വിവാഹങ്ങൾ (Wedding) ഒരിയ്ക്കലും നാം പ്ലാൻ ചെയ്യുന്നതു പോലെ തന്നെ നടക്കണമെന്നില്ല. ആന്ധ്രാപ്രദേശിലെ (Andhrapradesh) കോനസീമ ജില്ലയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ വിവാഹ ചടങ്ങുകളാണ് കനത്തെ മഴയെ (Rain) തുടര്‍ന്ന് അലങ്കോലമായത്. മഴയെ തുടര്‍ന്ന് പ്രദേശത്തെ റോഡുകളെല്ലാം വെള്ളത്തിനടിയിലായി. വിവാഹ ചടങ്ങുകള്‍ കൃത്യസമയത്ത് നടക്കുകയും വേണം. ഇതോടെ വധുവും (bride) കുടുംബവും ഒരു വള്ളത്തിലാണ് (boat) വരന്റെ വീട്ടിലേയ്ക്ക് തിരിച്ചത്. വിവാഹ വസ്ത്രമണിഞ്ഞ് വധുവും കുടുംബവും വള്ളത്തിൽ വരന്റെ വീട്ടിലേക്ക് പോകുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് (Viral). ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങളിൽ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം (flood) ആണ് വിവാഹം വെള്ളത്തിലാക്കിയത്.
വിവാഹ വേദിയിലേക്ക് വരുന്ന വധുവിന്റെ വ്യത്യസ്തമായ വീഡിയോകള്‍ മുമ്പും സോഷ്യല്‍ മീഡിയയില്‍ (Social Media) വൈറലായിരുന്നു. ഒരു ഓപ്പണ്‍ ജീപ്പിന്റെ ബോണറ്റിനു മുകളില്‍ ഇരുന്നുകൊണ്ടുള്ള വധുവിന്റെ വരവും ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ദില്ലി വാലാ ഗേള്‍ഫ്രണ്ട് എന്ന ഗാനത്തിനൊത്ത് നൃത്തം ചെയ്തുകൊണ്ടായിരുന്നു വധുവിന്റെ വരവ്.
മധ്യപ്രദേശിലെ ബേതുളിലെ ഒരു വിവാഹച്ചടങ്ങില്‍ വധു ട്രാക്ടറില്‍ എത്തിയതും രസകരമായ വാര്‍ത്തയായിരുന്നു. ഭാരതി ടാഗ്ഡെ എന്ന പെണ്‍കുട്ടിയാണ് തന്റെ വിവാഹത്തിന് ട്രാക്ടറിലെത്തി ഞെട്ടിച്ചത്. ഭാരതി ഓടിക്കുന്ന ട്രാക്ടറിന്റെ രണ്ട് വശങ്ങളിലായി അവളുടെ സഹോദരന്മാരും ഉണ്ടായിരുന്നു. ഗംഭീരമായി വിവാഹ വസ്ത്രവും ആഭരണങ്ങളുമൊക്കെ അണിഞ്ഞ് ഒരു കൂളിങ് ഗ്ലാസും ധരിച്ച് സിനിമാ സ്റ്റൈലിലായിരുന്നു വധുവിന്റെ എന്‍ട്രി. വിവാഹത്തിനെത്തിയവര്‍ക്കെല്ലാം ഇത് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു.
മധ്യപ്രദേശിലെ ബേതുള്‍ ജില്ലയിലെ ജാവ്റ ഗ്രാമത്തില്‍ മെയ് 26നാണ് വിവാഹം നടന്നത്. കാറിലും രഥത്തിലുമൊക്കെ വധൂവരന്മാര് വിവാഹവേദിയിലേക്ക് എത്തുന്നതും ഇപ്പോള്‍ ഓള്‍ഡ് ഫാഷനായിരിക്കുകയാണ്. തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വ്യത്യസ്തമായ രീതികള്‍ പരീക്ഷിക്കാനാണ് പെണ്‍കുട്ടികള്‍ ശ്രമിക്കുന്നത്.
കുതിരപ്പുറത്ത് കയറിയിരുന്ന് വിവാഹഘോഷയാത്രയെ നയിച്ചാണ് കഴിഞ്ഞ ഡിസംബറില്‍ ഒരു വധു വാര്‍ത്തകളില്‍ ഇടം പിടിച്ചത്. പഴഞ്ചന്‍ സമ്പദ്രായങ്ങളെ മാറ്റിമറിക്കുന്നതായിരുന്നു ഈ കുതിരപ്പുറത്തുള്ള വരവ്. സാധാരണ ഗതിയില്‍ വരന് വധുവിന്റെ വീട്ടിലേക്കാണ് വിവാഹത്തിനായി ഇത്തരത്തില്‍ ആഘോഷയാത്ര നടത്താറുള്ളത്. വരന്റെയും കൂട്ടരുടെയും യാത്ര കണ്ട് പരിചയിച്ചിട്ടുള്ളവര്‍ക്ക് വധുവിന്റെ യാത്ര പുതിയ അനുഭവമായി മാറിയിരുന്നു. അനുഷ്ക ഗുഹയെന്ന് വധുവാണ് മനോഹരമായ ലെഹങ്കയണിഞ്ഞ് ഗയയില്‍ നിന്ന് വരന്റെ വീട്ടിലേക്ക് കുതിരപ്പുറത്ത് യാത്ര തിരിച്ചത്. അനുഷ്കയുടെ സുഹൃത്തുക്കളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. വ്യത്യസ്തമായ ഈ വിവാഹ ഘോഷയാത്രയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എയര്‍ ഹോസ്റ്റസായി ജോലി ചെയ്യുന്ന അനുഷ്ക വലിയ മാതൃകയാണ് സൃഷ്ടിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Andhra Pradesh, Flood, Marriage