ഇഴജന്തുക്കളെ കെട്ടിപ്പിടിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാനാകുമോ? എന്നാൽ ഒരു മൃഗശാല ജീവനക്കാരി 8.5 അടി ഉയരമുള്ള മുതലയെ കെട്ടിപ്പിടിച്ച് കിടക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുന്നത്. യുവതിയുടെ ദേഹത്താണ് മുതല കിടക്കുന്നത്. യുവതി മുതലയെ വാത്സല്യത്തോടെ തലോടുന്നതും വീഡിയോയിൽ കാണാം.
ഡാർത്ത് ഗേറ്റർ എന്നാണ് ഈ മുതലുടെ പേര്. ജൂലിയറ്റ് ബ്രൂവർ എന്ന മൃഗശാല ജീവനക്കാരിയുടെ ദേഹത്താണ് 200 പൗണ്ട് ഭാരമുള്ള ഈ ഭീമൻ മുതല കിടക്കുന്നത്. വീഡിയോയ്ക്കിടെ ജൂലിയറ്റ് ഡാർത്തിനെ കാഴ്ചക്കാർക്ക് പരിചയപ്പെടുത്തുന്നുമുണ്ട്.
ജൂലിയറ്റ് ദേഹത്ത് നിന്ന് ഇഴഞ്ഞു നീങ്ങാൻ ശ്രമിക്കുമ്പോൾ നീ എങ്ങോട്ടാണ് പോകുന്നതെന്ന് ജൂലിയറ്റ് ചോദിക്കുന്നുണ്ട്. എന്നാൽ ഡാർത്ത് ദേഹത്ത് നിന്ന് മാറിയപ്പോഴാണ് അവൻ കിടന്ന സ്ഥലത്ത് നിലത്ത് മൂത്രമൊഴിച്ചിട്ടുണ്ട് എന്ന് ജൂലിയറ്റ് അറിയുന്നത്. ഇത് കണ്ട് ജൂലിയറ്റ് ഉറക്കെ ചിരിക്കുന്നതും വീഡിയോയിൽ കാണാം. കാലിഫോർണിയയിലാണ് ഈ മൃഗശാല സ്ഥിതി ചെയ്യുന്നത്. ഡാർത്ത് മൃഗശാലയുടെ സോഷ്യൽ മീഡിയ പേജുകളിലെ സ്ഥിരം സാന്നിധ്യമാണ്.
സോഷ്യൽ മീഡിയ പേജുകളിൽ വീഡിയോ തരംഗമായി മാറിയിരിക്കുകയാണ്. പലരും അത്ഭുതത്തോടെയാണ് വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. ഈ വീഡിയോ ചിലർ രസകരമായി കണ്ടപ്പോൾ മറ്റ് ചിലർ ആശങ്ക പ്രകടിപ്പിച്ചു. ഭീകരനായ മുതലയുടെ ജൂലിയറ്റ് യാതൊരു ഭയവുമില്ലാതെ ഇടപഴകുന്നത് കണ്ട് പലരും ഞെട്ടി. ഇത് കണ്ടിട്ട് തനിയ്ക്ക് “ഒന്നും മിണ്ടാൻ സാധിക്കുന്നില്ലെന്ന്” ഒരാൾ പ്രതികരിച്ചു.
വീഡിയോ കണ്ട് ആശ്ചര്യപ്പെട്ട മറ്റൊരു ഉപഭോക്താവ് ഇത് “മെരുക്കിയ മുതലയാണോ?“ എന്ന് ചോദിക്കുന്നുണ്ട്. മറ്റൊരു ഉപയോക്താവ് “ഇത് വീട്ടിൽ പരീക്ഷിക്കരുത് “ എന്ന് കമന്റ് രേഖപ്പെടുത്തി.
നാട്ടുകാരെ പരിഭ്രാന്തരാക്കി കർണാടകയിലെ ഗ്രാമത്തിൽ നടക്കാനിറങ്ങിയ മുതലയുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഉത്തര കർണാടകയിലെ കോകിലബന്ന ഗ്രാമത്തിലാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് മുതലയിറങ്ങിയത്.
തടാകത്തിൽ നീന്തുന്നതിനിടയിൽ അക്രമിക്കാൻ വന്ന മുതലയുടെ കൈയിൽ നിന്നും തന്റെ ഇരട്ട സഹോദരിയെ രക്ഷപ്പെടുത്തിയ ബ്രിട്ടീഷ് യുവതിയുടെ വാർത്തയും മുമ്പ് വാർത്തകളിൽ നിറഞ്ഞിരുന്നു. മെക്സിക്കോയിലെ മാനിയൽടെപെക് തടാകത്തിലായിരുന്നു സംഭവം. ഇരട്ട സഹോദരിമാരായ ജോർജിയയും മെലിസ ലോറിയും പർട്ടോ എസ്കോണ്ടിഡോയിലെ പ്രശസ്തമായ സർഫിംഗ് റിസോർട്ടിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള തടാകത്തിലാണ് നീന്താനെത്തിയത്. ഇതിനിടെ മെലിസ വെള്ളത്തിനടിയിൽ അപ്രത്യക്ഷമാവുകയായിരുന്നു. സഹോദരിയെ മുതല അക്രമിക്കുകയാണെന്ന് മനസിലാക്കിയ ജോർജിയ, മെലിസയെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചുവെങ്കിലും മുതല വീണ്ടും ആക്രമിക്കുകയായിരുന്നു. ഇതോടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ജോർജിയ മുതലയുടെ മുഖത്ത് ശക്തമായി ഇടിച്ചു. മുതലയുടെ മുഖത്ത് തുടരെ ഇടിച്ചാണ് ജോർജിയ സഹോദരിയെ രക്ഷപ്പെടുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.