ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ രൺബീർ കപൂറും ശ്രദ്ധ കപൂറും ഒന്നിക്കുന്ന ‘തൂ ഝൂടി മേം മക്കാറിന്റെ’ ട്രെയിലർ പുറത്തിറങ്ങി. ട്രെയിലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. രൺബീറും ശ്രദ്ധയും ഒന്നിക്കുന്ന സിനിമ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിലെ രൺബീറിന്റെ ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു.
ഇതിനിടയിലാണ് പരുൾ അഗർവാൾ എന്ന ആരാധിക രൺബീറിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു ചോദ്യം പങ്കുവെച്ചിരിക്കുന്നത്. ‘എന്തിനാണ് എല്ലാ സംവിധായകരും രൺബീർ കപൂറിനെക്കൊണ്ട് നായികയ്ക്ക് പിന്നാലെ നടന്ന് നൃത്തം ചെയ്യിപ്പിക്കുന്നതെന്നാണ്’ അവർ ചോദിച്ചിരിക്കുന്നത്. പോസ്റ്റിനൊപ്പം നടന്റെ മറ്റ് സിനിമകളായ ബ്രഹ്‌മാസ്ത്ര, തമാശ, അഞ്ജാന അഞ്ജാനി എന്നീ സിനിമകളിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിച്ചുണ്ട്.
Why does every director make Ranbir kapoor dance around walking women pic.twitter.com/VjBjgdgReI
— Parul Agarwal (@ParulTried) February 11, 2023
ഇതിലെല്ലാം രൺബീർ നായികമാർക്ക് പുറകെ നടന്ന് നൃത്തം ചെയ്യുന്നതായി കാണാം. ഈ ട്വീറ്റ് ഇതുവരെ 84,000-ലധികം ആളുകളാണ് കണ്ടത്. ‘മറ്റ് അഭിനേതാക്കാളെ അപേക്ഷിച്ച് അദ്ദേഹം പരിശ്രമിക്കുന്നുണ്ടല്ലോ’ എന്നാണ് ഒരാൾ ഇതിന് മറുപടി നൽകിയത്. ഇതിനിടെ, രൺബീറിന്റെ വേഷം കാർത്തിക് ആര്യനാണ് കൂടുതൽ അനുയോജ്യനെന്ന് മറ്റൊരാൾ കുറിച്ചു. ‘തൂ ഝൂടി മേം മക്കാറിന്റെ ട്രെയിലർ കണ്ടു, കാർത്തിക് ആര്യനുവേണ്ടി എഴുതിയ ഒരു സിനിമയിൽ രൺബീർ അഭിനയിക്കുന്നത് പോലെ തോന്നി,’ എന്നാണ് അവർ ട്വീറ്റ് ചെയ്തത്.
ഈ അഭിപ്രായത്തോട് പലരും യോജിക്കുകയും ചെയ്തു. അതേസമയം, 2023ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ലവ് രഞ്ജൻ സംവിധാനം ചെയ്ത തൂ ഝൂടി മേം മക്കാർ. ടി സിരീസ് അവതരിപ്പിക്കുന്ന ചിത്രം ലവ് രഞ്ജനും അങ്കൂർ ഗാർഗും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മാർച്ച് 8 ഹോളി ദിനത്തിൽ ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.