അൾട്രാ-സൈക്ലിങിൽ (ultra-cycling) ഗിന്നസ് റെക്കോഡ് (Guinness World Records) സ്വന്തമാക്കി പൂനെ (Pune) സ്വദേശിനിയായ പ്രീതി മസ്‌കെ (Preeti Maske). 55 മണിക്കൂറും 13 മിനിറ്റും കൊണ്ട് ലേയിൽ (Leh) നിന്ന് മണാലിയിലേക്ക് (Manali) ഒറ്റയ്ക്ക് അൾട്രാ സൈക്ലിങ്ങ് നടത്തിയ ആദ്യ വനിതയെന്ന റെക്കോർഡാണ് പ്രീതി സ്വന്തമാക്കിയത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് 45 കാരിയായ പ്രീതി. ജൂൺ 22ന് രാവിലെ 6 മണിക്കാണ് യാത്ര ആരംഭിച്ചത്. ലേയിലെ ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ ചീഫ് എഞ്ചിനീയർ ബ്രിഗേഡിയർ ഗൗരവ് കർക്കിയാണ് (Gaurav Karki) യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
ജൂൺ 24ന് ഉച്ചയ്ക്ക് 1:13 നാണ് പ്രീതി മണാലിയിലെത്തിയത്. ഉയർന്ന പ്രദേശങ്ങളിൽ വെച്ച് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രയ്ക്കിടെ രണ്ട് തവണ ഓക്സിജൻ ഉപയോഗിക്കേണ്ടി വന്നെന്ന് പ്രീതി പറഞ്ഞു. യാത്ര പൂർത്തിയാക്കാൻ 60 മണിക്കൂർ സമയമാണ് ഗിന്നസ് അധികൃതർ നൽകിയിരുന്നത്.
ഏറെ ദുർഘടമായ വഴികൾ താണ്ടിയാണ് പ്രീതി ലക്ഷ്യസ്ഥാനത്തെത്തിയത്. ചൂട്, ശക്തമായ കാറ്റ്, മഞ്ഞുവീഴ്ച, തണുപ്പ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളോട് പോരാടിയാണ് പ്രീതി ഈ നേട്ടം കൈവരിച്ചതെന്ന് ക്രൂ അംഗം ആനന്ദ് കൻസാൽ പറഞ്ഞു. ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ സഹായം കൂടാതെ ഇത് സാധ്യമാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''അഭിനന്ദനങ്ങൾ മിസ് പ്രീതി മസ്‌കെ. താങ്കളുടെ യാത്ര ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരിക്കുന്നു. ലേയിൽ നിന്ന് മണാലിയിലേക്ക് ഏകദേശം 430 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടിയെത്താൻ പ്രീതിക്ക് വേണ്ടി വന്നത് 55 മണിക്കൂറും 13 മിനിറ്റുമാണ്. ഓക്‌സിജന്റെ ലഭ്യത കുറവുള്ള, ഉയർന്ന ഭൂപ്രദേശങ്ങളിലൂടെയുള്ള അൾട്രാ സൈക്ലിംഗ് അവളുടെ ആത്മവിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും തെളിവാണ്", പ്രീതിയുടെ ഗിന്നസ് നേട്ടം ഔദ്യോഗികമായി അറിയിച്ചു കൊണ്ട് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ട്വീറ്റ് ചെയ്തു.
ട്വീറ്റിനു താഴെ പ്രീതിക്കുള്ള അഭിനന്ദന പ്രവാഹങ്ങൾ നിറയുകയാണ്. ''എന്തൊരു അതിശയകരമായ നേട്ടമാണിത്. ഉരുക്കു വനിത ശ്രീമതി പ്രീതിക്ക് അഭിനന്ദനങ്ങൾ'', എന്നാണ് ഒരാൾ കുറിച്ചത്. ''55 മണിക്കൂറും 13 മിനിറ്റും കൊണ്ട് ഏകദേശം 430 കിലോമീറ്റർ ലേയിൽ നിന്ന് മണാലിയിലേക്ക് സൈക്കിൾ ചവിട്ടി ഗിന്നസ് റെക്കോർഡ് നേടിയ ശ്രീമതി പ്രീതി മസ്‌കെയ്ക്ക് അഭിനന്ദനങ്ങൾ. ഉയർന്ന പ്രദേശങ്ങളിൽ ഓക്‌സിജൻ കുറവായിരുന്നിട്ടു പോലും അവർ ഈ സുപ്രധാന നേട്ടം സ്വന്തമാക്കി. അവരുടെ നിശ്ചയദാർഢ്യവും അചഞ്ചലമായ ധൈര്യവുംഎല്ലാവർക്കും പ്രചോദനമാണ്'', എന്നാണ് മറ്റൊരാളുടെ കമന്റ്.
എന്നാൽ സൈക്ലിങ്ങിൽ പ്രീതിയുടെ ആദ്യ റെക്കോർഡല്ല ഇത്. ദീർഘദൂര സൈക്ലിങ്ങിൽ നിരവധി റെക്കോർഡുകൾ പ്രീതി സ്വന്തമാക്കിയിട്ടുണ്ട്. നമ്മുടെ സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കുന്നതിന് പ്രായം ഒരു തടസമേയല്ലെന്ന് പ്രീതി പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bicycle, Guinness world record, Pune