HOME » NEWS » Buzz » WHY QUEEN ELIZABETH CELEBRATES TWO BIRTHDAYS MM

എലിസബത്ത് രാജ്ഞിയ്ക്ക് രണ്ട് ജന്മദിനങ്ങൾ ഉണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ? അതിന്റെ കാരണമെന്താണെന്ന് നോക്കാം

എലിസബത്ത് രാജ്ഞി വർഷത്തിൽ രണ്ട് തവണ ജന്മദിനം ആഘോഷിക്കാറുണ്ട്

News18 Malayalam | news18-malayalam
Updated: April 23, 2021, 5:30 PM IST
എലിസബത്ത് രാജ്ഞിയ്ക്ക് രണ്ട് ജന്മദിനങ്ങൾ ഉണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ? അതിന്റെ കാരണമെന്താണെന്ന് നോക്കാം
എലിസബത്ത് രാജ്ഞി
  • Share this:
ഈ വർഷം ഏപ്രിൽ 21-ന് എലിസബത്ത് രാജ്ഞിയ്ക്ക് 95 വയസ് തികഞ്ഞു. അതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് എഡിൻബർഗ് ഡ്യൂക്ക് ആയ അവരുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ മരണമടഞ്ഞത്. നൂറാമത്തെ ജന്മവാർഷികം ആഘോഷിക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കെയാണ് 99 വയസുകാരനായ ഫിലിപ്പ് രാജകുമാരന്റെ അന്ത്യം സംഭവിച്ചത്.

എലിസബത്ത് രാജ്ഞി വർഷത്തിൽ രണ്ട് തവണ ജന്മദിനം ആഘോഷിക്കാറുണ്ട്. 1926 ഏപ്രിൽ 21-ന് ജനിച്ച രാജ്ഞി ഈ ദിവസമാണ് തന്റെ യഥാർത്ഥ ജന്മദിനം ആഘോഷിക്കാറുള്ളത്. ഔദ്യോഗികമായ മറ്റൊരു ജന്മദിനവും എലിസബത്ത് രാജ്ഞിയ്ക്കുണ്ട്. അത് ജൂൺ മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ആഘോഷിക്കാറുള്ളത്.സാധാരണ കുടുംബാംഗങ്ങൾക്കൊപ്പമാണ് രാജ്ഞി തന്റെ യഥാർത്ഥ ജന്മദിനം ആഘോഷിക്കാറുള്ളത്.

ആഘോഷങ്ങളുടെ ഭാഗമായി ഹൈഡ് പാർക്കിൽ 41 ഗൺ സല്യൂട്ടും വിൻഡ്സർ ഗ്രേറ്റ് പാർക്കിൽ 21 ഗൺ സല്യൂട്ടും ടവർ ഓഫ് ലണ്ടനിൽ 62 ഗൺ സല്യൂട്ടും ഉണ്ടാകാറുണ്ട്. എന്നാൽ, ഔദ്യോഗിക ജന്മദിനത്തിൽ ദി ട്രൂപ്പിങ് ഓഫ് കളേഴ്സ് പരേഡ് എന്ന പേരിലുള്ള പ്രശസ്തമായ പരേഡ് നടക്കുകയും രാജ്യമെമ്പാടും ആഘോഷപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും.

ബ്രിട്ടീഷ് രാജാക്കന്മാരുടെ ഔദ്യോഗിക ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി 260 വർഷത്തിലേറെ കാലമായി ഈ ചടങ്ങ് നടത്തിവരുന്നു. 1400 യോദ്ധാക്കളും 200 കുതിരകളും 400 സംഗീതജ്ഞരും അണിനിരക്കുന്നതാവും ഈ പരേഡ്. എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നാണ് പരേഡ് ആരംഭിക്കുക. തുടർന്ന് മാൾ റോഡിലൂടെ ഡൗണിങ് സ്ട്രീറ്റിന് സമീപമുള്ള വൈറ്റ്ഹാളിലെ ഹോഴ്സ് ഗാർഡ്‌സ് പരേഡിലേക്ക് നീങ്ങുന്ന പരേഡ് അവിടുന്ന് കൊട്ടാരത്തിലേക്ക് മടങ്ങിവരുന്നു.



പിന്നീട്, രാജകുടുംബാംഗങ്ങൾ പരമ്പരാഗതമായ ചടങ്ങിന്റെ ഭാഗമായി മാൾ റോഡിലൂടെ താഴേക്ക് വരികയും തങ്ങളുടെ വസതിയായ ബക്കിങ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ആർ.എ.എഫ്. വിമാനങ്ങളുടെ ആകാശ പ്രദർശനത്തോടെയാണ് പരേഡ് അവസാനിക്കുക.

രാജകീയ ചട്ടങ്ങൾ അനുസരിച്ച് വേനൽക്കാലത്ത് നല്ല കാലാവസ്ഥയുള്ള ദിനങ്ങളിലൊന്നിൽ രാജാവിന്റെ ഔദ്യോഗിക ജന്മദിനം നിർബന്ധമായും ആഘോഷിക്കേണ്ടതുണ്ട്. ഒക്ടോബറിൽ ജനിച്ച രാജാവായ ജോർജ് രണ്ടാമന്റെ കാലത്താണ് ഈ ആചാരം ആരംഭിച്ചത് എന്നാണ് കരുതപ്പെടുന്നത്. ഈ വർഷം ഫിലിപ്പ് രാജകുമാരന്റെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണം നടക്കുന്നതിനാൽ രാജ്ഞിയുടെ ജന്മദിനത്തിന് ഗൺ സല്യൂട്ട് ഉണ്ടായിരുന്നില്ല. ചില പ്രത്യേക അവസരങ്ങളിൽ പതിവുള്ളതു പോലെ രാജ്ഞി തന്റെ ഔദ്യോഗിക ഛായാചിത്രവും പുറത്തു വിട്ടിട്ടില്ല.

2017-ൽ എല്ലാവിധ ഔദ്യോഗിക ചുമതലകളിൽ നിന്നും വിരമിച്ച ഫിലിപ്പ് രാജകുമാരൻ ഏപ്രിൽ ഒമ്പതിനാണ് മരണമടഞ്ഞത്.  ചാൾസ്, രാജകുമാരൻ, ആൻഡ്രൂ രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ, ആൻ രാജകുമാരി എന്നീ നാല് മക്കളാണ് എലിസബത്ത് - ഫിലിപ്പ് ദമ്പതികൾക്കുള്ളത്.

Keywords: Queen Elizabeth, Prince Philip, Queen's Birthday, Trooping of Colours parade, എലിസബത്ത് രാജകുമാരി, ഫിലിപ്പ് രാജകുമാരൻ, രാജ്ഞിയുടെ ജന്മദിനം, ട്രൂപ്പിങ് ഓഫ് കളേഴ്സ് പരേഡ്
Published by: user_57
First published: April 23, 2021, 5:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories