ന്യൂസിലന്‍ഡിലെ വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വ്വത സ്ഫോടനത്തെ (white island volcano eruption) അതിജീവിച്ച സ്ത്രീയുടെ മുഖത്തെ ബാന്‍ഡേജ് (bandage) നീക്കം ചെയ്തു. 2019 ഡിസംബര്‍ 9നാണ് അഗ്നിപര്‍വ്വത സ്ഫോടനം നടന്നത്. ദുരന്തത്തില്‍ സ്റ്റിഫാനി കോറല്‍ ബ്രോവിറ്റ് (Stephanie Coral Browitt) എന്ന സ്ത്രീയുടെ ശരീരത്തിന്റെ 70 ശതമാനവും പൊള്ളലേറ്റിരുന്നു. അഗ്നിപര്‍വ്വതം സന്ദര്‍ശിച്ച 47 വിനോദസഞ്ചാരികളില്‍ ഒരാളായിരുന്നു കോറല്‍. സ്ഫോടനത്തില്‍ കോറലിന്റെ പിതാവും സഹോദരിയും ഉള്‍പ്പെടെ 22 പേര് മരിച്ചിരുന്നു. പൊള്ളലേറ്റ കോറലിനെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവരുടെ ശരീരത്തിലെ പുറംതൊലി പൊള്ളലേറ്റ് ഇല്ലാതായിരുന്നു. രണ്ടാഴ്ചയോളം കോറൽ കോമയിലുമായിരുന്നു.
അടുത്തിടെ '60 മിനിറ്റ് ഓസ്ട്രേലിയയ്ക്ക്' നല്കിയ അഭിമുഖത്തില്‍ കോറല്‍ തന്റെ മുഖം വെളുപ്പെടുത്തിയിരുന്നു. "അതിജീവനത്തിനായുള്ള പോരാട്ടം യഥാര്‍ത്ഥ്യമാണെന്ന് ഞാന്‍ മനസ്സിലാക്കി. എനിക്ക് അതിന് കഴിയുമെന്ന് കരുതിയിരുന്നില്ല," കോറല്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം പേജില്‍ തന്റെ ഇപ്പോഴത്തെ ചിത്രവും കോറല്‍ പങ്കുവെച്ചിട്ടുണ്ട്. 'അതിജീവനത്തിന് ശേഷമുള്ള എന്റെ ആദ്യത്തെ സെല്‍ഫി' എന്ന അടിക്കുറിപ്പോടെയാണ് കോറല്‍ ചിത്രം പങ്കുവെച്ചത്. "2 വര്‍ഷത്തിലേറെയായി ഞാന്‍ പോരാടുകയായിരുന്നു. നിങ്ങളുടെ പിന്തുണയ്ക്കും സ്നേഹത്തിനും വളരെയധികം നന്ദി. ഞാന്‍ ഈ നിലയില്‍ എത്താന്‍ എന്നെ സഹായിച്ച സമൂഹത്തോട് ഞാന്‍ നന്ദിയുള്ളവളായിരിക്കും. പിന്മാറുക എന്നത് ഒരിക്കലും ഒരു ഓപ്ഷനായിരുന്നില്ല," അവർ കുറിച്ചു.
ചിത്രത്തിന് 70,000ത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. നിരവധി പേര് കോറലിനെ അഭിനന്ദിച്ചും പ്രശംസിച്ചും രംഗത്തെത്തി. "നിങ്ങളുടെ മനഃശക്തിയുടെ തെളിവാണ് ഇത്" ഒരു ഉപയോക്താവ് എഴുതി. "നിങ്ങളൊരു റോക്ക് സ്റ്റാര്‍ ആണ്", മറ്റൊരാള്‍ എഴുതി. "സ്റ്റിഫാനി, എനിക്ക് വളരെയധികം സന്തോഷമുണ്ട്. തുടക്കം മുതല്‍ ഞാന്‍ നിങ്ങളെ പിന്തുടരുന്നുണ്ട്. ഞാനുള്‍പ്പെടെ പലര്‍ക്കും നിങ്ങള്‍ ഒരു പ്രചോദനമാണ്. നിങ്ങളുടെ പോരാട്ടം ജീവിതത്തില്‍ വിലമതിക്കുന്നതാണ്", മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
"ഞാനും സഹോദരിയും പിതാവും ദ്വീപില്‍ നില്‍ക്കുമ്പോഴാണ് അഗ്നിപര്‍വ്വതത്തിനു മുകളില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. അപ്പോള്‍ തന്നെ ടൂര്‍ ഗൈഡ് ഓടാന്‍ പറഞ്ഞുകൊണ്ട് നിലവിളിക്കുന്നതും ഞങ്ങള്‍ കേട്ടു", അഭിമുഖത്തിനിടെ കോറല്‍ പറഞ്ഞു. സ്ഫോടനത്തില്‍ കോറലിന്റെ വിരലുകള്‍ക്കെല്ലാം സാരമായ പരിക്കുകള്‍ ഉണ്ടായിരുന്നു. ചില വിരല്‍ തുമ്പുകള്‍ മുറിച്ചുമാറ്റേണ്ടി വന്നിട്ടുമുണ്ട്. ശരീരത്തിന്റെ വലതുഭാഗത്തായിരുന്നു കൂടുതലും പൊള്ളലേറ്റിരുന്നത്. അതിനാല്‍ ഇടതു കൈയ്ക്ക് വലിയ പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാല്‍, വലതു കൈ കൊണ്ട് ഭാരമുള്ള ഒരു സാധനങ്ങളും എടുക്കാന്‍ കഴിയില്ലായിരുന്നു.
ന്യൂസിലന്‍ഡിന്റെ വടക്കന്‍ തീരത്തു നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ദ്വീപില്‍ നൂറുകണക്കിനു വിനോദ സഞ്ചാരികള്‍ ഉള്ളപ്പോഴാണ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. ന്യൂസിലാന്‍ഡിലെ സജീവ അഗ്നിപര്‍വതങ്ങളുടെ പട്ടികയിലുള്ള വൈറ്റ് ഐലന്‍ഡിന്റെ 70 ശതമാനവും കടലിനടയിലാണ്. വക്കാരി ഐലന്‍ഡ് എന്ന പേരും ഇതിനുണ്ട്.
Summary: Volcano eruption survivor posted first selfie after two yearsഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.