മാതാപിതാക്കളുമായുള്ള ചില സംഭാഷണങ്ങൾ ചിലപ്പോൾ ജീവിതത്തിൽ ഒരു പാഠമായി മാറാറുണ്ട്. എന്നാൽ ഇവിടെ ഒരു അച്ഛനും മകനും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റ് രസകരമായ ഒരു വാർത്തയായി മാറിയിരിക്കുകയാണ്. ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് തന്റെ അച്ഛനുമായുള്ള വാട്ട്‌സ്ആപ്പ് സംഭാഷണം റെഡ്ഡിറ്റിൽ പങ്കുവച്ചത്. അത് വളരെ പെട്ടെന്ന് വൈറലായി മാറുകയായിരുന്നു. ഒരു മൊബൈൽ റീചാർജ് പാക്കേജിനെക്കുറിച്ച് അച്ഛൻ മകനോട് ചോദിക്കുന്നതാണ് ആദ്യം സ്ക്രീൻഷോട്ടിൽ കാണുന്നത്. റീച്ചാർജ് വാലിഡിറ്റി കഴിയാറായോ 666 രൂപയുടെ റീചാർജ് പ്ലാൻ ചെയ്യട്ടെയെന്ന് ചോദിക്കുന്ന അച്ഛനോട് ഇപ്പോൾ വേണ്ട, വെറുതെ പൈസ കളയണ്ട എന്നാണ് മകൻ പറയുന്നത്. എന്നാൽ ഇതിന് അച്ഛൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയത്.
മകന്റെ പഠനച്ചെലവിനെക്കുറിച്ച് വളരെ രസകരമായാണ് അച്ഛൻ മറുപടി നൽകിയത്. “നിന്റെ പഠനത്തിനായി ഞങ്ങൾ പണം പാഴാക്കുന്നുണ്ട്, അത് വച്ച് നോക്കുമ്പോൾ റീചാർജിനുള്ള തുക എന്ത്?” എന്നായിരുന്നു അച്ഛന്റെ മറുപടി. രസകരമായ ഈ വാട്ട്‌സ്ആപ്പ് ചാറ്റ് രണ്ട് ദിവസത്തിനുള്ളിൽ 1200ലധികം ലൈക്കുകൾ നേടി കഴിഞ്ഞു. ലൈക്കുകളുടെയും കമന്റുകളുടെയും എണ്ണം ഇപ്പോഴും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സംഭാഷണം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ മറ്റ് ചില നർമ്മ സംഭാഷങ്ങൾക്കും കാരണമായിട്ടുണ്ട്. ‘അച്ഛൻ കലക്കി’, ‘അച്ഛൻ പുലി തന്നെ’ എന്നിങ്ങനെ നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്.
മറ്റൊരു ഉപയോക്താവ് സ്വന്തം അനുഭവമാണ് പങ്കുവച്ചത്. “ബ്രോ ഞാൻ പൊട്ടിച്ചിരിച്ചു പോയി, ചിരി കേട്ട് എന്റെ അച്ഛൻ എന്റെ മുറിയിലേക്ക് വന്നു. ഞാൻ ഇത് അച്ഛനെയും കാണിച്ചു. എന്തായാലും ഇത് സത്യമാണ്“ എന്നായിരുന്നു ഉപയോക്താവിന്റെ മറുപടി. ഇന്ത്യൻ രക്ഷിതാക്കൾ മക്കളുടെ കാര്യത്തിൽ അതീവ ജാഗ്രതയുള്ളവരാണ്. പ്രത്യേകിച്ചും മക്കളുടെ സുരക്ഷയുടെ കാര്യത്തിലെന്ന് ചിലർ അഭിപ്രായപ്പെട്ടു. ഈ പോസ്റ്റിന് മറുപടിയായി മറ്റൊരാളും തന്റെ മാതാപിതാക്കളുമായുള്ള വാട്ട്‌സ്ആപ്പ് ചാറ്റ് പങ്കിട്ടുണ്ട്. യാത്രയ്ക്കിടെ അപരിചിതരിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കരുത് എന്ന ഉപദേശമാണ് ഈ ചാറ്റിലുള്ളത്. “ഇന്ത്യൻ മാതാപിതാക്കൾ! എനിക്ക് പ്രായം 22 (പുരുഷൻ)” എന്നാണ് യുവാവ് ഈ പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Viral, WhatsApp chat