• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | ആഴ്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അവർ കണ്ടുമുട്ടി; അരയന്നങ്ങളുടെ സ്നേഹപ്രകടനം വൈറൽ

Viral | ആഴ്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അവർ കണ്ടുമുട്ടി; അരയന്നങ്ങളുടെ സ്നേഹപ്രകടനം വൈറൽ

വേർപിരിയലിന് ശേഷം കണ്ടുമുട്ടിയ അരയന്നങ്ങളുടെ സ്നേഹ പ്രകടനങ്ങളാണ് ആരുടേയും കരളലിയിപ്പിക്കുന്നതാണ്

  • Last Updated :
  • Share this:
    അരയന്നങ്ങള്‍ എന്നും മനോഹരമായ കാഴ്ചയാണ്. ആഴ്ചകളോളം വേര്‍പിരിഞ്ഞിരുന്ന ശേഷം കണ്ടുമുട്ടിയ രണ്ട് അരയന്നങ്ങളുടെ (swans) ഹൃദയസ്പര്‍ശിയായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പരിക്കേറ്റതിനെ തുടര്‍ന്ന് (injury) ഒരു അരയന്നത്തെ ചികിത്സയ്ക്കായി കൊണ്ടുപോയിരിക്കുകയായിരുന്നു. സുഖം പ്രാപിച്ചതിനു ശേഷം ഒരാള്‍ അരയന്നത്തെ വെള്ളത്തിലേക്ക് വിടുന്നത് വീഡിയോയില്‍ കാണാം. ആഴ്ചകള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയ ഇരുവരും പരസ്പരം കൊക്കുരുമ്മി സ്നേഹം പ്രകടിപ്പിക്കുന്നതും ഒരുമിച്ച് തടാകത്തിൽ നീന്തുന്നതും മനോഹരമായ കാഴ്ചയാണ്.



    Buitengebieden എന്ന ട്വിറ്റര്‍ പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ''ആഴ്ചകളോളം നീണ്ട ഇടവേളയ്ക്ക് ശേഷം അരയന്നങ്ങള്‍ വീണ്ടും ഒന്നിക്കുന്നു'' എന്നായിരുന്നു ട്വീറ്റ്. ഒരു വെളുത്ത സഞ്ചിയില്‍ നിന്ന് ഒരാള്‍ അരയന്നത്തെ പുറത്തേക്ക് എടുക്കുന്നതും മറ്റേ അരയന്നം കുളത്തില്‍ തന്റെ പങ്കാളിക്കായി കാത്തിരിക്കുന്നതുമാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. പുറത്തിറക്കിയ ഉടന്‍ തന്നെ അരയന്നം പങ്കാളിയുടെ അടുത്തേക്ക് ആവേശത്തോടെ നീന്തുന്നുണ്ട്. അവരുടെ മനോഹരമായ സ്നേഹ പ്രകടനം ആരുടെയും കരളലിയിപ്പിക്കുന്നതാണ്.

    നിരവധി ഉപയോക്താക്കളാണ് ഈ ഹൃദയസ്പര്‍ശിയായ വീഡിയോ പങ്കുവെച്ചത്. ഇതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. '' അരയന്നത്തിന് എന്തെങ്കിലും പരിക്കേറ്റിട്ടുണ്ടാകുമെന്നും അതിനാല്‍ ചികിത്സയ്ക്ക് കൊണ്ടുപോയതാകാമെന്നും'' ഒരു ഉപയോക്താവ് പറഞ്ഞു.

    ''ഭൂമിയിലെ എല്ലാ ജീവികള്‍ക്കിടയിലും സ്‌നേഹം നിലനില്‍ക്കുന്നുണ്ട്. അത് നമ്മുടെ ഉള്ളില്‍ലും വളര്‍ത്തണം. സ്‌നേഹം എല്ലായിടത്തും ബഹുമാനിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ്,'' മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. '' ഇത് വളരെ മനോഹരമായ കാഴ്ചയാണ്'' മറ്റൊരാള്‍ കുറിച്ചു.

    മനുഷ്യരെപ്പോലെ, അരയന്നങ്ങളും സമാനമായ രീതിയില്‍ പങ്കാളികളെ തിരഞ്ഞെടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. അവയില്‍ മിക്കതും ജീവിതകാലം മുഴുവന്‍ ഒരുമിച്ചാണ് താമസിക്കുന്നത്. ഒരു പങ്കാളി മരിക്കുമ്പോള്‍, അവര്‍ മറ്റൊരാളെ കണ്ടെത്തുകയും ചെയ്യും.

    മറ്റൊരു ആണ്‍സിംഹം തന്റെ ഇണയായ പെണ്‍ സിംഹത്തിന്റെ അടുത്തേക്ക് വരുന്നത് കണ്ട് ആക്രമിക്കുന്ന പങ്കാളിയുടെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു. 'Theglobalanimalsworld' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോയില്‍ ഒരു സിംഹം മറ്റൊരു പെണ്‍സിംഹവുമായി കാട്ടില്‍ നടക്കുന്നതായാണ് കാണിക്കുന്നത്. എന്നാൽ മറ്റൊരു ആൺ സിംഹം അവളെ സമീപിക്കുമ്പോള്‍, സിംഹം വളരെ വേഗത്തിൽ അക്രമാസക്തനായി മറ്റേ സിംഹത്തിന്റെ അടുത്തേക്ക് വരുന്നുണ്ട്. എതിരെ വന്ന സിംഹം ഉടന്‍ തന്നെ പെണ്‍സിംഹത്തിന്റെ ഒപ്പം നടന്നു വന്ന സിംഹത്തെ അടിച്ചു വീഴ്ത്തുകയാണ്.

    രണ്ട് ആണ്‍സിംഹങ്ങളും തമ്മില്‍ കടുത്ത പോരാട്ടത്തില്‍ ഏര്‍പ്പെടുന്നതാണ് പിന്നീട് കാണുന്നത്. പൊരിഞ്ഞ യുദ്ധമാണ് പിന്നീട് നടന്നത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. എന്തുവന്നാലും തന്റെ പെണ്ണിനെ വിട്ടുകൊടുക്കില്ല എന്ന മട്ടിലായിരുന്നു പോര്. പെണ്‍സിംഹങ്ങളെ സാധാരണയായി അവരുടെ കൂട്ടത്തിലെ പ്രായപൂര്‍ത്തിയായ ഒന്നോ രണ്ടോ ആണ്‍സിംഹങ്ങളുമായി ഇണചേരാന്‍ പരിമിതപ്പെടുത്താറുണ്ട്. അതിനാല്‍, ആണ്‍സിംഹങ്ങള്‍ മറ്റ് പുരുഷ സിംഹങ്ങളെ അവരുടെ അടുത്തേക്ക് പോകാന്‍ അനുവദിക്കാറില്ല.
    Published by:Amal Surendran
    First published: