വിവാഹത്തില്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്നതും ചര്‍ച്ച വിഷയമാകുന്നതുമായ കാര്യങ്ങളിലൊന്ന് ഫോട്ടോഗ്രാഫിയാണ്. വെഡ്ഡിംഗ് ഫോട്ടോഗ്രാഫറോട് പണം തിരികെ ചോദിച്ച ഒരു യുവതിയുടെ ചാറ്റ് വൈറലാകുകയാണ്. വിവാഹമോചനത്തെ തുടര്‍ന്നാണ് ഫോട്ടോഗ്രാഫിയുടെ പണം തിരിച്ച് ചോദിച്ചത്. വിവാഹമോചനം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷമാണ് ഫോട്ടോഗ്രാഫറോട് യുവതി പണം തിരികെ ചോദിച്ചത്.
യുവതി തമാശ പറയുകയാണെന്നാണ് ഫോട്ടോഗ്രാഫര്‍ ആദ്യം കരുതിയത്. എന്നാല്‍, പിന്നീടാണ് അവര്‍ വളരെ ഗൗരവത്തോടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് മനസിലായത്. എന്നാല്‍ യുവതിയുടെ ആവശ്യം ഒട്ടും അംഗീകരിക്കാന്‍ പറ്റില്ലെന്നും പണം തിരിച്ച് നല്കാന് സാധിക്കില്ലെന്നും ഫോട്ടോഗ്രാഫര്‍ യുവതിയെ അറിയിച്ചു. ഇതോടൊപ്പം യുവതിയുമായുള്ള വാട്ട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ഷോട്ടുകള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
‘എന്റെ ജീവിതം ഒരു സിനിമ പോലെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് ഇത് പരിഹരിക്കാന്‍ കഴിയില്ല’ എന്ന തലക്കോട്ടോട് കൂടിയാണ് ലാന്‍സ് റോമിയോ ഫോട്ടോഗ്രഫി എന്ന ട്വിറ്റര്‍ ഉപയോക്താവ് വാട്ട്സ്ആപ്പ് ചാറ്റിന്റെ സ്രക്രീന് ഷോട്ട് പങ്കുവെച്ചത്.
‘നിങ്ങള്‍ക്ക് എന്നെ ഓര്‍മയുണ്ടോ എന്ന് അറിയില്ല. 2019ല്‍ ഡര്‍ബനില്‍ വെച്ച് നടന്ന എന്റെ വിവാഹത്തിന് വേണ്ടി നിങ്ങള്‍ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ഇപ്പോള്‍ ഞാന്‍ വിവാഹമോചനം നേടിയിരിക്കുന്നു. എനിക്കും മുന്‍ ഭര്‍ത്താവിനും ആ ചിത്രങ്ങള്‍ ഇനി ആവശ്യമില്ല. നിങ്ങള്‍ നിങ്ങളുടെ ജോലി വളരെ കൃത്യമായി നിര്‍വഹിച്ചു. പക്ഷേ, ഞങ്ങള്‍ വിവാഹമോചിതരായി. ആ ഫോട്ടോകള്‍ ഇനി ആവശ്യമില്ല. അതിനാല്‍ ഞാന്‍ നല്കിയ പണം തിരിച്ചു നല്‍കണം.’ എന്നാണ് ഫോട്ടോഗ്രാഫര്‍ പങ്കുവച്ച സ്ക്രീന്‍ഷോട്ടില്‍ യുവതി പറയുന്നത്.
എന്നാല്‍ വളരെ മാന്യമായിട്ട് തന്നെ ഫോട്ടോഗ്രാഫര്‍ യുവതിയുടെ ആവശ്യം നിരസിച്ചു. ഞാന്‍ എടുത്ത ചിത്രങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയുന്ന ഒന്നല്ലെന്ന് ഫോട്ടോഗ്രാഫര്‍ യുവതിയോട് പറഞ്ഞത്. എന്നാല്‍ ഫോട്ടോഗ്രാഫര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തി.
ട്വീറ്റ് വൈറലായതോടെ യുവതിയുടെ മുന്‍ഭര്‍ത്താവ് ഫൊട്ടോഗ്രാഫറെ വിളിച്ച് മാപ്പു പറഞ്ഞു. ‘ഞാന്‍ ട്വീറ്റ് വായിച്ചു. അവള്‍ക്കു വേണ്ടി മാപ്പു ചോദിക്കുന്നു’ , എന്നായിരുന്നു യുവതിയുടെ മുന്‍ഭര്‍ത്താവ് പറഞ്ഞത്. ഇത് ലജ്ജാകരമാണെന്നും അദ്ദേഹം ഫോട്ടോഗ്രാഫറോട് പറഞ്ഞു.
Also Read- വിവാഹം കഴിഞ്ഞ് വരന്റെ വീട് കണ്ട വധു വലതുകാൽവെച്ച് കയറാതെ സ്വന്തം വീട്ടിലേക്ക് മടങ്ങി
ഏപ്രില്‍ 11-ന് പങ്കുവെച്ച പോസ്റ്റ് ഇതുവരെ 3.8 ലക്ഷത്തിലധികം പേരാണ് കണ്ടത്. എന്നാല്‍ യുവതി പ്രാങ്ക് ചെയ്തതാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തിയത്. ‘യുവതി വളരെ ഗൗരവമായിട്ടാണ് പറഞ്ഞത്. വക്കീല്‍ ഈ പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും അവര്‍ എന്റെ ക്ലയന്റ് ആണെങ്കില്‍ ഞാന്‍ അത് എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. എന്നാല്‍ അവര്‍ക്ക് എന്റെ ഫീസ് അടയ്ക്കാന്‍ കഴിയുമോ എന്നാണ് എന്റെ സംശയം. മാത്രമല്ല കേസില്‍ പരാജയപ്പെട്ടാല്‍ അവര്‍ എന്നോടും പണം തിരിച്ച് ചോദിക്കാനും സാധ്യതയുണ്ട്’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
‘ഇത് തമാശയായിരുന്നുവെന്ന് യുവതി പറയുന്നതായി കാത്തിരിക്കുകയാണ്’ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്യുന്നത്. ‘നിങ്ങള്‍ എത്രത്തേളം പ്രൊഫഷണലാണെന്ന് നിങ്ങളുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ഇത് ഒരു പ്രാങ്ക് ആയിരിക്കുമല്ലേ?. എന്റെ ഒരു സുഹൃത്ത് അവരുടെ വിവാഹ ചിത്രങ്ങള്‍ ലഭിക്കുന്നതിന് മുമ്പ് തന്നെ വിവാഹമോചനം നേടിയിരുന്നു, എന്നാല്‍ അവര്‍ റീഫണ്ട് ചോദിച്ചിരുന്നില്ല,’ എന്നാണ് പോസ്റ്റിന് താഴെ വന്ന മറ്റൊരു കമന്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.