• HOME
  • »
  • NEWS
  • »
  • buzz
  • »
  • സിദ്ധരാമയ്യ സത്യപ്രതിജ്ഞയ്ക്ക് വിധാൻ സൗധ ഒഴിവാക്കിയത് എന്തുകൊണ്ട്?

സിദ്ധരാമയ്യ സത്യപ്രതിജ്ഞയ്ക്ക് വിധാൻ സൗധ ഒഴിവാക്കിയത് എന്തുകൊണ്ട്?

കൗതുകകരമായ പല ശീലങ്ങളും വിശ്വാസങ്ങളുമാണ് സത്യപ്രതിജ്ഞയെ ചുറ്റിപ്പറ്റി കാലങ്ങളായി കർണാടകത്തിൽ നിലനിൽക്കുന്നത്.

  • Share this:

    നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പിനൊടുവിൽ കർണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു . കൗതുകകരമായ പല ശീലങ്ങളും വിശ്വാസങ്ങളുമാണ് സത്യപ്രതിജ്ഞയെ ചുറ്റിപ്പറ്റി കാലങ്ങളായി കർണാടകത്തിൽ നിലനിൽക്കുന്നത്. അതിമനോഹരമായ കർണാടക വിധാൻ സൗധയെ തഴഞ്ഞ്, തൻ്റെ സത്യപ്രതിജ്ഞാവേദിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ കണ്ഠീരവ സ്റ്റേഡിയം തന്നെ തെരഞ്ഞെടുത്തതോടെ വീണ്ടും ചർച്ചയാവുകയാണ് ആ വിശ്വാസങ്ങളുടെ ചരിത്രം.

    കർണാടക സംസ്ഥാന നിയമസഭ സ്ഥിതിചെയ്യുന്ന വിധാൻ സൗധ മന്ദിരം ഒരു കാലത്ത് പല മുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. 1952ൽ, അന്നത്തെ മൈസൂർ പ്രവിശ്യയുടെ മുഖ്യമന്ത്രിയായിരുന്ന കെങ്കൽ ഹനുമന്തയ്യയാണ് പ്രൗഢഗംഭീരമായ ഈ കെട്ടിടം പണിതുയർത്തിയത്. മനോഹരമായ മുന്‍വശവും പ്രവേശനകവാടത്തിലെ 45 പടികളുള്ള വലിയ പടിക്കെട്ടുമെല്ലാം ചേർന്ന വിധാൻ സൗധ, കർണാടക സംസ്ഥാനത്തിൻ്റെ തന്നെ അഭിമാനസ്തംഭമാണ്. എങ്കിലും, ഈ സൗധത്തിലെ പടിക്കെട്ടുകളിൽ വച്ച് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്തിയിട്ടുള്ള ആറ് കർണാടക മുഖ്യമന്ത്രിമാർക്ക് കാലാവധി തികയ്ക്കാനാകാതെ പടിയിറങ്ങേണ്ടിവന്നിട്ടുണ്ട്.

    Also Read- Siddaramaiah Swearing-in Ceremony : കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റു; സ്നേഹം ജയിച്ചുവെന്ന് രാഹുൽ ഗാന്ധി

    രാഷ്ട്രീയ അട്ടിമറികൾ, കാലുമാറ്റം, വിവാദങ്ങൾ, അഭിപ്രായഭിന്നതകൾ എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് കർണാടകത്തിൽ സംസ്ഥാന സർക്കാരുകൾ വീണിട്ടുണ്ട്. എന്നാൽ, വിധാൻ സൗധ ശാപം അധികാരത്തിലുള്ളവരെ വിടാതെ പിന്തുടരും എന്ന് പലരും ഉറച്ചു വിശ്വസിക്കുന്നു. ആകെ ഒമ്പത് മുൻ മുഖ്യമന്ത്രിമാർക്കാണ് കർണാടകയിൽ ഇതുവരെ അധികാരത്തിൽ ഒരു വർഷം തികയ്ക്കാതെ പിൻവാങ്ങേണ്ടിവന്നിട്ടുള്ളത്. പകുതിയിലേറെ മുഖ്യമന്ത്രിമാർ തുടർച്ചയായി രണ്ടുവർഷത്തിൽത്താഴെ മാത്രം ഭരണത്തിലിരുന്നിട്ടുള്ളവരാണ്.

    സംസ്ഥാനത്തിൻ്റെ 24ാം മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുന്ന സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ കണ്ഠീരവ സ്റ്റേഡിയത്തിലാണ് നടന്നത്. 2013ലും അദ്ദേഹം തൻ്റെ സത്യപ്രതിജ്ഞയ്ക്കായി തെരഞ്ഞെടുത്തത് ഇതേ വേദി തന്നെയായിരുന്നു. സംസ്ഥാനത്തിൻ്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ദേവരാജ് ഉർസും 2013ൽ അധികാരത്തിൽ വന്ന സിദ്ധരാമയ്യയും മാത്രമാണ് കാലാവധി തികച്ചിട്ടുള്ള രണ്ടേ രണ്ട് മുഖ്യമന്ത്രിമാർ. ഇരുവരുടെയും സത്യപ്രതിജ്ഞ വിധാൻ സൗധയിലായിരുന്നില്ല നടന്നത്. സിദ്ധരാമയ്യ കണ്ഠീരവ സ്റ്റേഡിയം തെരഞ്ഞെടുത്തപ്പോൾ, ഉർസിൻ്റെ സത്യപ്രതിജ്ഞയ്ക്ക് വേദിയൊരുക്കിയത് രാജ് ഭവനായിരുന്നു.

    2018ൽ എച്ച് ഡി കുമാരസ്വാമി ജ്യോതിഷികളുമായി ചർച്ച നടത്തി ഈ ശാപം ഇല്ലാതെയാക്കാൻ ഒരു ശ്രമം നടത്തിയിരുന്നു. നിർഭാഗ്യവശാൽ, വിധാൻ സൗധയുടെ പടിക്കെട്ടുകളിൽ വച്ച് സത്യപ്രതിജ്ഞ നടത്തി അധികാരത്തിലേറിയ അദ്ദേഹത്തിന് 14 മാസങ്ങൾക്കു ശേഷം പടിയിറങ്ങേണ്ടിവന്നു.

    ‘വിധാൻ സൗധ ശാപ’ത്തിൽ കാലിടറിയ മുൻ മുഖ്യമന്ത്രിമാർ

    രാമകൃഷ്ണ ഹെഗ്‌ഡെ: ഗവർണറുടെ നേതൃത്വത്തിൽ രാജ് ഭവനിലെ ഗ്ലാസ് ഹൗസിൽ വച്ചായിരുന്നു 1983 വരെ കർണാടകയിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നിരുന്നത്. എന്നാൽ, 1983ൽ നടന്ന ഹെഗ്‌ഡെയുടെ സത്യപ്രതിജ്ഞ വിധാൻ സൗധയുടെ പടിക്കെട്ടുകളിൽ വച്ച് ആഘോഷയാണ് നടത്തിയത്. കോൺഗ്രസ് ഇതര പാർട്ടിയിൽ നിന്നും സംസ്ഥാനത്ത് മുഖ്യമന്ത്രിപദത്തിലെത്തുന്ന ആദ്യ വ്യക്തിയായി ചരിത്രം സൃഷ്ടിച്ചയാളാണ് രാമകൃഷ്ണ ഹെഗ്‌ഡെ. അതുകൊണ്ടു തന്നെ, തൻ്റെ സത്യപ്രതിജ്ഞാചടങ്ങുകൾ രാജകീയമായി നടക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പൊതുജനങ്ങൾക്കു കൂടി നേരിട്ട് പങ്കെടുക്കാൻ അനുമതിയുള്ള ചടങ്ങായിരുന്നു അത്. വിധാൻ സൗധയ്ക്കു ചുറ്റും തടിച്ചുകൂടിയ ജനങ്ങളെ സാക്ഷിനിർത്തിയാണ് ഹെഗ്‌ഡെ മുഖ്യമന്ത്രിയായി അധികാരമേറ്റത്.

