അഹമ്മദാബാദ്: മദ്യപിച്ച് വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തരുതെന്ന നിർദേശവുമായി വിവാഹ ക്ഷണക്കത്ത്. ഗുജറാത്തിലെ ഒരു കുടുംബമാണ് ഇക്കാര്യം ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ മകളുടെ വിവാഹത്തിന് മദ്യപിച്ച് ആരും എത്തരുതെന്നായിരുന്നു കുടുംബത്തിന്റെ അഭ്യർത്ഥന.
ഗുജറാത്തിലെ രാജ്‌കോട്ടിൽ ഹാഡ്‌ല ഗ്രാമത്തിലെ മാന്‍സുഖ് സീതാപര എന്നയാളാണ് ഈ വിചിത്ര നിർദേശവുമായി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം. കല്‍പേഷ് എന്ന യുവാവിനെയാണ് ഇദ്ദേഹത്തിന്റെ മകളായ പ്രിയ വിവാഹം ചെയ്തത്.
മകളുടെ വിവാഹത്തിന് പങ്കെടുക്കുന്നവര്‍ മദ്യപിച്ച് എത്തരുതെന്ന് ഇദ്ദേഹം പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നു. മദ്യപാനവും അതേത്തുടര്‍ന്ന് ആളുകള്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങളും ഒഴിവാക്കാനാണ് ഈ തീരുമാനമെടുത്തത് എന്ന് കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
Also read-ഭർത്താവിന്റെ സഹോദരിയെ വിവാഹം ചെയ്ത് യുവതി; പങ്കാളിയെ വീട്ടുകാർ തട്ടിക്കൊണ്ടുപോയെന്ന് പരാതി
”മുമ്പ് ഞങ്ങളുടെ ഗ്രാമത്തില്‍ നടന്ന ഒരു വിവാഹത്തില്‍ അതിഥികള്‍ മദ്യപിച്ച് വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു. പരസ്പരം തര്‍ക്കങ്ങളുണ്ടായി. പിന്നീട് അത് വലിയൊരു കലഹമായി മാറി. സാധാരണയായി വിവാഹാഘോഷങ്ങളില്‍ മദ്യപിച്ച് ചിലര്‍ എത്തുന്നത് സാധാരണമാണ്. എങ്ങനെ പെരുമാറണം എന്നൊന്നും അവര്‍ക്ക് അറിയില്ല,’ കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
മാന്‍സൂഖിന്റെ കുടുംബാംഗങ്ങള്‍ ആരും തന്നെ മദ്യപിക്കാറില്ല. മാത്രമല്ല ഹാഡ്‌ല ഗ്രാമത്തില്‍ മദ്യ നിരോധനവും നിലനില്‍ക്കുന്നുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചുള്ള വിവാഹ ക്ഷണത്തിന് നിരവധി ലക്ഷ്യങ്ങളുണ്ട്.
‘അതില്‍ ഒന്ന് പൊലീസ് റെയ്ഡിനെ ഭയപ്പെടേണ്ട കാര്യമില്ല. രണ്ടാമതായി വിവാഹ ക്ഷണക്കത്തില്‍ തന്നെ മദ്യപിച്ച് എത്തുന്നവരെ വിവാഹസ്ഥലത്ത് പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ അങ്ങനെ ആരെങ്കിലും വന്നാല്‍ അവരോട് വിവാഹവേദി വിട്ട് പോകാന്‍ പറയാന്‍ കഴിയും,’ മന്‍സൂഖിന്റെ ബന്ധു പറഞ്ഞു.
Also read-‘ഒരുമിച്ച് പോകാൻ ശ്രമിച്ചു, പക്ഷെ..’ വിവാഹമോചിതയായെന്ന് നടി ഗൗതമി നായർ
വിവാഹക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതോടെ നിരവധി പേരാണ് ഈ നിർദേശം ഏറ്റെടുത്തത്. എന്നാല്‍ വിഷയം കോലി സമുദായത്തില്‍ ചില തര്‍ക്കങ്ങള്‍ ഉടലെടുക്കാന്‍ കാരണമായി. വിവാഹ ക്ഷണക്കത്തിലൂടെ സമൂഹത്തില്‍ കോലി സമുദായത്തെ അപമാനിക്കുകയാണ് ചെയ്തതെന്നാണ് ചിലരുടെ വിമര്‍ശനം.
എന്നാല്‍ അത്തരമൊരു ഉദ്ദേശത്തോടെയല്ല തങ്ങള്‍ ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്ന് വധുവിന്റെ അമ്മാവനായ ഭൂപത് സീതാപര പറഞ്ഞു.
”ഞങ്ങളുടെ സമുദായമായ കോലി സമുദായത്തെ അപമാനിക്കുകയായിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം. യാതൊരു പ്രശ്‌നങ്ങളുമില്ലാതെ വിവാഹചടങ്ങുകള്‍ പൂര്‍ത്തിയാക്കണം എന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. വിവാഹസ്ഥലത്ത് ആളുകള്‍ മദ്യപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വീഡിയോ ഞങ്ങള്‍ കണ്ടിട്ടുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ ഞങ്ങളുടെ വീടുകളിലെ ചടങ്ങുകളില്‍ പാടില്ലെന്ന് എന്റെ മൂത്ത സഹോദരന് നിര്‍ബന്ധമുണ്ടായിരുന്നു. സന്തോഷമുള്ള ഓര്‍മ്മകളായിരിക്കണം വിവാഹ ദിനത്തിൽ ഉണ്ടാകേണ്ടതെന്നാണ് ഞങ്ങളുടെ നിലപാട്,’ ഭൂപത് പറഞ്ഞത്.
”മറ്റ് സമുദായങ്ങളില്‍ നിന്നുള്ളവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. അതിനാല്‍ ഒരു സമുദായത്തെ അപമാനിക്കാനായി മാത്രമാണ് ഇത്തരം നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്ന് പറയുന്നതില്‍ കഴമ്പില്ല” ഒരു ബന്ധു പറഞ്ഞു. എല്ലാവര്‍ക്കുമായി നല്‍കിയ നിര്‍ദ്ദേശമായിരുന്നു ഇതെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.