• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'വാവ സുരേഷിന് നന്ദി' പറഞ്ഞ് കുപ്പിയിലെ അണലിയുടെ ചിത്രവുമായി വി കെ പ്രശാന്ത്; എംഎൽഎയിൽ നിന്ന് പ്രതീക്ഷിച്ചതല്ലെന്ന് വിമർശനം

'വാവ സുരേഷിന് നന്ദി' പറഞ്ഞ് കുപ്പിയിലെ അണലിയുടെ ചിത്രവുമായി വി കെ പ്രശാന്ത്; എംഎൽഎയിൽ നിന്ന് പ്രതീക്ഷിച്ചതല്ലെന്ന് വിമർശനം

വാവ സുരേഷിന് നന്ദി അറിയിച്ചാണ് എംഎൽഎ പോസ്റ്റിട്ടത്. എന്നാൽ എംഎൽഎ തന്നെ അശാസ്ത്രീയമായ സന്ദേശം പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന വിമർശനവുമായി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

News18 Malayalam

News18 Malayalam

 • Share this:
  തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിന്റെ 'പാമ്പ് പിടിത്ത' പോസ്റ്റും അതിനെതിരായ വിമർശനവുമാണ് സോഷ്യൽ മീഡിയയിൽ. വീട്ടിലെത്തിയ അണലിയെ വാവ സുരേഷിന്റെ സഹായി പിടിച്ചത് ചിത്രം സഹിതമാണ് വി കെ പ്രശാന്ത് പോസ്റ്റ് ചെയ്തത്. പിടികൂടിയ അണലിയെ കുപ്പിയിലാക്കിയ ചിത്രവും പങ്കുവെച്ചു. വാവ സുരേഷിന് നന്ദി അറിയിച്ചാണ് എംഎൽഎ പോസ്റ്റിട്ടത്. എന്നാൽ എംഎൽഎ തന്നെ അശാസ്ത്രീയമായ സന്ദേശം പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന വിമർശനവുമായി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. അതേസമയം വികെ പ്രശാന്തിന്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ടും ഒട്ടേറെപേർ രംഗത്ത് വന്നു.

  Also Read- Snakepedia| കേരളത്തിലെ പാമ്പുകൾ ഇനി വിരൽത്തുമ്പിൽ; സമഗ്രവിവരങ്ങളുമായി സ്നേക്പീഡിയ മൊബൈൽ ആപ്പ്

  വി കെ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- #വട്ടിയൂർക്കാവ് ''കാവ് ഫെസ്റ്റ്'' കഴിഞ്ഞ് ഇന്ന് വീട്ടിലെത്തിയപ്പോൾ മണി 11.10 .. വീട്ടിൽ കണ്ടതോ ഒരു കിടിലൻ അതിഥി ''അണലി ''പിന്നെ ഒന്നും നോക്കിയില്ല ഉടനടി തന്നെ വാവസുരേഷിനെ വിളിച്ചു ''ചേട്ടാ ഞാൻ പത്തനംതിട്ടയിലാണുള്ളത് '' ഉടനടി തന്നെ ഒരു ആളെ അയക്കാമെന്ന് സുരേഷ് .. 15 മിനിറ്റ് ആയില്ല ആളെത്തി , ആശാനെയും കുപ്പിയിലാക്കി ആള് സ്ഥലംവിട്ടു ..വാവസുരേഷിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

  ഡോ.ജിനേഷ് പി എസ് പോസ്റ്റിന് താഴെയിട്ട കമന്റ് ഇങ്ങനെ-

  ലക്ഷക്കണക്കിന് പേർ പിന്തുടരുന്ന താങ്കളെപ്പോലെ ഒരു ജനപ്രതിനിധി ഇത്തരത്തിലൊരു പോസ്റ്റ്‌ ഇട്ടു കണ്ടതിൽ നിരാശയുണ്ട്.
  മനുഷ്യർക്കും പാമ്പുകൾക്കും അപകടകരമായ രീതിയിൽ പാമ്പുകളെ പിടിക്കുന്നത് തടയാൻ വനംവകുപ്പ് നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതും ഈ ഭരണത്തിൽ തന്നെ തുടക്കമിട്ട നിരവധി നല്ല കാര്യങ്ങൾ. ഉപകരണങ്ങളുടെ സഹായത്തോടെ ശാസ്ത്രീയമായി പാമ്പുകളെ റെസ്ക്യൂ ചെയ്യാൻ പരിശീലനം കൊടുക്കുകയും അവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തിരുന്നു. അവരുടെ ജില്ലതിരിച്ചുള്ള ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ സർപ്പ എന്ന സർക്കാരിൻറെ തന്നെ മൊബൈൽ ആപ്പിൽ ലഭ്യമാണ്.

  Also Read- കാമുകിക്ക് പിറന്നാൾ സമ്മാനമായി 'ഒട്ടകം'; മോഷണക്കുറ്റത്തിന് കാമുകൻ അറസ്റ്റിൽ

  ഉപകരണങ്ങളുടെ സഹായത്തോടെ പാമ്പുകളെ തുണി സഞ്ചിയിൽ ആക്കി റസ്ക്യൂ ചെയ്യുന്ന വീഡിയോകൾ ഇപ്പോൾ സുലഭമാണ്. പാമ്പുകളെ കൈകൊണ്ട് പിടിച്ച് ഷോ കാണിക്കുന്നത് ഇപ്പോൾ കുറഞ്ഞു വരികയാണ്. പണ്ട് അങ്ങനെ ഷോ കാണിച്ചിരുന്ന പലരും ഇപ്പോൾ ഉപകരണങ്ങളുടെ സഹായത്തോടെ വലിയ തുണിസഞ്ചിയിൽ പാമ്പുകളെ റെസ്ക്യൂ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇതൊക്കെ സമൂഹത്തിലുണ്ടായ ചില പ്രതികരണങ്ങളുടെയും വനം വകുപ്പിന്റെ ഊർജിതമായ ശ്രമങ്ങളുടെയും ഫലമാണ്.
  അത്തരത്തിൽ ഒരു കാലത്ത് അശാസ്ത്രീയമായ ഒരു സന്ദേശം താങ്കളെപ്പോലെ ഒരാളിൽ നിന്നും പ്രതീക്ഷിച്ചില്ല. ഇവിടെ ഇങ്ങനെ പറയുന്നത് മറ്റൊന്നും കൊണ്ടല്ല. ലക്ഷക്കണക്കിന് പേർ താങ്കളെപ്പോലുള്ള യുവ നേതാക്കളെ ഉറ്റു നോക്കുന്നുണ്ട്.  മനോജ് വെള്ളനാട് - ''അശാസ്ത്രീയമായി പാമ്പുപിടിക്കുന്ന, ലൈസൻസില്ലാതെ ആ പണി ചെയ്യുന്നവർക്കെതിരെ നിയമനിർമ്മാണം നടത്തുന്ന ഇതേ സർക്കാരിന്റെ ഭാഗമായ താങ്കൾ ഇക്കാര്യത്തിൽ കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടതായിരുന്നു. തിരുവനന്തപുരത്ത് പരിശീലനം സിദ്ധിച്ച പാമ്പുപിടിത്തക്കാരുണ്ട്. അവരുടെ വിവരങ്ങൾ ഇപ്പോൾ എല്ലാവർക്കും ലഭ്യമാണ്. അതാണ് താങ്കൾക്കും പാമ്പിനും സുരക്ഷിതം. 300 വട്ടം കടിയേറ്റയാളെ വീണ്ടും അതേ കാര്യത്തിന് വിളിക്കുന്നത് മണ്ടത്തരം കൂടിയാണ്.''

  സിനേഷ് ചന്ദ്രൻ- വാവ സുരേഷിന് നന്ദി. ലൈസൻസ് ഇല്ലാത്തതിനാലാവാം അദ്ദേഹം പിന്മാറിയത്. പക്ഷേ തീർത്തും തെറ്റായ രീതിയിലുള്ള ഇത്തരം ഒരു റെസ്ക്യൂ MLA തന്നെ പ്രോത്സാഹിപ്പിച്ചത് ശരിയായില്ല. പാമ്പിനെ ഇതുപോലെ ഇടുങ്ങിയ കുപ്പികളിൽ ഞെരുക്കി കയറ്റുന്നത് ഗവർണമെന്റ് തന്നെ അടുത്തയിടെ ഇറക്കിയ മാർഗ്ഗ നിർദേശങ്ങൾക്ക് വിരുദ്ധമാണ്. ദയവായി വനം വകുപ്പ് ലൈസൻസ് നൽകിയിട്ടുള്ള ശാസ്ത്രീയ പാമ്പ് പിടുത്തക്കാരെ മാത്രം സമീപിക്കുന്നത് നന്നായിരിക്കും. സമൂഹത്തിൽ ഇതു സംബന്ധിച്ച തെറ്റായ അന്ധ വിശ്വാസങ്ങളും അശാസ്‌ത്രീയതകളും പ്രചരിപ്പിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം പ്രോത്സാഹനം കൊടുക്കുന്ന ഈ നടപടി നിരാശയുണ്ടാക്കുന്നു.
  Published by:Rajesh V
  First published: