ക്കാലത്ത് പതിവിലും കൂടുതല്‍ ചൂടാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും എന്നതു പോലെ മധ്യപ്രദേശിലും (Madhya Pradesh) ഗുരുതരമായ ജലക്ഷാമം (water crisis) നേരിടുകയാണ്. ദിന്‍ഡോരി ജില്ലയിലെ ഘുസിയ ഗ്രാമനിവാസികൾക്കാണ് (ghusiya villagers) ഈ ദുരവസ്ഥ. ഗ്രാമീണര്‍ സ്വന്തം ജീവന് പോലും പണയപ്പെടുത്തി ഒരു വലിയ കിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്നതിന്റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
#WATCH | Madhya Pradesh: People in Dindori's Ghusiya village risk their lives to fetch water from an almost dry well pic.twitter.com/jcuyLmE5xL
— ANI MP/CG/Rajasthan (@ANI_MP_CG_RJ) June 2, 2022
ഗ്രാമത്തിലെ സ്ത്രീകള്‍ തലയില്‍ പാത്രങ്ങളുമായി ദീര്‍ഘദൂരം നടന്നുപോകുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇതിനേക്കാള്‍ ഭയാനകമായ കാഴ്ചയാണ് അടുത്തതായി കാണുന്നത്. യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെ ഓരോരുത്തരും കിണറ്റലിറങ്ങിയാണ് വെള്ളം മുക്കിയെടുക്കുന്നത്. താഴ്ചയുള്ള കിണറിന്റെ മധ്യത്തിലായുള്ള ഒരു കുഴിയില്‍ മാത്രമാണ് വെള്ളം അവശേഷിക്കുന്നത്. മറ്റുള്ളവര്‍ കിണറിനരികില്‍ നിന്ന് പാത്രങ്ങളില്‍ കയര്‍ കെട്ടി കിണറ്റിലേക്ക് ഇട്ടുകൊടുക്കുന്നുണ്ട്. പടവുകള്‍ ചവിട്ടിയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കിണറ്റിലേക്ക് ഇറങ്ങുന്നതും തിരിച്ച് കയറുന്നതും.
കിണര്‍ ഏറെകുറേ വറ്റിയ അവസ്ഥയിലുമാണ്. വളരെ കുറച്ച് വെള്ളം മാത്രമേ അതില്‍ അവശേഷിക്കുന്നുള്ളൂ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവിടെ ജലക്ഷാമം നേരിടുന്നുണ്ട്. ഈ അവസ്ഥയിൽ, ഈ വര്‍ഷത്തെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ഗ്രാമവാസികള്‍ തീരുമാനിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളുടെ ഗ്രാമത്തിലെ എല്ലാ വീടുകളിലും വാട്ടര്‍ കണക്ഷന് നല്‍കണമെന്നും അല്ലെങ്കില്‍ വോട്ട് ചെയ്യില്ലെന്നുമാണ് അവര്‍ പറയുന്നത്. ''ഞങ്ങള്‍ വളരെക്കാലമായി ജലക്ഷാമം നേരിടുന്നുണ്ട്. അധികാരികള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല,'' ഗ്രാമവാസിയായ കുസുമം എഎന്‍ഐയോട് പറഞ്ഞു. രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ ജീവനക്കാരും തിരഞ്ഞെടുപ്പ് സമയത്ത് മാത്രമേ ഗ്രാമത്തില്‍ വരാറുള്ളൂവെന്നും തങ്ങളുടെ പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും കുസുമം കൂട്ടിച്ചേര്‍ത്തു. ''രാത്രിയായാലും പകലായാലും കിണറ്റില്‍ ഇറങ്ങി വെള്ളം ശേഖരിക്കണം. കിണറുകളും വറ്റിത്തുടങ്ങിയെന്നും ഹാന്‍ഡ് പമ്പുകളിലും വെള്ളമില്ലെന്നും'', ഗ്രാമവാസിയായ റുദിയ ഭായി പറഞ്ഞു.
മധ്യപ്രദേശിലെ, ബര്‍വാനി ജില്ലയിലെ പതി ഏരിയയിലെ ലൈസാപി ഗ്രാമത്തിലെ നിവാസികളും ഇതേ പ്രശ്നം നേരിടുന്നുണ്ട്. ഇതു മൂലം ഗ്രാമത്തിലെ യുവാക്കളുടെ വിവാഹം നടക്കുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. അടുത്തിടെ, വിവാഹം കഴിഞ്ഞ് ഗ്രാമത്തിലേക്ക് എത്തിയ സ്ത്രീകള്‍ ജലക്ഷാമം കാരണം വീടുവിട്ട് ഇറങ്ങിപോകുന്നത് പതിവാണെന്നും ഗ്രാമവാസികള്‍ പറയുന്നു.
'' എല്ലാ ദിവസവും പുലര്‍ച്ചെ 5 മണിക്ക് ഇറങ്ങി മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഒരു ഹാന്‍ഡ് പമ്പില്‍ നിന്നാണ് വെള്ളം കൊണ്ടുവരുന്നത്. പ്രദേശത്തെ മൂന്ന് ഹാന്‍ഡ് പമ്പുകളില്‍ ഇപ്പോള്‍ വെള്ളമില്ല, അതിനാല്‍, മലയോര റോഡുകളിലൂടെയുള്ള യാത്ര വളരെ ദുഷ്കരമാണ്,'' ഗ്രാമനിവാസിയായ ഗ്യാനി ഭായി പറഞ്ഞു. ദിവസവും തലയില്‍ വെള്ളം ചുമന്ന് കൊണ്ട് പോകുന്നതുകൊണ്ട് തലവേദന വിട്ടുമാറുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Madhya Pradesh, Water scarcity