    എന്നാൽ, വിവാദങ്ങൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിൻ്റെ ഭരണകാലം. അധികാരത്തിൽ ഒരു വർഷം തികയ്ക്കുന്നതിനു മുൻപ് അദ്ദേഹത്തിന് രാജിവയ്‌ക്കേണ്ടിവന്നു. ചാരായം കുപ്പികളിൽ നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട കരാർ അദ്ദേഹത്തിനു കീഴിലുള്ള സർക്കാർ കൈകാര്യം ചെയ്ത രീതിയെ കർണാടക ഹൈക്കോടതി നിശിതമായി വിമർശിച്ചിരുന്നു. അതേത്തുടർന്നായിരുന്നു രാജി. മൂന്നു ദിവസത്തിനകം തൻ്റെ രാജി അദ്ദേഹം പിൻവലിച്ചെങ്കിലും, അതിലും ഗൗരവമേറിയ വിവാദങ്ങളായിരുന്നു ഹെഗ്‌ഡെയെ പിന്നീട് കാത്തിരുന്നത്. പ്രമുഖ രാഷ്ട്രീയപ്രവർത്തകരുടെയും ബിസിനസുകാരുടെയും ഫോൺ ചോർത്തിയെന്ന ആരോപണത്തെത്തുർന്ന് അദ്ദേഹത്തിന് വീണ്ടും മുഖ്യമന്ത്രിപദത്തിൽ നിന്നും രാജിവയ്‌ക്കേണ്ടി വന്നു. കാലാവധി തികയ്ക്കാതെ ഇറങ്ങേണ്ടി വന്ന അദ്ദേഹത്തിനു പകരം എസ് ആർ ബൊമ്മായ് അധികാരമേറ്റു.

    1989 ഏപ്രിലിനും 1990 ഒക്ടോബറിനുമിടയിലുള്ള കാലഘട്ടത്തിൽ രണ്ടു തവണയാണ് കർണാടക രാഷ്ട്രപതി ഭരണത്തിനു കീഴിലായത്. ഇടക്കാല മുഖ്യമന്ത്രിയായി വീരേന്ദ്ര പാട്ടീൽ സ്ഥാനമേറ്റെങ്കിലും, ആരോഗ്യപരമായ കാരണങ്ങളാൽ ഒരു വർഷത്തിനുള്ളിൽത്തന്നെ സ്ഥാനമൊഴിയുകയായിരുന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഇത്.

    എസ് ബംഗാരപ്പ: പാട്ടീൽ സ്ഥാനമൊഴിഞ്ഞതിനു ശേഷം 1990ലാണ് കർണാടകയുടെ പന്ത്രണ്ടാം മുഖ്യമന്ത്രിയായി സരേക്കൊപ്പ ബംഗാരപ്പ അധികാരത്തിൽ വരുന്നത്. ഹെഗ്‌ഡെയെപ്പോലെ ബംഗാരപ്പയും വിധാൻ സൗധയുടെ പടിക്കെട്ടുകളാണ് സത്യപ്രതിജ്ഞാവേദിയായി തെരഞ്ഞെടുത്തത്. അദ്ദേഹത്തിനും മുഖ്യമന്ത്രിപദത്തിൽ കാലാവധി തികയ്ക്കാൻ സാധിച്ചില്ല. പല തരത്തിലുള്ള വിവാദങ്ങൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ കാലഘട്ടം. ക്ലാസിക് കംപ്യൂട്ടർ വിവാദമായിരുന്നു അക്കൂട്ടത്തിൽ ഏറ്റവും പ്രധാനം. പിന്നീട് ആ വിഷയത്തിൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തിരുന്നു.

    എങ്കിലും, അക്കാലത്ത് വലിയ പ്രതിസന്ധിയായി മാറിയ കാവേരി നദീജല തർക്കം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ ബംഗാരപ്പ സർക്കാർ പരാജയപ്പെട്ടു. സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളും കലാപങ്ങളും അരങ്ങേറി. അതിനെത്തുടർന്ന് ബംഗാരപ്പ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും വീരപ്പമൊയ്‌ലി പുതിയ മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു. രണ്ടു വർഷം മാത്രമാണ് ബംഗാരപ്പയ്ക്ക് പദവിയിൽ തുടരാൻ കഴിഞ്ഞിരുന്നത്.

    ഇത്രയുമായതോടെ, വിധാൻ സൗധ ‘ശാപ’ത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായിത്തുടങ്ങിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിപദത്തിലെത്തിയ എച്ച് ഡി ദേവഗൗഡയും ജിഎച്ച് പട്ടേലും അധികാരം നഷ്ടപ്പെടുമെന്ന് ഭയന്ന് വിധാൻ സൗധയുടെ പടിക്കെട്ടുകളിൽ വച്ച് സത്യപ്രതിജ്ഞ നടത്താൻ വിസമ്മതിച്ചു.

    എസ് എം കൃഷ്ണ: ഒമ്പതു വർഷങ്ങൾക്കു ശേഷം പതിനാറാം മുഖ്യമന്ത്രിയായി അധികാരമേറ്റ എസ് എം കൃഷ്ണയും പടിക്കെട്ടുകളിൽ വച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. വിധാൻ സൗധ ശാപം എസ് എം കൃഷ്ണ തകർത്തെറിഞ്ഞു എന്ന് തോന്നിത്തുടങ്ങിയപ്പോഴേക്കും, അദ്ദേഹത്തിനും നിർഭാഗ്യകരമായ ചില പ്രതിസന്ധികൾ നേരിടേണ്ടിവന്നു. കാലാവധി തികയ്ക്കുന്നതിന് മാസങ്ങൾക്കു മുൻപാണ് അദ്ദേഹത്തിൻ്റെ മന്ത്രിസഭ 2004ൽ പിരിച്ചുവിടപ്പെട്ടത്. വാജ്‌പേയി സർക്കാരിനെതിരെ നേരിട്ട് വിരൽചൂണ്ടാൻ തയ്യാറായില്ലെങ്കിലും, സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കിയതിനു പിന്നിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തേ നടത്താനുള്ള കേന്ദ്രത്തിൻ്റെ തീരുമാനമാണെന്ന് കൃഷ്ണ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. തുടർന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിയുകയും ചെയ്തു.

    ധരം സിംഗ്: കോൺഗ്രസ് ജെഡിഎസുമായി സഖ്യം സ്ഥാപിച്ചതിനെത്തുടർന്നാണ് ധരം സിംഗ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്. അദ്ദേഹവും വിധാൻ സഭയുടെ പടിക്കെട്ടുകളിൽ വച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ടു വർഷത്തോളം ധരം സിംഗ് മുഖ്യമന്ത്രിയായി തുടർന്നു. ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി 2006ൽ ബിജെപിയ്‌ക്കൊപ്പം ചേർന്നതോടെ ധരം സിംഗിൻ്റെ ഭരണകാലത്തിനും അന്ത്യമായി.

