ഗാർഹിക പീഡനം എന്നാൽ ശാരീരികമായ ഉപദ്രവമോ പീഡനമോ മാത്രമല്ലെന്നും അതിൽ, ലൈംഗിക പീഡനവും വാക്കാലുള്ളതും വൈകാരികവുമായ മുറിവേൽപിക്കലും സാമ്പത്തിക ദുരുപയോഗവുമെല്ലാം ഉൾപ്പെടുമെന്നും മുംബൈയിലെ സെഷൻസ് കോടതി. ഭർത്താവിന് മറ്റ് പുരുഷൻമാരുമായി ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി ഭാര്യ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കീഴ്ക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ട്, ഭർത്താവ് ഭാര്യക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും പ്രതിമാസം15,000 രൂപ ജീവനാംശവും നൽകണമെന്നും കോടതി വിധിച്ചു.
പ്രതിയുടെ മൊബൈൽ ഫോണിലുള്ള ചില ഫോട്ടോഗ്രാഫുകൾ പരാതിക്കാരി കാണാനിടയായെന്നും അതിൽ മറ്റ് പുരുഷൻമാർക്കൊപ്പമുള്ള ഭർത്താവിന്റെ നഗ്നചിത്രങ്ങളും ഉണ്ടായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ പരാതിക്കാരി കോടതിക്കു മുൻപാകെ ഹാജരാക്കി. ഈ ചിത്രങ്ങളെല്ലാം പരാതിക്കാരിക്ക് വലിയ മാനസിക വിഷമം ഉണ്ടാക്കിയതായും കോടതി ചൂണ്ടിക്കാട്ടി.
ഭർത്താവിൽ നിന്നും ഭർത്താവിന്റെ മാതാപിതാക്കളിൽ നിന്നും യുവതി വൈകാരികവും മാനസികവുമായ പീഡനം നേരിട്ടതായും ജഡ്ജി പറഞ്ഞു. ഇപ്പോൾ പരാതിക്കാരിയും ഭർത്താവും വേർപിരിഞ്ഞാണ് താമസിക്കുന്നത്. പരാതിക്കാരി മുൻപ് ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോൾ സ്വന്തമായി ജോലിയില്ല. അതിനാൽ ഇവർക്ക് നഷ്ടപരിഹാരവും ജീവനാംശവും നൽകാൻ പ്രതിക്ക് ബാധ്യതയുണ്ടെന്നും കോടതി വിധിച്ചു.
Also read-ക്രിസ്മസ് ആഘോഷിച്ച് ബോളിവുഡ് താരദമ്പതികൾ; ചിത്രങ്ങൾ കാണാം
2016 ലാണ് പരാതിക്കാരിയും ഭർത്താവും വിവാഹിതരായത്. സർക്കാർ ജീവനക്കാരനായ ഭർത്താവിനും വിരമിച്ച സ്കൂൾ പ്രിൻസിപ്പലായിരുന്ന അമ്മായിയമ്മക്കും എതിരെ 2018ൽ മജിസ്ട്രേറ്റ് കോടതിയിൽ യുവതി ഗാർഹിക പീഡന പരാതി നൽകിയിരുന്നു. പരാതി പരിഗണിച്ച കോടതി 2021 നവംബറിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ഇതിൽ പ്രകോപിതനായ ഭർത്താവ് സെഷൻസ് കോടതിയെ സമീപിച്ചു. ഭർത്താവുമായി അടുപ്പം സ്ഥാപിക്കാനുള്ള പല ശ്രമങ്ങളും പരാജയപ്പെട്ടെന്ന് യുവതി കോടതിയെ ബോധിപ്പിച്ചു.
2017 ജനുവരി വരെ താൻ ഇതിനായി ശ്രമിച്ചുവെന്നും എന്നാൽ ഭർത്താവ് തന്നെ അവഗണിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. പിന്നീട് അയാൾ വീട്ടിൽ വൈകി വരാൻ തുടങ്ങി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ജോലി സമ്മർദം കൊണ്ടാണ് വൈകിയെത്തുന്നത് എന്നായിരുന്നു മറുപടി. സംഭവത്തെക്കുറിച്ച് ഭർത്താവിന്റെ അമ്മയോട് സംസാരിച്ചെങ്കിലും അവരും തന്നെ സഹായിച്ചില്ലെന്നും യുവതി കോടതിയെ അറിയിച്ചു. ഒരു ദിവസം ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോൾ അയാളുടെ ഫോണിലെ ചില ചിത്രങ്ങൾ കാണാൻ ഇടയായെന്നും അയാൾ മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ട് താൻ അമ്പരന്നെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.
Also read-ബംഗളൂരുവിലേക്കുളള കെഎസ്ആർടിസി ബസ് വനമധ്യത്തിൽ കേടായി;യാത്രക്കാർ മണിക്കൂറുകളോളം വലഞ്ഞു
ഏത് തരത്തിലുള്ള ഉപദ്രവവും ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുന്നതാണ്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഉപദ്രവമോ ശാരീരികമോ മാനസികമോ സാമൂഹ്യമോ സാമ്പത്തികമോ ആയ അതിക്രമങ്ങളോട അതിന്റെ പരിധിയിൽ വരും. ഇത്തരം കേസുകളിൽ ദൃക്സാക്ഷികളുടെ മൊഴി, രേഖാമൂലമുള്ള തെളിവ്, ഓഡിയോ, വീഡിയോ മുതലായവയെല്ലാം തെളിവായി സ്വീകരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.