HOME » NEWS » Buzz » VIRAT KOHLI AND ANUSHKA SHARMA MANAGE TO RAISE 3POINT6 CRORES FOR COVID RELIEF FUNDS IN 24HRS MM INT

'വിരുഷ്ക'യുടെ കോവിഡ് ധനസമാഹരണം; 24 മണിക്കൂറിനുള്ളിൽ സമാഹരിച്ചത് 3.6 കോടി രൂപ

ക്യാംപയിന് പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: May 9, 2021, 12:00 PM IST
'വിരുഷ്ക'യുടെ കോവിഡ് ധനസമാഹരണം; 24 മണിക്കൂറിനുള്ളിൽ സമാഹരിച്ചത് 3.6 കോടി രൂപ
വിരുഷ്ക
  • Share this:
രാജ്യത്ത് കോവിഡ് ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപയുടെ ധനസഹായം നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌ക ശര്‍മയും രംഗത്തെത്തിയിരുന്നു. ധനശേഖരണ പ്ലാറ്റ്‌ഫോം ആയ കെറ്റോ ഇന്ത്യ വഴി ഏഴ് കോടി രൂപ സമാഹരിക്കാനാണ് കോഹ്‌ലിയും അനുഷ്‌കയും ലക്ഷ്യമിട്ടിരുന്നത്.

ഈ വര്‍ഷത്തെ ഐ.പി.എല്‍. സീസണ്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് നിര്‍ത്തിവച്ചതിന്റെ തൊട്ട് പിന്നാലെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സംഭാവന ചെയ്ത് കോഹ്‌ലിയും അനുഷ്‌കയും രംഗത്തെത്തിയത്. റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ കൂടിയായ കോഹ്‌ലി ചൊവ്വാഴ്ചയാണ് ബയോ ബബിൾ വിട്ട് മുംബൈയിലേക്ക് മടങ്ങിയത്.

രണ്ട് കോടി രൂപ നല്‍കിക്കൊണ്ട് ഇരുവരും '#ഇന്‍ദിസ്ടുഗതര്‍' (#InThisTogether) എന്ന ഒരു ധനസമാഹരണ ക്യാംപയിനാണ് തുടക്കമിട്ടത്. എല്ലാവരും ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരുവരും വീഡിയോയും പുറത്ത് വിട്ടിരുന്നു. ക്യാംപയിന് പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.



അതേസമയം വിരാട് കോഹ്‌ലി അറിയിക്കുന്നത്‌ പ്രകാരം ഏഴ് കോടി രൂപ ലക്ഷ്യമിട്ടുള്ള ഫണ്ട് ശേഖരണം തുടങ്ങി 24 മണിക്കൂറിനുള്ളില്‍ 3.6 കോടി ലഭിച്ചിട്ടുണ്ട്. ഇക്കാര്യം കോഹ്‌ലിയും അനുഷ്‌കയും സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ഏഴ് കോടി രൂപയെന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാനും രാജ്യത്തെ സഹായിക്കാനും പോരാട്ടം നമുക്ക് തുടരാമെന്നും കോഹ്‌ലി ട്വിറ്ററിൽ കുറിച്ചു.

നേരത്തെ ഐ.പി.എൽ. കളിച്ച ചില താരങ്ങളും രാജസ്ഥാന്‍ റോയല്‍സ് അടക്കമുള്ള ഫ്രാഞ്ചൈസികളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സംഭാവന ചെയ്തിരുന്നു. ഏറെ അവശത അനുഭവിക്കുന്ന കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ അടക്കമുള്ള ചികിത്സാ സൗകര്യങ്ങള്‍ ഉടനടി എത്തിക്കാനാണ് ധനസമാഹരണത്തില്‍ കൂടി ലഭിക്കുന്ന തുക ചെലവഴിക്കുക എന്നാണ് കോഹ്‌ലി- അനുഷ്ക ദമ്പതികള്‍ വ്യക്തമാക്കുന്നത്.

ഫണ്ട്‌ ശേഖരണത്തിൽ നിന്നും ലഭിക്കുന്ന തുക ആക്ട് ഗ്രാന്റ്‌സിലേക്കാണ് നല്‍കുക. ഈ സംഘടനയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ വിതരണവും, ബോധവല്‍ക്കരണ ക്ലാസുകളും, ടെലിമെഡിസിന്‍ സൗകര്യങ്ങളും ഇപ്പോൾ നടക്കുന്നുണ്ട്. കോവിഡ് ഒന്നാം ഘട്ടത്തില്‍ ഇരുവരും ചേര്‍ന്ന് മൂന്ന് കോടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ പ്രതിദിനം നാലു ലക്ഷത്തിലേറെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

English summary: Virat and Anushka launched a campaign to raise funds for Covid 19 relief. Kohli revealed that the campaign had received a total of Rs 3.6 crore in donations in just 24 hours. The fundraiser comes at a time when the country registers more than 4 lakh new Covid cases per day
Published by: user_57
First published: May 9, 2021, 12:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories