അഫ്ഗാനിസ്ഥാനിൽ നിന്ന് അഫ്ഗാനികളെയും വിദേശ പൗരന്മാരെയും ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരവെ കാബൂൾ വിമാനത്താവളത്തിലെ പ്രതിസന്ധികൾ അനിശ്ചിതാവസ്ഥയിൽ തുടരുകയാണ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിനെ തുടർന്ന് കാബൂൾ വിമാനത്താവളത്തിലൂടെയുള്ള ജനക്കൂട്ടത്തിന്റെ പലായനത്തിന്റെ നിരവധി ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടിരുന്നു.
നിരവധി പേർ മരണമെടഞ്ഞ സാഹചര്യത്തിൽ വിമാനത്താവളത്തിലെ സ്ഥിതിഗതികൾ അനിശ്ചിതാവസ്ഥയിൽ തുടരുകയാണെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചിരുന്നു. കാബൂൾ വിമാനത്താവളത്തിൽ അമിതമായ വിലയ്ക്കാണ് ഭക്ഷണവും വെള്ളവും വിൽക്കുന്നതെന്ന് ഒരു അഫ്ഗാൻ പൗരനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയ്‌റ്റേഴ്‌സ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഒരു കുപ്പി വെള്ളം ഏകദേശം 3000 ഇന്ത്യൻ രൂപയ്ക്കും ഒരു പ്ലേറ്റ് ചോറ് 7500 രൂപയ്ക്കുമാണ് വിമാനത്താവളത്തിൽ വിൽക്കുന്നതെന്നും യു എസ് ഡോളർ നൽകിയാൽ മാത്രമേ ഇത് വാങ്ങാൻ കഴിയുന്നുള്ളൂ എന്നും ഫസൽ ഉർ റഹ്മാൻ എന്ന അഫ്ഗാൻ പൗരൻ പറഞ്ഞതായി റോയ്‌റ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
റോയ്‌റ്റേഴ്‌സ് ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയിൽ വിമാനത്താവളത്തിലെ ആൾത്തിരക്ക് മൂലം സ്ത്രീകളും കുട്ടികളും ദയനീയമായ അവസ്ഥയിലാണ് കഴിയുന്നതെന്ന് മറ്റൊരു വ്യക്തിയും പറയുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക ജനങ്ങളെ ഒഴിപ്പിക്കുന്നുണ്ട് എന്ന് കേട്ടതിനെ തുടർന്ന് വിദേശത്തേക്ക് പോകാനാണ് താൻ വിമാനത്താവളത്തിലേക്ക് എത്തിയതെന്ന് മൂന്നാമതൊരാൾ പറയുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്ന് ഇനിയും 1500-ൽപ്പരം അമേരിക്കൻ പൗരന്മാരെ ഒഴിപ്പിക്കാനുണ്ടെന്നും യു എസ് സൈന്യം ഓഗസ്റ്റ് 31-ന് പൂർണമായി പിൻവാങ്ങിയതിന് ശേഷവും ആളുകളെ ഒഴിപ്പിക്കാൻ അനുവദിക്കുമെന്ന് താലിബാൻ ഉറപ്പു നൽകിയിട്ടുണ്ടെന്നും യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ബുധനാഴ്ച അറിയിച്ചു. ആകെ 6,000 അമേരിക്കൻ പൗരന്മാരിൽ 4,500 പേരെ ഇതിനകം അഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാൻ വിടാൻ ആഗ്രഹിക്കുന്ന മറ്റ് 500 അമേരിക്കൻ പൗരന്മാരുമായി അധികൃതർ നേരിട്ട് ബന്ധപ്പെടുന്നതായും അവർക്ക് സുരക്ഷിതമായി വിമാനത്താവളത്തിലെത്താൻ വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകിയതായും ആന്റണി ബ്ലിങ്കൻ പറഞ്ഞു.
വ്യാഴാഴ്ച അവസാനത്തെ വിമാനത്തിന് ശേഷം അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യൻ വിമാനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. കാബൂളിലേക്കുള്ള പതിവുയാത്ര യാത്രികരുടെയും വിമാനത്തിലെ ജീവനക്കാരുടെയും ജീവന് ഭീഷണിയായേക്കാം എന്ന കാരണത്തെ മുൻനിർത്തിയാണ് ഈ തീരുമാനം.
ഇന്ത്യയെ ഇന്നും വേട്ടയാടുന്ന, 1999-ലെ കാണ്ഡഹാർ വിമാനറാഞ്ചൽ സംഭവത്തിന്റെ ഓർമയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് അറിയാൻ കഴിയുന്നു. "ഈ തീരുമാനം അന്തിമമല്ല. എന്നാൽ, വിമാനങ്ങൾക്ക് ഭീഷണിയുണ്ടാകാൻ സാധ്യതയുണ്ട്. അന്തിമ തീരുമാനം കൈക്കൊള്ളാൻ നമ്മൾ അന്താരാഷ്ട്ര സമൂഹത്തിന്റെ നീക്കങ്ങൾ കാത്തിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിൽ നിന്ന് ഉറപ്പ് ലഭിച്ചാൽ യാത്ര പുനഃരാരംഭിച്ചേക്കാം. എന്നാൽ, താലിബാനുമായി ബന്ധപ്പെട്ട് പാകിസ്ഥാന്റെ നീക്കങ്ങൾ എന്താകും എന്നതിനെ സംബന്ധിച്ച് നമുക്ക് ആത്മവിശ്വാസക്കുറവുണ്ട്", ഉന്നതതല വൃത്തങ്ങൾ ന്യൂസ് 18-നോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.