ചിലപ്പോൾ വസ്ത്രങ്ങൾ കഴുകാതെ ആഴ്ചകളോ മാസങ്ങളോ വരെ ധരിക്കുന്ന ആളുകൾ ഉണ്ട്. എന്നാൽ ഇതിന് പിന്നിൽ ചിലപ്പോൾ മടിയോ അതിന് പറ്റാത്ത സാഹചര്യങ്ങളോ മറ്റുമായിരിക്കും. എന്നാൽ വർഷങ്ങളോളം വസ്ത്രം കഴുകാതിരിക്കുന്ന ആളുകൾ ഉണ്ടാകുമോ? ഇതിന് തെളിവുമായി രംഗത്തെത്തിയിരിക്കുന്ന ഒരു യുവതിയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. സാന്ദ്ര വില്ലിസ് എന്ന സ്ത്രീ തന്റെ ജീൻസ് വാങ്ങിച്ച ശേഷം ഇതുവരെ ഒരിക്കൽ പോലും കഴുകിയിട്ടില്ലെന്ന് യുകെ ഡേടൈം ടെലിവിഷൻ പ്രോഗ്രാമായ സ്‌റ്റെഫ്സ് പാക്ക്ഡ് ലഞ്ചിലൂടെയാണ് വെളിപ്പെടുത്തിയത് . ഇവരുടെ ഈ തുറന്നു പറച്ചിൽ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
സാന്ദ്ര ഡെനിമിന്‍റെ ഒരു ജീൻസ് വാങ്ങിയിട്ട് 18 വർഷമായി. അവരുടെ മകൾ ലിബർട്ടി ജനിച്ചതിന് ശേഷം 2004 ൽ ആണ് ഈ ജീൻസ് വാങ്ങിയത്. ഇതുവരെ ജീൻസ് ഒറ്റ തവണ പോലും കഴുകിയിട്ടില്ലെന്നും നിലവിൽ രണ്ടു കുട്ടികളുടെ അമ്മ കൂടിയായ സാന്ദ്ര ഈ ജീൻസ് ഉപയോഗിച്ച് പലയിടങ്ങളിലും സഞ്ചരിക്കാറുണ്ടെന്നും വെളിപ്പെടുത്തി. “ഞാൻ അവ ഇപ്പോൾ വർഷത്തിൽ ഒരിക്കൽ മാത്രം ആണ് ധരിക്കുന്നത്, അവ ഇപ്പോഴും പുതിയതായി കാണപ്പെടുന്നതിനാൽ എനിക്ക് അത് ഒഴിവാക്കാൻ കഴിയില്ല. കൂടാതെ ഞാനത് മണപ്പിച്ചു നോക്കുമ്പോൾ ഒരു മണവും ഇല്ലാത്തതിനാൽ ഞാൻ വളരെ വൃത്തിയുള്ള ആളായിരിക്കണം, ” എന്നും അവർ വ്യക്തമാക്കി.
Also read-ഓൺലൈൻ വഴി 500 രൂപയുടെ പഴ്സ് ഓര്‍ഡര്‍ ചെയ്തു; യുവാവിന് ലഭിച്ചത് ഒരു കുപ്പി വെള്ളം
ഷോയുടെ അവതാരകനായ സ്റ്റെഫ് മക്ഗവർൺ ചോദിച്ച ചോദ്യത്തിനാണ് സാന്ദ്ര വില്ലിസ് എന്ന യുവതിയുടെ ഏവരെയും ഞെട്ടിച്ചു കൊണ്ടുള്ള വെളിപ്പെടുത്തൽ. ജീൻസ് എപ്പോഴാണ് നിങ്ങൾ കഴുകാറുള്ളത് എന്ന് അവതാരകൻ പ്രേക്ഷകരോട് ചോദിക്കുകയായിരുന്നു. ഇതിന് ഉത്തരം നൽകി മിക്ക ആളുകളും ഇരുന്നപ്പോൾ സാന്ദ്ര മാത്രം ജീൻസ് ഒരിക്കൽ പോലും കഴുകാത്തതിനാൽ അവിടെത്തന്നെ നിൽക്കുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വളരെ നാണക്കേട് ഉണ്ടെന്നും അവർ സമ്മതിച്ചു. “പ്രോഗ്രാമിൽ പങ്കെടുക്കുന്നതുവരെ ഞാൻ അതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും സാന്ദ്ര പറഞ്ഞു.
എന്നാൽ ഈ എപ്പിസോഡ് ഓൺലൈൻ മാധ്യമങ്ങളിൽ സംപ്രേക്ഷണം ചെയ്തതിനു പിന്നാലെ പലതരത്തിലുള്ള പ്രതികരണങ്ങളുമായി നിരവധി ആളുകൾ രംഗത്തെത്തി. സോഷ്യൽ മീഡിയയിലും ആളുകൾ തങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ പങ്കുവെച്ചതോടെ സാന്ദ്ര വില്ലിസ് നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ വൈറലാവുകയായിരുന്നു.
എന്നാൽ നിരവധി ആളുകൾ ഇവരെ വിമർശിച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരുന്നു. സാന്ദ്രയുടെ ഈ വെളിപ്പെടുത്തൽ നെറ്റിസൺസിന് ഇപ്പോഴും ഒരു ചർച്ചാവിഷയമാണ്. എങ്കിലും ഈ കോലാഹലങ്ങൾക്കൊന്നും ചെവി കൊടുക്കാതെ സാന്ദ്ര വില്ലിസ് ഇപ്പോഴും വസ്ത്രം കഴുകാത്ത ആ ദിനചര്യയുമായി മുന്നോട്ടു പോവുകയാണ്. ഇനി ആവശ്യമെന്ന് തോന്നിയാൽ ജീൻസ് ഉറപ്പായും കഴുകുമെന്നും എന്റർടൈനറും എഴുത്തുകാരിയും കൂടിയായ വില്ലിസ് കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Buzz, Jeans, Viral video