    എച്ച് ഡി കുമാരസ്വാമി: 20:20 മാസത്തെ അധികാരം പങ്കിടൽ സൂത്രവാക്യത്തിലാണ് ജെഡിഎസിന്റെ കുമാരസ്വാമിയും ബിജെപിയുടെ ബിഎസ് യെദ്യൂരപ്പയും മുഖ്യമന്ത്രി – ഉപമുഖ്യമന്ത്രി പദങ്ങളിൽ 2007ൽ അധികാരമേറ്റത്. ഇരുവരുടെയും സത്യപ്രതിജ്ഞ വിധാൻ സൗധയുടെ പടിക്കെട്ടുകളിലായിരുന്നു. എന്നാൽ, 20 മാസം തികയും മുന്നേ സഖ്യം തകർന്നു. ജെഡിഎസ് പിന്തുണ പിൻവലിച്ചതോടെ, ദക്ഷിണേന്ത്യയിലെ ബിജെപിയുടെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയ്ക്ക് ഏഴുദിവസത്തിനകം രാജിവയ്‌ക്കേണ്ടിയും വന്നു.

    ബിഎസ് യെദ്യൂരപ്പ: 110 സീറ്റുളോടു കൂടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി വിജയം കണ്ടതിനെത്തുടർന്നാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയായി യെദ്യൂരപ്പ അധികാരത്തിൽ വരുന്നത്. ആറ് സ്വതന്ത്രസ്ഥാനാർത്ഥികളുടെ പിന്തുണയും ബിജെപിയ്ക്കുണ്ടായിരുന്നു. വിധാൻ സൗധയുടെ പടിക്കെട്ടുകളിൽ വച്ച് സത്യപ്രതിജ്ഞ ചെയ്ത് ഭാഗ്യപരീക്ഷണം നടത്താൻ തന്നെയായിരുന്നു യെദ്യൂരപ്പയുടെ തീരുമാനം. കർണാടകയിലെ കർഷകരുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യത്തെ മുഖ്യമന്ത്രി കൂടിയായിരുന്നു അദ്ദേഹം. എന്നാൽ, കോടികളുടെ നിയമവിരുദ്ധ ഖനന അഴിമതിയിൽ ലോകായുക്ത അറസ്റ്റു ചെയ്തതോടെ, യെദ്യൂരപ്പയ്ക്കും പടിയിറങ്ങേണ്ടിവന്നു. ബിജെപിയുടെ അഞ്ചു വർഷ കാലാവധി തികയ്ക്കാനായി സദാനന്ദ ഗൗഡയും ജഗദീഷ് ഷെട്ടാറും പിന്നീട് മുഖ്യമന്ത്രി പദം സ്വീകരിച്ചു.

    2013ൽ, കോൺഗ്രസ് ശക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനത്തെത്തി. എന്നാൽ, സ്വയം നിരീശ്വരവാദിയായി വിശേഷിപ്പിക്കുന്ന സിദ്ധരാമയ്യ വിധാൻ സഭ ഉപേക്ഷിച്ച് കണ്ഠീരവ സ്റ്റേഡിയത്തിൽ വച്ചാണ് സത്യപ്രതിജ്ഞ നടത്തിയത്. ആയിരക്കണക്കിന് ജനങ്ങളും പാർട്ടി പ്രവർത്തകരും നേതാക്കളുമെല്ലാം സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ സ്റ്റേഡിയത്തിലെത്തിയിരുന്നു.

    ഇതിനു ശേഷം നടന്ന 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 104 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ ബിജെപിയ്ക്ക് സാധിച്ചെങ്കിലും, മന്ത്രിസഭ രൂപീകരിക്കാൻ കഴിഞ്ഞിരുന്നില്ല. 224 അംഗങ്ങളുള്ള കർണാടക നിയമസഭയിൽ, 113 പേരുടെയെങ്കിലും പിന്തുണയില്ലാതെ മന്ത്രിസഭാ രൂപീകരണം സാധ്യമായിരുന്നില്ല. അതിനാവശ്യമായ പിന്തുണ ബിജെപിയ്ക്കില്ലെന്ന് കണ്ടതോടെ, കോൺഗ്രസും ജെഡിഎസും സഖ്യം രൂപീകരിച്ച് ഈ അവസരം വിനിയോഗിച്ചു. എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിൽ തൂക്കുമന്ത്രിസഭ നിലവിൽ വന്നു.

    വിധാൻ സൗധയിൽ വച്ച് ആഘോഷമായാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ നടന്നത്. വിധാൻ സൗധ ശാപത്തിൻ്റെ കാര്യം വലിയ വിശ്വാസിയായ കുമാരസ്വാമി മറന്നിരുന്നില്ല. അനവധി ജ്യോതിഷികളുമായുള്ള ചർച്ചകൾക്കും പ്രത്യേക പൂജകൾക്കും ശേഷമാണ് കുമാരസ്വാമി പടിക്കെട്ടുകളിൽ വച്ച് സത്യപ്രതിജ്ഞ ചെയ്തത്. ജ്യോതിഷികൾ നിർദ്ദേശിച്ച കൃത്യസമയമായ 4.30നു തന്നെ അദ്ദേഹം ചടങ്ങിനായി എത്തിച്ചേരുകയും ചെയ്തിരുന്നു.

    തൂക്കുമന്ത്രിസഭയുടെ കാലഘട്ടം വലിയ പ്രതിസന്ധികൾ നിറഞ്ഞതുതന്നെയായിരുന്നു. കൃത്യം 14 മാസം തികഞ്ഞപ്പോൾ മന്ത്രിസഭ നിലംപതിയ്ക്കുകയും ചെയ്തു. കുമാരസ്വാമി മുന്നോട്ടുവച്ച വിശ്വാസവോട്ടിൽ 99-105 എന്ന നിലയ്ക്ക് സർക്കാർ പരാജയപ്പെട്ടു. മന്ത്രിസഭ പിരിച്ചുവിടുകയും ബി എസ് യെദ്യൂരപ്പയുടെ കീഴിൽ ബിജെപി സർക്കാർ അധികാരത്തിൽ വരികയും ചെയ്തു.

    ഇത്തവണ യെദ്യൂരപ്പ വിധാൻ സൗധയുടെ പടിക്കെട്ടുകളിൽ നിന്നും വിട്ടു നിന്നു. എങ്കിലും മുഖ്യമന്ത്രിപദത്തിൽ അധികകാലം തുടരാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ബിജെപി ഹൈക്കമാന്റിന്റെ നിർദ്ദേശത്തെത്തുടർന്ന് അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നു. മുഖ്യമന്ത്രിസ്ഥാനത്ത് രണ്ടു വർഷം തികച്ച അതേ ദിവസം അദ്ദേഹം തൻ്റെ രാജിപ്രഖ്യാപനവും നടത്തി. ബസവരാജ് ബൊമ്മെയാണ് തുടർന്ന് അധികാരത്തിൽ വന്നത്. രാജ് ഭവനിൽ വച്ചായിരുന്നു അദ്ദേഹത്തിൻ്റെ സത്യപ്രതിജ്ഞ.

    രണ്ടാം വട്ടം അധികാരത്തിലെത്തുമ്പോഴും, ഈ ‘ശാപ’ത്തിൽ നിന്നും വിട്ടുനിൽക്കാൻ തന്നെയാണ് സിദ്ധരാമയ്യയുടെ ശ്രമം. ഇത്തവണ കാലാവധി തികയ്ക്കാൻ കഴിഞ്ഞാൽ, രണ്ടു വട്ടം കാലാവധി പൂർത്തീകരിച്ച കർണാടകത്തിലെ ഏക മുഖ്യമന്ത്രി എന്ന അപൂർവഖ്യാതിയും സിദ്ധരാമയ്യയ്ക്കു സ്വന്തമാകും. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇടം നേടാനുള്ള ആ സാധ്യതയെ വിധാൻ സൗധ ശാപത്തിന് വിട്ടുകൊടുക്കാൻ സിദ്ധരാമയ്യ തയ്യാറാകാത്തതിലും അത്ഭുതമില്ല.

    Published by:Arun krishna
    First published: