• HOME
  • »
  • NEWS
  • »
  • buzz
  • »
  • Ganesh Chaturthi | ആരതി ഉഴിഞ്ഞും നൃത്തം ചെയ്തും കുടുംബത്തോടൊപ്പം ഗണേശ ചതുർഥി ആഘോഷിച്ച് സൽമാൻ ഖാൻ; വീഡിയോ കാണാം

Ganesh Chaturthi | ആരതി ഉഴിഞ്ഞും നൃത്തം ചെയ്തും കുടുംബത്തോടൊപ്പം ഗണേശ ചതുർഥി ആഘോഷിച്ച് സൽമാൻ ഖാൻ; വീഡിയോ കാണാം

ഗണേശ ചതുർഥിയുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും സൽമാൻ പങ്കെടുത്തു. ഗണേശ ആരതി നടത്തുന്നതിൻെറ വീഡിയോ താരം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

  • Last Updated :
  • Share this:
    രാജ്യമെങ്ങും ഗണേശ ചതുർഥി (Ganesh Chaturthi) വലിയ ആഘോഷങ്ങളോടെ കൊണ്ടാടപ്പെടുകയാണ്. എല്ലാ വർഷത്തെയും പോലെ സെലബ്രിറ്റികളും ആഘോഷത്തിൻെറ ഭാഗമാവുന്നുണ്ട്. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ (Salman Khan) തൻെറ സഹോദരിയുടെ വീട്ടിൽ ഗണേശ ചതുർഥി ആഘോഷങ്ങളിൽ പങ്കാളിയായി. സഹോദരി അർപിത ഖാൻ ശർമയുടെ വീട്ടിൽ നിന്നാണ് സൽമാൻ ഗണേശ ചതുർഥി ആഘോഷിച്ചത്. താരത്തിൻെറ കുടുംബം മുഴുവൻ ഇവിടെയെത്തിയിരുന്നു. മറ്റൊരു സഹോദരിയായ അൽവിര അഗ്നിഹോത്രിയും ആഘോഷങ്ങളുടെ ഭാഗമാകാൻ സഹോദരിയുടെ വീട്ടിലേക്ക് എത്തിയിരുന്നു.

    ഗണേശ ചതുർഥിയുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും സൽമാൻ പങ്കെടുത്തു. ഗണേശ ആരതി നടത്തുന്നതിൻെറ വീഡിയോ താരം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അർപിതയുടെ വീട്ടിൽ നിന്നുള്ള ഈ വീഡിയോയിൽ സൽമാൻെറ അമ്മയെയും കാണാം. സൽമാൻ ആരതി ഉഴിയുമ്പോൾ അമ്മയടക്കമുള്ള കുടുംബാംഗങ്ങളെല്ലാം ഭക്തിനിർഭരമായി ഇരിക്കുന്നത് വീഡിയോയിൽ കാണാം. അർപിതയുടെ ഭർത്താവ് ആയുഷ് ശർമയും ചടങ്ങിൽ പങ്കെടുത്തു. “ഗണപതി ബപ്പാ മോറിയാ” എന്ന ക്യാപ്ഷനുമായാണ് സൽമാൻ ഖാൻ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.




    ഗണേശ ചതുർഥി ആഘോഷത്തിൽ പങ്കെടുത്ത സൽമാൻ വെള്ള ഷർട്ടും നീല ജീൻസുമാണ് ധരിച്ചിരുന്നത്. ലാളിത്യമുള്ള വസ്ത്രത്തിലെത്തിയ താരം എല്ലാ ചടങ്ങുകളിലും വളരെ ആവേശത്തോടെയാണ് പങ്കെടുത്തത്. സൽമാന് പുറമെ ബോളിവുഡിലെ മറ്റ് സെലബ്രിറ്റികളും വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായിട്ടുണ്ട്.

    അർപിതയുടെ വീട്ടിൽ വെച്ച് നടന്ന പൂജയിലും ചടങ്ങുകളിലും പങ്കെടുക്കാനായി ബോളിവുഡിലെ മറ്റ് താരങ്ങളും എത്തിയിരുന്നു. നടി കത്രീന കൈഫും നടനും ഭർത്താവുമായ വിക്കി കൗശലും ചടങ്ങിൽ പങ്കെടുത്തു. ഗണപതി ആരതിയിൽ പങ്കെടുക്കാനായി നടൻ റിതേഷ് ദേശ്മുഖും എത്തിയിരുന്നു. സൽമാനോടും കുടുംബത്തോടും വലിയ അടുപ്പം സൂക്ഷിക്കുന്നവരാണ് ഇവരെല്ലാവരും.

    നിരവധി സിനിമകളുടെ തിരക്കിനിടയിലാണ് സൽമാൻ ഖാൻ. പുതിയ ചിത്രങ്ങൾ പലതും പണിപ്പുരയിലാണ്. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ടൈഗർ-3 ആണ് സൽമാൻെറ പുതുതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രം. കത്രീന കൈഫാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഷാരൂഖ് ഖാൻ ചിത്രത്തിൽ അതിഥി റോളിൽ എത്തുന്നുണ്ടെന്നതും വലിയ പ്രത്യേകതയാണ്. അടുത്ത വർഷം ഏപ്രിലിൽ ടൈഗർ 3 തീയറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

    ഈ സിനിമയെ കൂടാതെ ‘കിസി കാ ബായ് കിസി കി ജാൻ’ എന്ന സൽമാൻ ചിത്രത്തിൻെറ ചിത്രീകരണവും പുരോഗമിക്കുകയാണ്. കഭി ഈദ് കഭി ദീവാലി എന്നായിരുന്നു ഈ ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. പിന്നീട് അണിയറ പ്രവർത്തകർ പേര് മാറ്റുകയാണ് ചെയ്തത്. ഫർഹാദ് സാംജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്‌ഡെ, ഷെഹ്‌നാസ് ഗിൽ, ജാസി ഗിൽ, സിദ്ധാർത്ഥ് നിഗം ​​എന്നിവരും ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. താരത്തിൻെറ നോ എൻട്രി 2 എന്ന ചിത്രം ഈ വർഷം അവസാനത്തോടെ തീയേറ്ററുകളിൽ എത്താൻ സാധ്യതയുണ്ട്. ചിരഞ്ജീവിയുടെ ഗോഡ്ഫാദറിലും സൽമാൻ ഒരു പ്രത്യേക വേഷത്തിൽ എത്തുന്നുണ്ട്.
    Published by:Amal Surendran
    First published: