വിനൈൽ റെക്കോർഡുകളുടെ കാലം കഴിഞ്ഞു.സിഡികൾ ആ സ്ഥാനം കയ്യടക്കിയതായാണ്നിങ്ങൾ കരുതുന്നതെങ്കിൽ അത് തെറ്റാണെന്നാണ്അമേരിക്കയിൽ നിന്ന് പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ നൽകുന്ന സൂചന. 1987 ന് ശേഷം ആദ്യമായി വിനൈൽ റെക്കോർഡുകൾ യുഎസിൽ കോംപാക്റ്റ് ഡിസ്കുകളെ (സിഡി) ക്കാൾ കൂടുതൽ വിറ്റഴിച്ചു എന്നാണ് വാൾ സ്ട്രീറ്റ് ജേണലിന്റെ (WSJ) ഈയിടെ പുറത്ത് വന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വിനൈൽ റെക്കോർഡുകൾ ഉൾപ്പെടെയുള്ളവ വീണ്ടും ട്രെൻഡിലേയ്ക്ക് മടങ്ങിയെത്തുന്നതായും സൂചനയുണ്ട്.
33 ദശലക്ഷം സിഡികളെ അപേക്ഷിച്ച് 2022 ൽ 41 ദശലക്ഷം വിനൈൽ റെക്കോർഡിലുള്ള ആൽബങ്ങളുടെ വില്പന നടന്നതായി റെക്കോർഡിംഗ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്ക (RIAA) പറയുന്നു. വിനൈൽ റെക്കോർഡുകളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം 17% ഉയർന്ന് 1.2 ബില്യൺ ഡോളറായി, തുടർച്ചയായ 16-ാം വർഷവും വളർച്ചയാണ് രേഖപ്പെടുത്തിയത്. നേരെമറിച്ച് സിഡി വില്പനയുടെ വരുമാനം കഴിഞ്ഞ വർഷം 18% കുറഞ്ഞ് 483 ദശലക്ഷം ഡോളറായി.
വിനൈൽ റെക്കോർഡുകൾ മുഖ്യധാരാ സംഗീതത്തിലൂടെ ജനപ്രീതി വർധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, അടുത്തിടെ പുറത്തിറങ്ങിയ ഗോഡ് ഓഫ് റാഗ്നറോക്ക് പോലെയുള്ള ജനപ്രിയ വീഡിയോ ഗെയിമുകളിലും സാന്നിധ്യമറിയിച്ചു. ഗെയിമിന്റെ കളക്‌ടേഴ്‌സ് എഡിഷനും ജോറ്റ്‌നാർ എഡിഷനും ഒരു നിയോൺ ഗ്രീൻ വിനൈൽ റെക്കോർഡ് സഹിതമാണ് ഉപഭോക്താക്കൾക്ക് അയച്ചത്.
ആൽബങ്ങളുടെയും സിംഗിൾ-ട്രാക്ക് ഡൗൺലോഡുകളുടെയും വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. “സംഗീതരംഗത്ത് സ്ട്രീമിംഗ് വന്നിട്ട് പത്ത് വർഷത്തിലേറെയായി, എന്നിട്ടും 2022 വളർച്ചയ്ക്ക് മേൽ വളർച്ച ഉണ്ടാക്കിയ അതിശയകരമായ വർഷമായിരുന്നുവെന്ന്” RIAA സിഇഒ മിച്ച് ഗ്ലേസിയർ പറഞ്ഞു.
ഈ പ്രവണത തുടരുകയും ഫിസിക്കൽ മീഡിയ തിരിച്ചുവരവ് നടത്തുകയും ചെയ്യുമോ, അതോ മിക്ക ട്രെൻഡുകളെയും പോലെ ഇതും തുടക്കത്തിലെ ആവേശം ഒതുങ്ങുമ്പോൾ താഴേക്ക് പോകുമോ എന്നതാണ് സംഗീത വിപണി ഉറ്റുനോക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.