നമ്മളെ കരയിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതുമൊക്കെയായ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ കാഴ്ചക്കാരെ സന്തോഷിപ്പിക്കുന്നതും അതേ സമയം കണ്ണുകളെ ഈറനയിപ്പിക്കുന്നതുമായ ഒരു വീഡിയോ ആണ് ഫിറ്റ്നസ് ഇൻഫ്ലുൻസർ ആയ കരിഷ്മ പട്ടേൽ ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ചിരിക്കുന്നത്. കരിഷ്മയുടെ വിവാഹത്തിന് മുന്നോടിയായുള്ള സംഗീത് ആഘോഷത്തോട് (sangeet ceremony) അനുബന്ധിച്ചുള്ളതാണ് വീഡിയോ. കാഴ്ച ശക്തിയില്ലാത്ത മൂത്ത സഹോദരി ചാന്ദിനിക്കൊപ്പം കരിഷ്മയും ബന്ധുക്കളും നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്.
ചാന്ദിനിയെ കരിഷ്മ കൈ പിടിച്ച് സ്റ്റേജിലേക്ക് കൊണ്ടുവരുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. പിന്നീട് ഇരുവരും ബോളിവുഡ് ഗാനത്തിന് നൃത്തച്ചുവടുകൾ വെയ്ക്കുന്നതും കാണാം. ആദ്യം അല്പം പരിഭ്രാന്തി ഉണ്ടായിരുന്നെങ്കിലും പിന്നീട് ചാന്ദിനി വളരെ സന്തോഷത്തോടെ നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം.
View this post on Instagram
കഴിഞ്ഞ നവംബർ മാസമാണ് കരിഷ്മ തന്റെ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കു വെച്ചത്. “കാഴ്ച ശക്തിയില്ലാത്ത എന്റെ സഹോദരി ചാന്ദ്‌നിയും ഞാനും എന്റെ സംഗീത് ആഘോഷത്തിൽ നൃത്തം ചെയ്യുന്ന രംഗമാണിത്. നൃത്തത്തിനിടയിൽ ഞാൻ അവളോട് സംസാരിക്കുന്നത് കാണാം. അവൾ കരച്ചിലിന്റെ വക്കിലായിരുന്നു. ഞാൻ വിവാഹിതയാകാൻ പോകുന്നതിനാൽ അവൾ വളരെ വികാരാധീനയായിരുന്നു. ഞാൻ അവളെ എപ്പോഴും ചിരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഞാൻ വിവാഹം കഴിക്കുന്നു എന്നതിനർത്ഥം ഞാൻ ഇനി അവളുടെ കൂടെ ഉണ്ടാകില്ല എന്നല്ല. ഞങ്ങൾ തമ്മിൽ വളരെ അടുത്ത സ്നേഹ ബന്ധമാണുള്ളത്. അവൾ യഥാർത്ഥത്തിൽ എന്റെ മൂത്ത സഹോദരിയാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അവൾ എന്റെ ഇളയ സഹോദരിയാണ്, ഞാൻ എപ്പോഴും അവളെ നോക്കുകയും പരിപാലിക്കുകയും ചെയ്യുന്നു”, വീഡിയോയ്ക്കൊപ്പം കരിഷ്മ കുറിച്ചു.
ചാന്ദിനി നല്ലൊരു ഗായിക കൂടിയാണെന്നും കസിൻസിനൊപ്പം നൃത്തവും പാട്ടുമൊക്കെ പരിശീലിച്ചതായും സംഗീത് ദിനത്തിലെ ആ നൃത്തം ഞാന്‍ ഒരിക്കലും മറക്കില്ല എന്നും കരിഷ്മ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. ”അവള്‍ നന്നായി പാട്ട് പാടും. വെല്‍ക്കം നൈറ്റിലും സംഗീത് ചടങ്ങിലും അവള്‍ മനോഹരമായി പാടി”, എന്നും കരിഷ്മ കൂട്ടിച്ചേർത്തു.
നിരവധി ആളുകളാണ് കരിഷ്മയുടെ പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ”ഇത് സ്ത്രീകൾ തമ്മിലുള്ള ബന്ധവും സഹോദരിമാർ തമ്മിലുള്ള ബന്ധവും വ്യക്തമാക്കുന്ന വീഡിയോ ആണ്. ഇത് മനോഹരമായി തോന്നുന്നു’, എന്നാണ് ഒരാൾ കുറിച്ചത്. ”ഈ വീഡിയോ കണ്ട് എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നു. ഞങ്ങളെ എല്ലാവരെയും പ്രചോദിപ്പിച്ചതിന് നന്ദി. നമ്മൾ വിചാരിക്കുന്നതിലും എത്രയോ ശക്തരാണ് നമ്മൾ. നിങ്ങൾക്കും നിങ്ങളുടെ സഹോദരിക്കും ആലിംഗനങ്ങളും സ്നേഹവും”, എന്ന് മറ്റൊരാൾ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.