HOME » NEWS » Buzz » VT BALRAM TALKS ABOUT PREJUDICED MINDS

താടിവച്ചവരെ തീവ്രവാദികളായും കഞ്ചാവു വിൽപ്പനക്കാരായുമൊക്കെ സംശയിക്കുന്ന മനോഘടന : മുൻവിധികൾക്കെതിരെ വി.ടി.ബല്‍റാം

മുടി നീട്ടിയതിന്റെയും തൊലി കറുത്തതിന്റേയും പേരിൽ ഏങ്ങണ്ടിയൂരിലെ വിനായകനടക്കമുള്ള ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോയി മൂന്നാം മുറക്ക് വിധേയരാക്കുന്ന പോലീസ് മുൻവിധികൾ ജനാധിപത്യ കേരളത്തിന് ഒട്ടും ഭൂഷണമല്ല.

News18 Malayalam | news18
Updated: October 16, 2019, 7:02 AM IST
താടിവച്ചവരെ തീവ്രവാദികളായും കഞ്ചാവു വിൽപ്പനക്കാരായുമൊക്കെ സംശയിക്കുന്ന മനോഘടന : മുൻവിധികൾക്കെതിരെ വി.ടി.ബല്‍റാം
V T Blaram
  • News18
  • Last Updated: October 16, 2019, 7:02 AM IST
  • Share this:
ആളുകളെ മു‌ൻവിധികളോടു കൂടി വിലയിരുത്തുന്ന രീതി ജനാധിപത്യ കേരളത്തിന് ഒട്ടും ഭൂഷണമല്ലെന്ന് വി.ടി.ബൽറാം എംഎൽഎ. നോർമൽ എന്താണ് അബ്നോർമൽ എന്താണ് എന്നതിനെക്കുറിച്ച് ഓരോരുത്തർക്കും ഉള്ള ധാരണകളാണ് മുന്‍വിധികളായി മാറുന്നത്. നമ്മളെന്താണോ അത് മാത്രം നോർമൽ, നമ്മിൽ നിന്ന് വ്യത്യസ്തരായവർ എല്ലാം അബ്നോർമൽ, ഇതാണ് പൊതുവിലുള്ള കാഴ്ചപ്പാട്. "നമ്മൾ" എന്നും "അവർ" എന്നുമുള്ള വേർതിരിവിനെ ശക്തിപ്പെടുത്തുന്നതും ഇത്തരംമുൻവിധികളാണെന്നും ബൽറാം പറയുന്നു.

Also Read-കാസർകോട്- മംഗലാപുരം ദേശീയപാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് വാതക ചോർച്ച; ഗതാഗതം നിരോധിച്ചു

കേരളത്തിലെ താടിക്കാരുടെ കൂട്ടായ്മയുടെ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത വിശേഷം പങ്കുവച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് മുന്‍‌വിധികളെ സംബന്ധിച്ച് ബൽറാമിന്റെ വിശദീകരണം. താടിവച്ചയാളെ കാണുന്ന മുറയ്ക്ക് അവരെ തീവ്രവാദികളായും കഞ്ചാവ് വിൽപ്പനക്കാരായും സംശയിക്കുന്ന മനോഘടനയാണ് പൊതുവിൽ പൊലീസ് സംവിധാനത്തിനുള്ളതെന്ന് വിമർശനവും പോസ്റ്റിൽ‌ എംഎൽഎ ഉന്നയിക്കുന്നുണ്ട്.

എഫ്ബി പോസ്റ്റിന്റെ പൂർണ്ണരൂപം :

കൗതുകകരമായ ഒരു പരിപാടിയിൽ ഇക്കഴിഞ്ഞ ദിവസം പങ്കെടുത്തു, താടിക്കാരുടെ സമ്മേളനം! Kerala Beard Society എന്ന സംഘടനയുടെ ജില്ലാ സമ്മേളനമായിരുന്നു പട്ടാമ്പിക്കടുത്ത് വച്ച്. ഏതാണ്ട് നൂറോളം താടിക്കാർ. ചിലരുടെയൊക്കെ താടിക്ക് രണ്ടടി വരെ നീളമുണ്ട്. മുടിയിലും താടിയിലും രസകരമായ പലതരം പരീക്ഷണങ്ങളാണവർ നടത്തിയിരിക്കുന്നത്.

നമ്മുടെ ചുറ്റിലുമുള്ള വൈവിധ്യങ്ങളെക്കുറിച്ചാണ് പരിപാടിക്കിടെ ഞാൻ ചിന്തിച്ചതും പ്രസംഗത്തിൽ സൂചിപ്പിച്ചതും. എന്താണ് "നോർമൽ" എന്താണ് "അബ്നോർമൽ" എന്നതിനേക്കുറിച്ച് ചില ധാരണകൾ നമ്മളോരോരുത്തർക്കുമുണ്ട്. ഈ ധാരണകൾ പലതും മുൻവിധികൾ കൂടിയായി മാറുന്നുണ്ട്. നമ്മളെന്താണോ അത് മാത്രം നോർമൽ, നമ്മിൽ നിന്ന് വ്യത്യസ്തരായവർ എല്ലാം അബ്നോർമൽ, ഇതാണ് പൊതുവിലുള്ള കാഴ്ചപ്പാട്. "നമ്മൾ" എന്നും "അവർ" എന്നുമുള്ള വേർതിരിവിനെ ശക്തിപ്പെടുത്തുന്നതും ഇത്തരം മുൻവിധികളാണ്. രൂപവും വസ്ത്രധാരണവും മാത്രമല്ല, ഭാഷയും സംസ്ക്കാരവും മതവും ജാതിയും തൊലി നിറവുമൊക്കെ ഇത്തരം നമ്മൾ/അവർ ദ്വന്ദ്വങ്ങളിലേക്ക് പലരുടേയും കാഴ്ചപ്പാടുകളെ നയിക്കുന്നുണ്ട്. ഇത്തരം അപരവൽക്കരണങ്ങളുടെ സാമൂഹികമായ ആകത്തുകയാണ് ഫാഷിസം.

പരിപാടിയിലെ താടിക്കാർ അങ്ങനെ വെറും ന്യൂജെൻ അടിച്ചുപൊളിക്കാർ മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുള്ള ഒരുകൂട്ടം ചെറുപ്പക്കാർ കൂടിയാണ്. ഇക്കഴിഞ്ഞ പ്രളയകാലത്ത് 'സ്നേഹനിലയം' എന്ന അശരണർക്കായുള്ള സ്ഥാപനത്തിന് വേണ്ട സഹായങ്ങളെത്തിച്ചത് ഇവരാണ്. ഇനിയും കുറേയേറെക്കാര്യങ്ങൾ ഈ സ്ഥാപനവുമായിച്ചേർന്ന് ചെയ്യാനുള്ള ഉദ്ദേശ്യവുമുണ്ടത്രേ.

പോലീസ് സർക്കിൾ ഇൻസ്പെക്ടറടക്കമുള്ള ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു എന്നത് സന്തോഷകരമായിത്തോന്നി. മേൽപ്പറഞ്ഞ പ്രെജുഡീസുകളുടെ തടവറയിൽക്കഴിയുന്നവരാണല്ലോ അവരിൽപ്പലരും. താടിവച്ച ഒരാളെ കാണുന്നമുറക്ക് അവരെ തീവ്രവാദികളായും കഞ്ചാവു വിൽപ്പനക്കാരായുമൊക്കെ സംശയിക്കുന്ന മനോഘടനയാണ് പൊതുവിൽ നമ്മുടെ പോലീസ് സംവിധാനത്തിന്റേത്. മുടി നീട്ടിയതിന്റെയും തൊലി കറുത്തതിന്റേയും പേരിൽ ഏങ്ങണ്ടിയൂരിലെ വിനായകനടക്കമുള്ള ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോയി മൂന്നാം മുറക്ക് വിധേയരാക്കുന്ന പോലീസ് മുൻവിധികൾ ജനാധിപത്യ കേരളത്തിന് ഒട്ടും ഭൂഷണമല്ല.

First published: October 16, 2019, 7:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories