ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും ചെയ്യാൻ കൂടുതലും വലതു കൈ ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ വലതുകൈയ്ക്കു പകരം ഇടതുകൈ കൂടുതലായി ഉപയോഗിക്കുന്നവരും ഉണ്ട്. ഇതിനെല്ലാം പുറമേ, ഒരേ സമയം രണ്ടു കൈയും ഉപയോഗിച്ച് പല കാര്യങ്ങളും ചെയ്യാൻ സാധിക്കുന്നവരുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായിരിക്കുന്നത് (Viral).
ഡ്രോയിംഗ് ബോർഡിൽ പോലും നോക്കാതെ രണ്ടു കൈകൊണ്ടും ചിത്രം വരച്ചയാളുടെ വീഡിയോ ആണ് കയ്യടി നേടുന്നത്. ഹിന്ദുസ്ഥാൻ നൗ ഗ്ലോബൽ പ്രസ് (Hindustan Now Global Press) പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് തരംഗമായി.
watch the video here: Man Draws With Both Hands
ഒരു ക്ലാസ് മുറിയിൽ വെച്ചാണ് സംഭവം നടന്നത്. ഒരാൾ ബ്ലാക്ക് ബോർഡിന് മുൻപിലുള്ള കസേരയിൽ ഇരിക്കുന്നത് വീഡിയോ ആരംഭിക്കുമ്പോൾ കാണാം. ക്യാമറയ്ക്ക് അഭിമുഖമായാണ് അദ്ദേഹം ഇരുന്നത്. പിന്നീട് ഇയാൾ പിന്നിലേക്ക് തിരിയാതെ തന്നെ, രണ്ട് കൈകളും ബ്ലാക്ക്ബോർഡിലേക്ക് തിരിച്ച് ചിത്രം വരയ്ക്കുന്നതാണ് കാണുന്നത്. രണ്ടു കൈ കൊണ്ടും വരച്ച ചിത്രങ്ങൾ ഒരേ പോലെയാണ് എന്നുള്ളതാണ് കാണികളെ അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം.
46 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് ഇതിനോടകം 9 ലക്ഷം വ്യൂവും 2 ലക്ഷത്തിലധികം കമന്റുകളും ലഭിച്ചിട്ടുണ്ട്. പലരും ഇദ്ദേഹത്തിന്റെ കഴിവിനെ പ്രശംസിച്ച് രംഗത്തെത്തുമ്പോൾ അയാളുടെ മുൻപിൽ ഒരു കണ്ണാടി വെച്ചിട്ടുണ്ട് എന്ന തരത്തിലുള്ള നെഗറ്റീവ് കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. താഴെ ഒരു കണ്ണാടിയുണ്ട്, അതിൽ നോക്കിയാണ് ഇയാൾ ചിത്രം വരക്കുന്നതെന്നും എന്നാൽ കഴിവുള്ള ഒരു കാലാകാരൻ തന്നെയാണ് ഇദ്ദേഹമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
പെയിന്റിങ്ങ് ബ്രഷ് വായിൽ വെച്ച് ചിത്രം വരക്കുന്ന തെലങ്കാന സ്വദേശിയായ സ്വപ്നിക എന്ന പെൺകുട്ടിയുടെ വീഡിയോ മുൻപ് വൈറലായിരുന്നു. കൈപ്പത്തി ഇല്ലാത്ത സ്വപ്നിക, തെലുങ്ക് നടന്മാരുടെ ഛായാചിത്രങ്ങൾ വായ ഉപയോഗിച്ച് വരക്കുന്നത് വീഡിയോയിൽ കാണാം. ഐഎഎസ് ഉദ്യോഗസ്ഥയായ സ്മിത സബർവാളിന് സ്വപ്നിക ഒരു രേഖാചിത്രം സമ്മാനിച്ചിരുന്നു. ഗായകൻ മിക സിങ്ങിന്റെ ജന്മദിനത്തിൽ വരച്ച രേഖാചിത്രവും ശ്രദ്ധ നേടിയിരുന്നു.
ലൈസൻസ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ കൈ ഇല്ലാത്ത ഡ്രൈവറെ കുറിച്ചുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു. വിക്രം അഗ്നിഹോത്രി എന്നയാളെക്കുറിച്ചായിരുന്നു ട്വീറ്റ്. കുട്ടിയായിരുന്നപ്പോൾ സംഭവിച്ച ഒരു വൈദ്യുത അപകടത്തിലാണ് വിക്രത്തിന് ഇരു കൈകളും നഷ്ടമായത്. ഡ്രൈവിംഗ് മാത്രമല്ല, നീന്തൽ, സ്കേറ്റിങ്ങ് എന്നിവയെല്ലാം വിക്രം പഠിച്ചു. പക്ഷേ, ഇന്ത്യയുടെ മോട്ടോർ വെഹിക്കിൾ ആക്ടിൽ ഇരട്ട അംഗവൈകല്യമുള്ളവർക്ക് ലൈസൻസ് നൽകാനുള്ള വ്യവസ്ഥ ഉണ്ടായിരുന്നില്ല. എന്നാൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ അദ്ദേഹം അപ്പീൽ നൽകി. ആ നിശ്ചദാർഢ്യം കണ്ട് നിയമത്തിൽ പോലും മാറ്റം വരുത്തി. ഒരു സ്കൂളും വിക്രമിനെ ഡ്രൈവിങ്ങ് പഠിപ്പിക്കാൻ തയ്യാറായിരുന്നില്ല. യുട്യൂബ് വീഡിയോകൾ കണ്ടാണ് വിക്രം ഡ്രൈവിംഗ് പഠിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.