വർഗീയ കലാപങ്ങൾ കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഗോത്രവർഗ്ഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്ക് അയവുവരുത്താനുള്ള ശ്രമത്തിലാണ് മണിപ്പൂരിലെ ഗ്രാമങ്ങൾ. ഗോത്രവിഭാഗങ്ങളായ മെയ്‌തെയ് സമൂഹവും കുകി സമൂഹവും തമ്മിലുള്ള സംഘർഷങ്ങൾ മേയ് മൂന്നു മുതൽ മണിപ്പൂരിൽ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അഭിപ്രായഭിന്നതകൾ തരണം ചെയ്ത് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ തങ്ങളാലാവുന്നത് ചെയ്യുകയാണ് പല്ലലിന് സമീപത്തുള്ള എച്ച് വജാങ് ഗ്രാമനിവാസികൾ. ഇരു സംഘങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള വിള്ളലുകൾ പരിഹരിക്കാൻ സമാധാനത്തിന്റെ വെള്ളക്കൊടിയുമായി ഒരു ഗ്രാമം മുഴുവൻ രംഗത്തെത്തിയിരിക്കുകയാണ്.
ഒത്തൊരുമയുടെയും പരസ്പരവിശ്വാസത്തിന്റെയും ചിഹ്നമായ വെള്ളക്കൊടികൾ ഗ്രാമത്തിലെ വീടുകൾക്കു മുന്നിൽ ഉയർത്തുകയാണിവർ. മെയ്‌തെയ് – കുകി സംഘർഷം ആരംഭിച്ചതോടെ, വിവിധ ഗോത്രവിഭാഗങ്ങളിൽ നിന്നുള്ളവർ ഒന്നിച്ചു ജീവിക്കുന്ന മണിപ്പൂരിന്റെ സമാധാനാന്തരീക്ഷം പാടേ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, പ്രശ്‌നങ്ങൾ പരിഹരിക്കാനും ഗോത്രങ്ങൾക്കിടയിലുള്ള പരസ്പരധാരണ തിരികെക്കൊണ്ടുവരാനും ഒരു കാരണമായിരിക്കുകയാണ് എച്ച് വജാങിലെ വീടുകൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന വെള്ളക്കൊടികൾ.
Also read-പെരുമഴയത്ത് മകളെ തോളിലേറ്റി നടക്കുന്ന അമ്മ; പഴയ വീഡിയോ വീണ്ടും വൈറൽ
മെയ്‌തെയ് – കുകി വിഭാഗങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് ധാരാളം യോഗങ്ങളും ഇവിടെ നടക്കുന്നുണ്ട്. ഇരുവിഭാഗക്കാർക്കും തങ്ങളുടെ ബുദ്ധിമുട്ടുകളും ആശങ്കകളും തുറന്നു സംസാരിക്കാനുള്ള വേദിയാവുകയാണ് ഗ്രാമത്തിലെ ഈ ചെറുയോഗങ്ങൾ. പ്രശ്‌നങ്ങൾ പരിഹരിക്കാനും വീണ്ടും സമാധാനപരമായ സഹവർത്തിത്വത്തിലേക്കു മടങ്ങാനുമുള്ള ഈ ശ്രമങ്ങൾ മണിപ്പൂരിലാകെ പടർന്നുപിടിച്ച പ്രതിസന്ധിയുടെ ആഘാതം എച്ച് വജാങിലെങ്കിലും ഗണ്യമായി കുറയ്ക്കുന്നുണ്ട്.
പ്രദേശത്ത് സമാധാനവും ഐക്യവും നിലനിർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നാണ് യോഗങ്ങളിൽ പങ്കെടുക്കുന്ന ഇരുവിഭാഗക്കാരും ആവർത്തിക്കുന്നത്. ഇരുകൂട്ടരും പരസ്പരം നൽകുന്ന ഇത്തരം ഉറപ്പുകൾ പല്ലൽ ഭാഗത്തെ ജനങ്ങൾക്കിടയിലുള്ള സംഘർഷങ്ങൾ മയപ്പെടുത്താനും സുരക്ഷിതത്വബോധം തിരികെക്കൊണ്ടുവരാനും സഹായിക്കുന്നുണ്ട്. ഇതുവരെ പ്രദേശത്ത് യാതൊരു അനിഷ്ടസംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. ജനജീവിതം താരതമ്യേന സമാധാനപരമാണ്.
Also read- കരിമ്പിന്‍ ജ്യൂസ് ഉണ്ടാക്കാൻ ‘ഹൈടെക്ക് മെഷീന്‍’; വൈറല്‍ വീഡിയോ
വീടുകൾക്കു മുന്നിൽ വെള്ളക്കൊടി ഉയർത്തുന്ന പ്രവൃത്തി ഇതിന് വലിയൊരു കാരണമായിട്ടുണ്ടെന്നാണ് പ്രദേശവാസികളുടെ പക്ഷം. ജനങ്ങൾക്ക് സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം പകരുന്ന പ്രതീകമായാണ് പലരും ഈ വെള്ളക്കൊടികളെ വിലയിരുത്തുന്നത്. ഏത് വിദ്വേഷശക്തികൾക്കു മേലെയും സമാധാനത്തിനായിരിക്കും അന്തിമ വിജയം എന്ന് വിളിച്ചോതുന്ന മണിപ്പൂരിലെ വെള്ളക്കൊടികൾ, ദീർഘകാലം നീണ്ടു നിൽക്കുന്ന സമാധാനത്തിലേക്കുള്ള പ്രതീക്ഷ കൂടിയാവുകയാണ്.
മെയ്‌തെയ് – കുകി ഗോത്രവിഭാഗങ്ങൾ എല്ലാ ഭിന്നതകളും മറന്ന് ഒന്നിച്ചൊരു ഭാവി കെട്ടിപ്പടുക്കണമെന്നും പരസ്പരവിശ്വാസത്തിലും ബഹുമാനത്തിലും സഹകരണത്തിലും മുന്നോട്ടുപോകണമെന്നും ആഗ്രഹിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് എച്ച് വജാങ് ഗ്രാമത്തിൽ നിന്നുള്ള ഈ ദൃശ്യം. സമാധാനം നിലനിർത്താൻ ഇരുകൂട്ടർക്കും തുല്യ ഉത്തരവാദിത്തമാണുള്ളതെന്നും, ഇപ്പോൾ അരങ്ങേറിയ സംഘർഷങ്ങൾ മണിപ്പൂരിന്റെ ചരിത്രത്തിൽ ഒരു ഒറ്റപ്പെട്ട സംഭവവമായി മാറണമെന്നുമുള്ള ഓർമപ്പെടുത്തൽ കൂടെയാണ് ഒരു ഗ്രാമത്തിലെ വീടുകൾക്കു മുന്നിൽ പാറിപ്പറക്കുന്ന വെള്ളക്കൊടികൾ.
ഈ പ്രവൃത്തി ഗ്രാമത്തിൽ കൊണ്ടുവന്നിട്ടുള്ള ശുഭകരമായ മാറ്റം അതേപടി നിലനിർത്താൻ ആവശ്യമായ എല്ലാ പിന്തുണയും മാർഗനിർദ്ദേശവും ജനങ്ങൾക്ക് നൽകണമെന്നാണ് തദ്ദേശീയ ഭരണകൂടങ്ങളുടെയും സമുദായ നേതാക്കളുടെയും താൽപര്യം. മെയ്‌തെയ് – കുകി സമൂഹങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചാൽ, അതുവഴി വൈവിധ്യങ്ങൾക്ക് ഇടമുള്ള, സമാധാനപരമായ കൂട്ടായ്മകൾ പ്രോത്സാഹിപ്പിക്കപ്പെടുന്ന, കൂടുതൽ കരുത്തുള്ള ഒരു മണിപ്പൂരിനെ വാർത്തെടുക്കാൻ കഴിയുമെന്നാണ് അവരുടെ ഉറച്ച വിശ്വാസം. എല്ലാ ഭിന്നിപ്പുകൾക്കുമപ്പുറം അത്തരമൊരു ഐക്യം ഉയർന്നുവരണമെന്ന കൂട്ടായ ആഗ്രഹത്തിന്റെ ചിഹ്നമാണ് എച്ച് വജാങ് ഗ്രാമത്തിലെ വെള്ളക്കൊടികൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Manipur, War and Peace