• HOME
  • »
  • NEWS
  • »
  • buzz
  • »
  • Sonu Kumar | ബീഹാറിനെ ഇളക്കിമറിച്ച 12കാരന്‍ ആര്? വീഡിയോ വൈറലായതിനു പിന്നാലെ രാഷ്ട്രീയപോരും

Sonu Kumar | ബീഹാറിനെ ഇളക്കിമറിച്ച 12കാരന്‍ ആര്? വീഡിയോ വൈറലായതിനു പിന്നാലെ രാഷ്ട്രീയപോരും

വീഡിയോ വൈറലായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സോനു കുമാര്‍ സംസ്ഥാനത്തെ രാഷ്ട്രീയ പ്രമുഖര്‍ക്കിടയില്‍ സംസാരവിഷയമായി തുടങ്ങി.

  • Share this:
    ബീഹാര്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ച ഒരു 12 വയസ്സുകാരനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിനോട് (Nitish Kumar) വിദ്യാഭ്യാസ സൗകര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വീഡിയോ വൈറലായതിനു പിന്നാലെ രാഷ്ട്രീയ നേതാക്കള്‍ പോലും സോനു കുമാർ (Sonu Kumar) എന്ന ആ വൈറൽ താരത്തിന്റെ വീട്ടിലെത്തി. നളന്ദ ജില്ലയിലെ കല്യാണ്‍ ബിഘ ഗ്രാമവാസിയാണ് സോനു കുമാര്‍. തന്റെ പഠനത്തെ പ്രോത്സാഹിപ്പിക്കണമെന്നും മാതാപിതാക്കള്‍ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നുമാണ് കുമാര്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് അവന്‍ ആവശ്യങ്ങള്‍ ഉന്നയിച്ചത്. നിതീഷ് കുമാർ ജനിച്ച സ്ഥലം കൂടിയാണ് നളന്ദ ജില്ല എന്നതാണ് രസകരമായ മറ്റൊരു കാര്യം.

    ''എനിക്ക് വിദ്യാഭ്യാസം നല്‍കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ശരിയായ വിദ്യാഭ്യാസമില്ല. എന്റെ അച്ഛന്‍ ഒരു മദ്യപാനിയാണ്. അദ്ദേഹത്തിന് ലഭിക്കുന്ന മുഴുവന്‍ പണവും അതിനായാണ് ചെലവഴിക്കുന്നത്'', സോനു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ പിതാവ് ഒരു പാല്‍ കച്ചവടക്കാരനാണ്. ഒരു വരുമാനം കണ്ടെത്താന്‍ താന്‍ ട്യൂഷന്‍ എടുക്കുന്നുണ്ടെന്നും എന്നാല്‍ തന്റെ അച്ഛന്‍ ആ പണവും തട്ടിയെടുക്കുകയാണെന്നും അവന്‍ പറഞ്ഞിരുന്നു. നേരത്തെ നടന്ന റാലികളില്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നും കുമാര്‍ പറഞ്ഞു. എന്നാൽ അവസാനം മുഖ്യമന്ത്രി തന്റെ കാര്യത്തിൽ ഇടപെട്ടെന്നും വിദ്യാഭ്യാസം ഉറപ്പുനല്‍കിയതായും അവന്‍ കൂട്ടിച്ചേര്‍ത്തു.

    എന്നാല്‍, ഇത് ഒരു രാഷ്ട്രീയ പോരിലേക്കാണ് വഴിവെച്ചത്. സോനുവിന്റെ ആരോപണവും മദ്യനിരോധനവും തമ്മില്‍ ബന്ധപ്പെടുത്തിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്. മദ്യനിരോധനം കര്‍ശനമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാല്‍ നിരോധനം കര്‍ശനമായി നടപ്പാക്കിയില്ലെന്നും അമിത വിലയ്ക്ക് അനധികൃതമായി മദ്യം വില്‍ക്കുന്നുണ്ടെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. രണ്ടാമതായി അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങളുടെ കുറവാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയത്.

    വീഡിയോ വൈറലായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സോനു കുമാര്‍ സംസ്ഥാനത്തെ രാഷ്ട്രീയ പ്രമുഖര്‍ക്കിടയില്‍ സംസാരവിഷയമായി തുടങ്ങി. ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി സോനു കുമാറിനെ കണ്ട് നവോദയ സ്‌കൂളില്‍ പ്രവേശനം വാഗ്ദാനം ചെയ്തു. മെട്രിക്കുലേഷന്‍ പരീക്ഷ പാസാകുന്നതു വരെ സോനുവിന് പ്രതിമാസം 2,000 രൂപ സ്‌റ്റൈപ്പന്‍ഡും വാഗ്ദാനം ചെയ്തു.



    ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവും സോനു കുമാറുമായി വീഡിയോ കോളില്‍ സംഭാഷണം നടത്തിയിരുന്നു. സോനു ഡോക്ടറാകുമോ അതോ എഞ്ചിനിയര്‍ ആകുമോ എന്ന ചോദ്യത്തിന് ഐഎഎസുകാരനാകുമെന്നാണ് സോനു മറുപടി പറഞ്ഞത്.

    Ratan Tata | ബോഡി ഗാര്‍ഡുകളില്ല; നാനോ കാറില്‍ താജ്‌ഹോട്ടലിലെത്തി രത്തന്‍ ടാറ്റ

    ''ഞങ്ങള്‍ക്ക് അധികാരം ലഭിക്കുമ്പോള്‍ നീ ഐഎഎസുകാരനായി എന്റെ കീഴില്‍ പ്രവര്‍ത്തിക്കും'' എന്ന് യാദവ് പറഞ്ഞപ്പോള്‍ എനിക്ക് ആരുടെയും കീഴില്‍ ജോലി ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് സോനു നല്‍കിയത്. മറുപടി കേട്ടയുടനെ തേജ് പ്രതാപ് കോള്‍ കട്ട് ചെയ്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജെഎപി നേതാവ് പപ്പു യാദവും സോനുവിന്റെ വീട്ടിലെത്തി 50,000 രൂപ ധനസഹായം നല്‍കി.
    Published by:Jayashankar Av
    First published: