കാലവർഷം (Monsoon) ശക്തി പ്രാപിച്ചതിനു പിന്നാലെ അതിശക്തമായ മഴയാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പെയ്യുന്നത്. എന്നാൽ തെലങ്കാനയിലെ (Telangana) ജഗ്തിയാൽ (Jagtial) സ്വദേശികൾ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും മറ്റൊരു തരം മഴക്കാണ് സാക്ഷ്യം വഹിച്ചത്. മുകളിൽ നിന്നും താഴേക്ക് പതിച്ചിരുന്നത് വെള്ളത്തുള്ളികളായിരുന്നില്ല, മീനുകളായിരുന്നു. ആലിപ്പഴം കണക്കെ മീൻ താഴേക്കു പതിക്കുന്നതു കണ്ട് പലരും അത്ഭുതപ്പെട്ടു. ചിലർ ഈ അപൂർവ കാഴ്ച പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചിട്ടുമുണ്ട്.
അപൂർവ കാലാവസ്ഥാ പ്രതിഭാസമാണ് ഇതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കടലില്‍ രൂപപ്പെടുന്ന വാട്ടര്‍സ്പൗട്ട് അഥവാ ജലസ്തംഭങ്ങളുടെ ഫലമായി ഉയര്‍ന്നു പൊങ്ങുന്ന മത്സ്യങ്ങള്‍ താഴേക്കു വീഴുന്ന, 'ആനിമൽ റെയിൻ' (Animal rain) എന്ന പ്രതിഭാസമാണിത്. തവളകൾ, ഞണ്ടുകൾ, തുടങ്ങിയ ചെറുജലജീവികളെല്ലാം ഇങ്ങനെ പെയ്യാറുണ്ട്.
വാർത്ത പരന്നതോടെ ജഗ്തിയാൽ സ്വദേശികൾ ഈ മീൻമഴയെ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയും ധാരാളം മത്സ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. മേൽക്കൂരകൾ, വയലുകൾ, തോട്ടങ്ങൾ എന്നിവിടങ്ങളിൽ നിന്നായി 50 കിലോയോളം മത്സ്യം നാട്ടുകാർക്ക് ലഭിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, മത്സ്യങ്ങളിൽ വിഷാംശമുണ്ടാകുമെന്നു ഭയന്ന് പലരും പിന്നീട് അവ കുഴികളിലേക്കും കുളങ്ങളിലേക്കുമെറിഞ്ഞു.
ഈ കാലാവസ്ഥാ പ്രതിഭാസം മൂലം, മത്സ്യങ്ങൾ പോലുള്ള കടൽ ജീവികൾ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്ന് ഉയര്‍ന്നു പൊങ്ങി, പിന്നീട് താഴേക്കു പതിക്കുന്നു. ഇത്തരം സംഭവങ്ങൾ അപൂർവമാണെങ്കിലും, ഇതാദ്യമായല്ല മീൻമഴ ഉണ്ടാകുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ, ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിലെ നിവാസികളും സമാനമായ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചിരുന്നു. അന്ന് ശക്തമായ കാറ്റിനും കനത്ത മഴയ്ക്കമൊപ്പമാണ് കടൽ ജീവികൾ താഴേക്കു പതിച്ചത്. ചൗരിയിലെ കണ്ടിയ ഗേറ്റ് പ്രദേശത്തിന് സമീപം ചെറുമത്സ്യങ്ങൾ മഴ പോലെ പെയ്തതും കാണികളിൽ കൗതുകമുണർത്തിയിരുന്നു.
അടുത്തിടെ സാന്‍ഫ്രാന്‍സിസ്കോയിലും സമാനമായ സംഭവം നടന്നിരുന്നു. പക്ഷികളാണ് ഇതിനു കാരണമായതെന്നാണ് കണ്ടെത്തിയത്. സാന്‍ഫ്രാന്‍സിസ്കോയിലെ കടലിടുക്കുകളില്‍ നത്തോലി മത്സ്യങ്ങൾ വളരെയധികം വര്‍ദ്ധിച്ചിരുന്നു. ഞാറക്കൊക്ക്, കടല്‍കാക്ക പോലുള്ള വലിയ പക്ഷികള്‍ അവയ്ക്ക് താങ്ങാവുന്നതിലുമധികം മത്സ്യങ്ങളെ വായ്ക്കുള്ളിലാക്കുകയും ചെയ്തിരുന്നു. ഈ പക്ഷികള്‍ പറക്കുന്ന സമയത്ത് വായില്‍ ശേഖരിച്ചു വെച്ചിരിക്കുന്ന മീനുകളെ താഴേയ്ക്കു കളഞ്ഞതാണ് സാന്‍ഫ്രാന്‍സിസ്കോയിൽ മീൻമഴയായി പെയ്തത്. ആകാശത്തു നിന്ന് മീന്‍ പെയ്യുന്നു എന്ന തരത്തില്‍ നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സാന്‍ഫ്രാന്‍സിസ്കോയിലെ പരിസ്ഥിതി വകുപ്പിലെ ലബോറട്ടറി അനലിസ്റ്റായ ജിം എര്വിന് നത്തോലി മീനുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവിന്റെ കാരണം വ്യക്തമാക്കിയിരുന്നു. ''ഏപ്രില്‍-മെയ് മാസങ്ങളില്‍ 29, 52 എന്ന കണക്കില്‍ ഉണ്ടായിരുന്ന മീനുകള്‍ ജൂണ്‍ മാസത്തില്‍ 2600 ആയിട്ടാണ് വര്‍ദ്ധിച്ചത്'', ജിം പറഞ്ഞു. സമുദ്രത്തിലെ വെള്ളത്തിലുണ്ടാകുന്ന 'അപ് വെല്ലിംഗ്' എന്ന പ്രതിഭാസമായിരിക്കാം വലിയ പ്രജനനത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. യുഎസിലെ ടെക്സാസിലും ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.