HOME /NEWS /Buzz / Bihar | ബിഹാറിൽ ട്രെയിനുകൾ വൈകിയത് 40 മണിക്കൂറോളം; കാരണം 'രസ​ഗുള'; എന്തുകൊണ്ട് ?

Bihar | ബിഹാറിൽ ട്രെയിനുകൾ വൈകിയത് 40 മണിക്കൂറോളം; കാരണം 'രസ​ഗുള'; എന്തുകൊണ്ട് ?

(Image: Shutterstock)

(Image: Shutterstock)

രസ​ഗുളകൾ കാരണം നൂറുകണക്കിന് ട്രെയിനുകളാണ് റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തത്.

  • Share this:

    പല ഇന്ത്യൻ ഭവനങ്ങളിലെയും പ്രിയപ്പെട്ട മധുര പലഹാരമാണ് (sweet dish) രസഗുള (Rasgulla). സ്പോഞ്ചുപോലിരിക്കുന്ന ഈ മധുരപലഹാരത്തിന്റെ രുചി ഒരിക്കൽ കഴിച്ചാൽ പിന്നെ മറക്കില്ല. ആഘോഷ വേളകളുടെ അവിഭാജ്യഘടകമായ ഈ മധുര പലഹാരത്തിന് എക്കാലത്തും ഉയർന്ന ആവശ്യകതയാണ് ഉള്ളത്. എന്നാൽ രൂചിയൂറുന്ന ഈ രസ​ഗുളകൾ എന്നെങ്കിലും ഒരു ദിവസം നിരവധി ട്രെയിനുകൾ (trains) വഴിതിരിച്ചുവിടുന്നതിനും റദ്ദാക്കപ്പെടുന്നതിനും കാരണമാകുമെന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ, കഴിഞ്ഞ വാരാന്ത്യത്തിൽ ബിഹാറിൽ സംഭവിച്ചത് ഇതാണ്. രസ​ഗുളകൾ കാരണം ഇവിടെ നൂറുകണക്കിന് ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു.

    ബരാഹിയ സ്റ്റേഷനിൽ കുറഞ്ഞത് പത്ത് ട്രെയിനുകളെങ്കിലും നിർത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വാരാന്ത്യത്തിൽ, ബിഹാറിലെ ലഖിസാരായി പ്രദേശത്ത് നിന്നുള്ള നിരവധി പ്രദേശവാസികൾ ഏകദേശം 40 മണിക്കൂറോളം പ്രതിഷേധം നടത്തി. പ്രതിഷേധത്തിന്റെ ഭാ​ഗമായി തീവണ്ടി ഗതാഗതം തടസ്സപ്പെടുത്താൻ റെയിൽവേ ട്രാക്കിൽ നാട്ടുകാർ ടെന്റുകൾ കെട്ടി. ഈ സംഭവത്തെത്തുടർന്ന് ഹൗറ-ഡൽഹി റെയിൽ പാതയിലെ നൂറുകണക്കിന് ട്രെയിനുകൾ 24 മണിക്കൂറോളം റദ്ദാക്കേണ്ടി വന്നു. കൂടാതെ നൂറിലധികം ട്രെയിനുകൾ വഴിതിരിച്ചു വിടേണ്ടിയും വന്നു.

    ബരാഹിയയിൽ ഇപ്പോൾ നിരവധി എക്‌സ്‌പ്രസ് ട്രെയിനുകൾക്കും സ്റ്റോപ്പില്ല. പ്രദേശവാസികളുടെ സൗകര്യാർത്ഥം ട്രെയ്നുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകൾ സ്റ്റേഷനിലെ ട്രാക്കുകളിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതായി ലഖിസരായി ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ അറിയിച്ചു.

    ബരാഹിയ സ്‌റ്റേഷനിൽ തീവണ്ടികൾക്ക് സ്റ്റോപ് അനുവദിക്കുന്നതിന് നാട്ടുകാർ എന്തിനാണ് ഇത്രയധികം പ്രാധാന്യം നൽകുന്നത് എന്ന് നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടെങ്കിൽ, അതിന് കാരണം രസഗുളയാണ്. പ്രശസ്തമായ രസഗുളകൾക്ക് പേരുകേട്ട നഗരമാണ് ബഹാരിയ. ഇവിടെ ഇരുന്നൂറിലധികം രസഗുള കടകളുണ്ട്. സമീപ നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നുമുള്ള ആളുകൾ ഈ രുചികരമായ മധുരപലഹാരത്തിനായി ഈ നഗരം പതിവായി സന്ദർശിക്കുന്നു. എന്നാൽ, ഈ സ്‌റ്റേഷനിൽ തീവണ്ടികൾ നിർത്താതെ പോകുന്നത് മധുരപലഹാര വ്യാപാരത്തെ സാരമായി ബാധിച്ചു, പ്രത്യേകിച്ച് മഹമാരിയുടെ സമയത്ത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്റ്റോക്ക് എത്തിക്കാൻ കഴിയാതെ ജനം രോഷാകുലരായി. മുമ്പ്, ട്രെയിനുകൾ വഴി ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് സ്റ്റോക്ക് എത്തിക്കാൻ കഴിഞ്ഞിരുന്നു. അതിനാൽ ബിസിനസ് കൈകാര്യം ചെയ്യുന്നത് വ്യാപാരികൾക്ക് എളുപ്പമായിരുന്നു, മാത്രമല്ല ട്രെയിൻ മാർ​ഗം മധുരപലഹാരം കൊണ്ടുപോകുമ്പോൾ ചെലവ് വളരെ കുറവായിരുന്നു. കാരണം ബരാഹിയയിൽ നിന്ന് ട്രെയിൻ വഴി പട്‌നയിലേക്കുള്ള നിരക്ക് 55 രൂപ മാത്രമാണ്, മാത്രമല്ല ഇതിന് രണ്ട് മണിക്കൂർ മാത്രമേ സമയം എടുക്കൂ. അതേസമയം, റോഡ് മാർഗം സ്റ്റോക്ക് കൊണ്ടുപോകുകയാണെങ്കിൽ, വ്യാപാരികൾക്ക് മൊത്തം 150 രൂപ ചിലവഴിക്കേണ്ടിവരും, മാത്രമല്ല ഗതാഗതത്തിന് ഇരട്ടി സമയമെടുക്കുകയും ചെയ്യും. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് നാട്ടുകാർ വൻ പ്രതഷേധവുമായി മുന്നോട്ടു വന്നത്.

    രണ്ടാഴ്ചയ്ക്കുള്ളിൽ ഈ സ്റ്റേഷനിൽ ഒരു എക്സ്പ്രസ് ട്രെയിൻ നിർത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതിനെ തുടർന്ന് നാട്ടുകാർ അവസാനം പ്രതിഷേധം അവസാനിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ട്രെയിനുകൾ 60 മിനുട്ടോളം സ്റ്റേഷനിൽ നിർത്തുമെന്ന ഉറപ്പും നാട്ടുകാർക്ക് നൽകിയിട്ടുണ്ട്.

    First published:

    Tags: Bihar, Rasgulla