ന്യൂയോര്‍ക്ക്: മകളുടെ വിവാഹത്തിന് ഏര്‍പ്പെടുത്തിയ വെഡ്ഡിംഗ് ഫോട്ടോഗ്രാഫറില്‍ നിന്ന് 76000 ഡോളര്‍ ( ഏകദേശം 62 ലക്ഷത്തോളം രൂപ) തിരികെ ആവശ്യപ്പെട്ട് അമേരിക്കയിലെ ഇന്ത്യന്‍ വംശജനായ സര്ജന്.
ന്യൂജഴ്സി സ്വദേശിയായ അമിത് പട്ടേലാണ് പണം തിരികെ നൽകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ക്ലെയ്ന് ഗെസല് എന്ന ഫോട്ടോഗ്രാഫര്‍ക്കെതിരെയാണ് ഇദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്. വിവാഹത്തിന് തൊട്ടുമുമ്പ് പുതിയ ആവശ്യങ്ങളുമായി ക്ലെയിന് ഗെസല് എത്തിയെന്നും തുടര്‍ന്ന് അവസാന നിമിഷത്തില്‍ മറ്റൊരു ഫോട്ടോഗ്രാഫറെ തനിക്ക് കണ്ടെത്തേണ്ടി വന്നുവെന്നും അമിത് പറയുന്നു.
വളരെയധികം ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു അമിത് പട്ടേലിന്റെ മകള്‍ അനിഷയുടേത്. അര്ജുന് മെഹ്ത ആയിരുന്നു വരന്. 13 തരം പരമ്പരാഗത വേഷവിധാനങ്ങള്‍ അണിഞ്ഞാണ് വധുവായ അനിഷ എത്തിയത്. ഏകദേശം 250ലധികം പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.
”വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഫോട്ടോഗ്രാഫര്‍ പിന്മാറിയെന്ന് ആര്‍ക്കെങ്കിലും സ്വന്തം മകളോട് പറയാന്‍ സാധിക്കുമോ? അവള് തന്നെ തെരഞ്ഞെടുത്ത ഫോട്ടോഗ്രാഫറായിരുന്നു അയാള്‍,” അമിത് പട്ടേല്‍ പറഞ്ഞു.
തന്റെ കുടുംബത്തിലെ ആദ്യ വിവാഹമായിരുന്നു അനിഷയുടേതെന്നും ആ ചടങ്ങിലാണ് ഗെസല് കാരണം അസ്വസ്ഥകളുണ്ടായത് അമിത് പറഞ്ഞു.
വിവാഹം നടക്കുന്ന ആഡംബര ഹോട്ടലിന് അടുത്താണ് ഗെസലിന് താമസസൗകര്യം ഒരുക്കിയത്. അയാള്‍ അത് സമ്മതിക്കുകയും ചെയ്തതാണ്. എന്നാല്‍ പിന്നീട് വിവാഹം നടക്കുന്ന അതേ ഹോട്ടലില്‍ തന്നെ തനിക്കും മുറി വേണമെന്ന് ഗെസല് പറഞ്ഞു. ഇതാവശ്യപ്പെട്ട് ഇയാള്‍ തനിക്ക് ഒരു ഇമെയില്‍ അയച്ചുവെന്നും അമിത് പറഞ്ഞു.
വിവാഹത്തിന്റെ പ്രധാന ഫോട്ടോഗ്രാഫര്‍ എന്ന നിലയിലാണ് ഗെസലിനെ നിയമിച്ചത്. എന്നാല്‍ പിന്നീട് ആര് ഷൂട്ട് ചെയ്യണമെന്നും എങ്ങനെ ഷൂട്ട് ചെയ്യണമെന്നുമൊക്കെ താന്‍ തീരുമാനിക്കുമെന്ന് പറഞ്ഞ് ഗെസല് രംഗത്തെത്തി.
അതേസമയം ഇത്തരം പ്രശ്നങ്ങൾ പലവിവാഹങ്ങളിലും പതിവാണെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും കമന്റ് ചെയ്ത്. സുഹൃത്തിന്റെ വിവാഹം ഷൂട്ട് ചെയ്യാന്‍ പോയ അനുഭവം പങ്കുവെച്ചും ചിലര്‍ രംഗത്തെത്തി. സുഹൃത്തിന്റെ പെരുമാറ്റം ഇഷ്ടപ്പെട്ടാത്തതിന് മുഴുവൻ വിവാഹ ഫോട്ടോകളും ഡീലീറ്റ് ചെയ്ത ഒരു ഫോട്ടോഗ്രാഫറുടെ കഥയും ചിലര്‍ പങ്കുവെച്ചു.വിവാഹത്തിന് മുമ്പ് വരെയുള്ള എല്ലാ ചടങ്ങുകളും മറ്റും ഓടി നടന്ന് ഷൂട്ട് ചെയ്യുകയായിരുന്നു ആ ഫോട്ടോഗ്രാഫര്‍. റിസപ്ഷനും അക്കൂട്ടത്തില്‍ അയാള്‍ ക്യാമറയ്ക്കുള്ളിലാക്കി. ഓട്ടത്തിനിടെ ഭക്ഷണം കഴിക്കാന്‍ പോലും അയാള്‍ക്ക് സമയം കിട്ടിയില്ല. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം വരന് അയാളോട് ഒന്നുകില്‍ ഫോട്ടോഗ്രാഫര്‍ ആയി നില്‍ക്കണം അല്ലെങ്കില്‍ ശമ്പളം തരില്ല എന്ന് പറഞ്ഞുവത്രേ, ഒരാള്‍ റെഡ്ഡിറ്റില്‍ കുറിച്ചു.ഉറപ്പാണോ എന്ന് വരനോട് ഫോട്ടോഗ്രാഫര്‍ ചോദിച്ചു. അതെ എന്ന് ഉത്തരം ലഭിച്ചതോടെ താന്‍ ക്ലിക്ക് ചെയ്ത വിവാഹത്തിന്റെ എല്ലാ ഫോട്ടോകളും ഉടന്‍ തന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.