• HOME
  • »
  • NEWS
  • »
  • buzz
  • »
  • #metoo | 'മീ ടൂ' മോശമായി ചിത്രീകരിക്കുന്നു; തെലുങ്ക് ചിത്രം 'മെന്‍ ടൂ' ടീസറിനെതിരെ വ്യാപകവിമർശനം

#metoo | 'മീ ടൂ' മോശമായി ചിത്രീകരിക്കുന്നു; തെലുങ്ക് ചിത്രം 'മെന്‍ ടൂ' ടീസറിനെതിരെ വ്യാപകവിമർശനം

''Being a man is not easy'' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്

  • Share this:

    ബെംഗളുരു: തെലുങ്ക് ചിത്രം ‘മെന്‍ ടൂ’ വിന്റെ ടീസറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. ഫെബ്രുവരി പതിമൂന്നിന് പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറിനെതിരെ നിരവധി പേരാണ് വിമര്‍ശമവുമായി രംഗത്തെത്തിയത്. ഏറെ ചര്‍ച്ചയായ മീ ടൂ ക്യാംപെയിനിനെ അപമാനിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ടീസര്‍ എന്നാണ് നിരവധി പേരുടെ അഭിപ്രായം.

    ”Being a man is not easy” എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ശ്രീകാന്ത് ജി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തത്. സ്ത്രീകളില്ലാത്ത ഒരു സ്ഥലമാണ് ഏറ്റവും സമാധാനപൂര്‍ണ്ണമായത് എന്ന സന്ദേശവും ചിത്രത്തിന്റെ ടീസറിലൂടെ പറയുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാകുന്നതല്ലെന്നും ചിലര്‍ വിമര്‍ശിച്ചു. മെനോപോസ്, ആര്‍ത്തവപ്രശ്‌നങ്ങള്‍, മാനസിക സമ്മര്‍ദ്ദം എന്നീ വാക്കുകളുടെയെല്ലാം ആരംഭം men എന്ന വാക്കിലാണെന്ന് പറഞ്ഞാണ് ടീസര്‍ ആരംഭിക്കുന്നത്.

    പുരുഷന്‍ എന്നത് നാണമില്ലാത്ത വര്‍ഗ്ഗമാണെന്ന് ടീസറില്‍ ആദ്യത്തെ കുറച്ച് സമയം പറയുന്നു. ശേഷം അതിന്റെ മറുവശം കാണിക്കുന്നു. സ്ത്രീകളുടെ ഇരയാക്കപ്പെടുന്ന പുരുഷന്‍മാര്‍ എന്ന നിലയിലാണ് പിന്നീട് പുരുഷന്‍മാരെ ടീസറില്‍ അവതരിപ്പിക്കുന്നത്. അങ്ങനെ കാണിക്കുന്ന വിവിധ സീനുകളും ടീസറിലുണ്ട്. ഒന്നാമത്തേത് ഒരു സ്ത്രീയുടെ പരാതി കാരണം ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട പുരുഷന്‍.

    രണ്ടാമതായി ഭര്‍ത്താവിനെക്കൊണ്ട് വസ്ത്രങ്ങള്‍ അലക്കിപ്പിക്കുന്ന ഭാര്യ. ഏറ്റവും ഒടുവില്‍ ഈ പുരുഷന്‍മാരെല്ലാം ഒരു സ്ഥലത്ത് ഒത്തുച്ചേര്‍ന്ന് വളരെ സമാധാനമായി നില്‍ക്കുന്നു. സ്ത്രീകള്‍ അടുത്ത് ഇല്ലാത്തത് കൊണ്ടാണ് ഈ സമാധാനം എന്ന രീതിയിലാണ് ടീസര്‍ അവസാനിക്കുന്നത്. തുടര്‍ന്ന് നിരവധി പേരാണ് ടീസറിന്റെ പ്രമേയത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ട്വിറ്ററിലാണ് നിരവധി പേര്‍ ചിത്രത്തിന്റെ ടീസറിനെതിരെയുള്ള തങ്ങളുടെ വിമര്‍ശനങ്ങള്‍ കുറിച്ചത്.

    Also read- Wedding | ഭാര്യ ഗുണ്ടയാണെന്ന് അറിഞ്ഞില്ല, ആരും പറഞ്ഞില്ല; മാട്രിമോണി സൈറ്റിൽ കണ്ട് വിവാഹംചെയ്ത യുവാവിന് സംഭവിച്ചത്

    ”വളരെ വിഷമകരമാണ്. പുരുഷന്‍മാര്‍ക്ക് പ്രശ്‌നങ്ങളില്ല എന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കുക തന്നെ വേണം. എന്നാല്‍ അതിന് സ്ത്രീകളെ ഭീകരരൂപികളായി ചിത്രീകരിക്കേണ്ടതില്ല. ഇത് വാട്‌സ് ആപ്പ് അങ്കിളുമാരെ പോലെയുണ്ട്,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇതൊരു തമാശയാണോ എന്നാണ് ഒരാള്‍ ചോദിച്ചത്. ഒരു പ്രധാനപ്പെട്ട ക്യാംപെയ്‌നിനെ ഇങ്ങനെ ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല. പുരുഷന്‍മാര്‍ ഇരകളാകുന്നു എന്ന രീതിയില്‍ ചിത്രീകരിക്കുന്നത് ഖേദകരമാണ് എന്നാണ് മറ്റൊരാള്‍ ട്വിറ്ററില്‍ കുറിച്ചത്.

    ‘ മീ ടൂ എന്നത് ജെന്‍ഡര്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള മോശം അനുഭവങ്ങള്‍ തുറന്ന് പറയാന്‍ ശക്തി നല്‍കുന്ന ഒരു ക്യാംപെയ്ന്‍ ആണ്. പുരുഷന്‍മാരും ഇരകളാക്കപ്പെടുന്നുണ്ട്. സമ്മതിക്കുന്നു. ചിത്രത്തിന്റെ പ്രമേയം ഒന്നും ഞാന്‍ നോക്കുന്നില്ല. എന്നാല്‍ ഇങ്ങനെ ചിത്രത്തിന് പേരിടുന്നത് ശരിയല്ല,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ശ്രീകാന്ത് ജി റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് മെന്‍ ടൂ. നരേഷ് അഗസ്ത്യ ബ്രഹ്മാജി, ഹര്‍ഷ്‌സ്, ചേമുടി, റിയ സുമന, പ്രിയങ്ക ശര്‍മ്മ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

    Published by:Vishnupriya S
    First published: