• HOME
 • »
 • NEWS
 • »
 • buzz
 • »
 • ‘Mayday’ | പൈലറ്റുമാരും ക്യാപ്റ്റൻമാരും അപകടസമയങ്ങളിൽ 'മെയ്‌ഡേ' എന്ന സന്ദേശം കൈമാറുന്നത് എന്തിന്?

‘Mayday’ | പൈലറ്റുമാരും ക്യാപ്റ്റൻമാരും അപകടസമയങ്ങളിൽ 'മെയ്‌ഡേ' എന്ന സന്ദേശം കൈമാറുന്നത് എന്തിന്?

അത്യാഹിത സാഹചര്യത്തിൽ പൈലറ്റോ കപ്പലിന്റെ ക്യാപ്റ്റനോ 'മെയ്‌ഡേ മെയ്‌ഡേ മെയ്ഡേ' എന്ന് വിളിക്കും. ഇതിന് ശേഷം, നിലവിലെ സ്ഥാനം, അപകടത്തിന്റെ സ്വഭാവം, കാലാവസ്ഥ, തുടങ്ങിയ കാര്യങ്ങൾ കേള്‍ക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഉറക്കെ പറയണം.

 • Share this:
  വിമാനാപകടങ്ങളും മറ്റും ചിത്രീകരിക്കുന്ന സിനിമകളിൽ കഥാപാത്രങ്ങള്‍ ഇത്തരം സീനുകളിൽ 'മെയ്ഡേ' (‘Mayday) എന്ന വാക്ക് ഉപയോഗിക്കുന്നത് നിങ്ങൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും. അടുത്തിടെ പുറത്തിറങ്ങിയ അജയ് ദേവ്ഗണിന്റെ റണ്‍വേ 34 (Runway 34 ) എന്ന ചിത്രത്തിലും മെയ്‌ഡേഎന്ന് പറയുന്നത് കേൾക്കാം. എന്നാൽ എന്താണ് ഇതിനർത്ഥം എന്നറിയാത്ത നിരവധിയാളുകളുണ്ട്. ഒരു കപ്പലിലോ (Ship) അല്ലെങ്കില്‍ വിമാനത്തിലോ ജീവന്‍-മരണ സാഹചര്യം ഉണ്ടാകുമ്പോഴാണ് പൈലറ്റോ ക്യാപ്റ്റനോ മെയ്‌ഡേ എന്ന വാക്ക് സാധാരണയായി ഉപയോഗിക്കുന്നത്.

  'മെയ്‌ഡേ' എന്ന് പറയുന്നത് ഒരു അപകട സാഹചര്യത്തിന്റെ സൂചനയായാണ്. ഈ വാക്ക് മൂന്ന് തവണ ആവർത്തിക്കണം. തുടര്‍ന്ന്, അപകടത്തിന്റെ സ്വഭാവം മനസിലാക്കാന്‍ സ്ഥലം, ശേഷിക്കുന്ന ഇന്ധനം, അപകടത്തില്‍പ്പെട്ട ആളുകളുടെ എണ്ണം എന്നിങ്ങനെയുള്ള വിവരങ്ങളും നൽകും.

  മെയ്‌ഡേയുടെ ചരിത്രം

  1920കളില്‍ ലണ്ടനിലെ ക്രോയ്ഡണ്‍ എയര്‍പോര്‍ട്ടില്‍ അത്യാഹിതഘട്ടം സൂചിപ്പിക്കുന്നതിനായി ഫ്രെഡറിക് സ്റ്റാന്‍ലി മോക്ക്‌ഫോര്‍ഡ് എന്ന മുതിര്‍ന്ന റേഡിയോ ഓഫീസറാണ് ആദ്യമായി ഈ വാക്ക് ഉപയോഗിച്ചത്. ഇതോടെയാണ് മെയ്‌ഡേ എന്ന വാക്ക് പ്രചാരത്തിലായത്. ദുരിതത്തെ സൂചിപ്പിക്കുന്നതിനും പൈലറ്റുമാര്‍ക്കും ഗ്രൗണ്ട് സ്റ്റാഫിനും എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതുമായ ഒരു വാക്ക് കണ്ടുപിടിക്കാന്‍ മോക്ക്‌ഫോര്‍ഡിനോട് അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ്‌ഡേ എന്ന വാക്ക് ഉരുത്തിരിഞ്ഞത്.

