കോഴിക്കോട്: 'അയ്മ്മൽ ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി അഷറഫ് ആന്റ് സുഹറാ', വിവാഹ വാർഷികത്തിന് (wedding anniversary)ബന്ധുവിന്റെ വകയുള്ള കേക്കിൽ എഴുതിയ ആശംസ വായിച്ച് അന്തംവിട്ടിരിക്കുകയായിരുന്നു കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ സുഹറ-അഷ്റഫ് ദമ്പതികൾ. വിവാഹ വാർഷികത്തിന് ബന്ധു നൽകിയ കേക്കിലാണ് 'അയ്മ്മൽ' എന്ന വാക്ക് കടന്നു വന്നത്.
അതെന്താണപ്പാ, ഈ 'അയ്മ്മൽ' എന്നായി പിന്നീട് ആലോചന. അഷ്റഫിന്റേയും സുഹറയുടേയും വിവാഹ വാർഷികത്തിന് ഫോണിലൂടെയാണ് ബന്ധു കേക്ക് ഓർഡർ ചെയ്തത്. 'അയ്മൽ' ആരാണെന്നറിയാൻ ബന്ധുവിനെ വിളിച്ചെങ്കിലും അവർക്കുമറിയില്ല. കേക്ക് തയ്യാറാക്കിയ ബേക്കറിയിൽ അന്വേഷിച്ചെങ്കിലും അവരും കൈ മലർത്തി.
Also Read-വിവാഹശേഷം തീകൊളുത്തി ദമ്പതികളുടെ ഫോട്ടോഷൂട്ട്! വീഡിയോ വൈറൽ
കേക്കിന് മുകളിൽ 'ഹാപ്പി ആനിവേഴ്സറി അഷ്റഫ് ആന്‍റ് സുഹറ' എന്നെഴുതാനായിരുന്നു ബന്ധു ബേക്കറിയിൽ വിളിച്ചു പറഞ്ഞത്. പിന്നെങ്ങനെ ഇങ്ങനൊരു വാക്കു കൂടി കയറി വന്നു എന്നു മാത്രം ആർക്കും പിടികിട്ടിയില്ല. ഇനി 'അയ്മൽ' എന്ന വാക്ക് ആശംസ പറയാൻ ഉണ്ടോ എന്നു വരെ ചിന്തിച്ചു. ഒരു എത്തുംപിടിയും കിട്ടാതായതോടെ ബന്ധുവിനെ വീണ്ടും വിളിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്.
ഓർഡർ ചെയ്യുമ്പോൾ കേക്കിന് മുകളിൽ' ഹാപ്പി ആനിവേഴ്സറി അഷ്റഫ് ആന്‍റ് സുഹറ' എന്ന് മുകളിൽ എഴുതാനായിരുന്നു ബന്ധു പറഞ്ഞിരുന്നത്. അതിന്മേൽ എന്ന വാക്കിന്റെ കോഴിക്കോട് ഭാഗത്തുള്ള നാടൻ മലയാളമാണ് 'അയ്മൽ', 'അയ്മമൽ' എന്നത്. ഓർഡർ എടുത്തയാൾ അയ്മലും കൂടി കൂടെ ചേർക്കുകയായിരുന്നു.
കുടുംബക്കാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ ബന്ധു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ കേക്കിന്റെ ചിത്രമടക്കം വൈറലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kuttyadi, Viral Photo