പ്രകൃതിയിലെ പല പ്രതിഭാസങ്ങളും നമ്മെ ആശ്ചര്യപ്പെടുത്തുന്നവയാണ്. ചിലതൊക്കെ കണ്ട് പലരും മൂക്കത്തു വിരൽ വെയ്ക്കാറുമുണ്ട്. അത്തരത്തിൽ കാഴ്ചക്കാരെയെല്ലാം അമ്പരപ്പിക്കുന്നൊരു മരമുണ്ട് അങ്ങ് യൂറോപ്പിൽ (Europe). യൂറോപ്യൻ രാജ്യമായ മോണ്ടിനീർഗോയിലാണ് (Montenegro) ഈ അത്ഭുത മരം. എന്താണ് ഈ മരത്തിന്റെ പ്രത്യേകത?
ടാപ്പ് തുറന്നു വെച്ചതുപൊലെയാണ് ഈ മരത്തിൽ നിന്നും വെള്ളം പുറത്തേക്കു വരുന്നത്. ഒരു മൾബറി (mulberry) മരത്തിൽ നിന്നാണ് ഈ അത്ഭുത കാഴ്ച. എന്നാൽ ഇതാദ്യമായല്ല ഇവിടുത്തെ മൾബറി മരങ്ങൾ ഇങ്ങനെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. എല്ലാ വർഷവും സംഭവിക്കാറുള്ള ഒരു പ്രതിഭാസമാണിത്.
മോണ്ടിനീർഗോയുടെ തല്സ്ഥാനമായ പോഡ്ഗോറിക്കയിലെ ദിനോസ എന്ന ഗ്രാമത്തിൽ നിന്നുള്ളതാണ് ഇപ്പോൾ വൈറലായിരിക്കുന്ന ഈ ദൃശ്യങ്ങൾ. എന്താണ് ഈ പ്രതിഭാസത്തിനു പിന്നിലെ ശാസ്ത്രീയ കാരണം? അതേക്കുറിച്ച് വിശദമായി അറിയാം.
പോഡ്ഗോറിക്കയിലെ ഈ ഗ്രാമത്തിൽ നിരവധി നീരുറവകളുണ്ട്. മഞ്ഞ് ഉരുകുമ്പോളോ കനത്ത മഴ ഉള്ള സമയങ്ങളിലോ ഈ അരുവികൾ കവിഞ്ഞൊഴുകുന്നു. ഈ മൾബറി മരങ്ങളുടെ ചുവട്ടിലാണ് നീരുറവകളിൽ ചിലത് ഉള്ളത്. അധിക മർദം ഉണ്ടാകുമ്പോൾ മരത്തിന്റെ അടിയിൽ നിന്ന് അതിന്റെ പൊള്ളകളിലേക്ക് വെള്ളം ഉയരുന്നു. മരത്തിന്റെ പൊള്ളകൾ നീരുറവകളിലെ ജലത്തിന്റെ അമിത ഒഴുക്ക് സന്തുലിതമാക്കുന്നതിനും സമ്മർദ്ദം ഒഴിവാക്കുന്നതിനുമുള്ള ഒരു മാർഗമായി പ്രവർത്തിക്കുന്നു. വർഷത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രം സംഭവിക്കുന്ന ഒരു അപൂർവ കാഴ്ചയാണിത്.
Also Read-
84 വർഷമായി ഒരേ കമ്പനിയിൽ ജോലി; ഇത് പോലൊരു ജീവനക്കാരൻ ലോകത്ത് വേറെയില്ല !
സമാനമായ പ്രതിഭാസങ്ങൾ മറ്റ് മരങ്ങളിലും കണ്ടിട്ടുണ്ട്. മുറിക്കുമ്പോൾ രക്തസ്രാവം പോലെ ഒരു മരത്തിൽ നിന്നും ചുവന്ന വെള്ളം ഒഴുകുന്നതിന്റെ വീഡിയോ മുൻപ് പുറത്തു വന്നിരുന്നു.
ഇംഗ്ലണ്ടിലെ സൗത്ത് യോർക്ക്ഷെയറിലെ ഷെഫീൽഡിൽ വീട്ടുമുറ്റത്ത് നിൽക്കുന്ന ഒരു മരം മുൻപ് സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. പാതി വെട്ടിമാറ്റിയ ഒരു മരത്തിന്റെ ചിത്രമായിരുന്നു അത്. 56 കാരനായ ഭരത് മിസ്ത്രിയുടെ വീട്ട് മുറ്റത്ത് 25 വർഷമായി നിന്നിരുന്ന മരത്തിന്റെ പകുതി ശാഖകളാണ് അയൽക്കാരൻ മുറിച്ച് മാറ്റിയത്. രണ്ട് കുടുംബങ്ങൾ തമ്മിൽ ഒരു വർഷത്തിലേറെയായി തർക്കം നിലനിന്നിരുന്നു. മരത്തിൽ ഇരുന്ന് പ്രാവുകൾ ഉണ്ടാക്കുന്ന ശബ്ദം അലോസരമാണെന്നും പ്രാവുകളുടെ കാഷ്ഠം ഉൾപ്പെടെയുള്ളവ തന്റെ മുറ്റത്തേയ്ക്ക് വീഴുന്നുവെന്നും അയൽക്കാരൻ പരാതിപ്പെട്ടിരുന്നു.
Also Read-
ജോലിയ്ക്കിടെ അൽപ്പം മയങ്ങാം; ജീവനക്കാർക്ക് ഉച്ചയുറക്കത്തിന് സമയം അനുവദിച്ച് കമ്പനി
മരം അയൽവാസിയുടെ സ്ഥലത്തേക്ക് ചാഞ്ഞ് വളരാൻ തുടങ്ങിയിരുന്നു. ആ ഭാഗമാണ് വെട്ടി മാറ്റിയത്. മരത്തിന്റെ പാതി വെട്ടിമാറ്റാൻ പോകുകയാണെന്ന് അയൽവാസി തന്നോട് പറഞ്ഞിരുന്നവെന്നും അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ടെങ്കിലും കേൾക്കാൻ കൂട്ടാക്കിയില്ലെന്നും മിസ്ട്രി പറഞ്ഞിരുന്നു. പക്ഷികളുടെ ഉപദ്രവം തടയാൻ മരത്തിൽ ഒരു വല ഇടാമോ എന്ന് അയൽവാസിയോട് ചോദിച്ചിരുന്നു, എന്നാൽ അവർ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറായിരുന്നില്ലെന്നും മിസ്ത്രി പറഞ്ഞു. പാതി വെട്ടിക്കളഞ്ഞ മരത്തിന്റെ ഫോട്ടോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.