  'എന്നെ സഹായിക്കുക' എന്നര്‍ത്ഥം വരുന്ന മെയ്ഡര്‍ എന്ന ഫ്രഞ്ച് വാക്കില്‍ നിന്നാണ് ഈ വാക്ക് ഉരുത്തിരിഞ്ഞത്. നേരത്തെ, 'നമ്മുടെ ജീവനുകളെ രക്ഷിക്കുക' എന്നതിന്റെ ചുരുക്കെഴുത്തായ സോസ് (SOS) എന്ന പദം ഉപയോഗിച്ചിരുന്നു. 1927-ല്‍, റേഡിയോടെലെഗ്രാഫ് കണ്‍വെന്‍ഷന്‍ സോസിന് പകരം അത്യാഹിത മുന്നറിയിപ്പായി മെയ്‌ഡേ എന്ന വാക്ക് അംഗീകരിച്ചു. സോസിന് മുമ്പ് പാന്‍-പാന്‍ പോലെയുള്ള മറ്റു പല വാക്കുകളും ഉപയോഗിച്ചിരുന്നു.

  ഉപയോഗിക്കുന്നത് എങ്ങനെ?

  അത്യാഹിത സാഹചര്യത്തിൽ പൈലറ്റോ കപ്പലിന്റെ ക്യാപ്റ്റനോ 'മെയ്‌ഡേ മെയ്‌ഡേ മെയ്ഡേ' എന്ന് വിളിക്കും. ഇതിന് ശേഷം, നിലവിലെ സ്ഥാനം, അപകടത്തിന്റെ സ്വഭാവം, കാലാവസ്ഥ, തുടങ്ങിയ കാര്യങ്ങൾ കേള്‍ക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഉറക്കെ പറയണം.

  കേരളത്തെ നടുക്കിയ കരിപ്പുർ വിമാനദുരന്തത്തിൻറെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ വർഷം പുറത്തുവിട്ടിരുന്നു. എയർ ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടാണ് പരസ്യപ്പെടുത്തിയത്. അപകടകാരണം പൈലറ്റിൻറെ വീഴ്ച്ചയാണെന്ന് റിപ്പോർട്ട് ഈ ചൂണ്ടി കാണിക്കുന്നു. പൈലറ്റ് നടപടി ക്രമങ്ങൾ പാലിക്കാത്തത് അപകടകാരണമാകാമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. വിമാനത്തിന്റെ ഗതി നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ഭാഗത്താണ് വീഴ്ച്ചയുണ്ടായത്. സാങ്കേതിക പിഴവ് തള്ളിക്കളയാനാകില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വീഴ്ച്ച മനസിലാക്കി നിരീക്ഷണച്ചുമതലയുള്ള പൈലറ്റ് നിയന്ത്രണം ഏറ്റെടുത്തില്ലെന്നും റിപ്പോർട്ടിലുണ്ട്. പറന്നിറങ്ങേണ്ട നിർദിഷ്ട സ്ഥാനത്തല്ല ഇറങ്ങിയത്. നിർദിഷ്ട സ്ഥലത്തേക്കാൾ മുന്നോട്ടുപോയി പറന്നിറങ്ങിയത് അപകടത്തിനിടയാക്കി. റൺവേയുടെ പകുതി കഴിഞ്ഞശേഷമാണ് വിമാനം ലാൻഡ് ചെയ്തത്.
  Published by:Amal Surendran
  First published: