• HOME
  • »
  • NEWS
  • »
  • buzz
  • »
  • CBI |ജീവിച്ചിരിപ്പില്ലെന്ന് സിബിഐ പറഞ്ഞ സ്ത്രീ കോടതിയിൽ!; അന്വേഷണ സംഘത്തിന് നോട്ടീസ് അയച്ച് ജഡ്ജി

CBI |ജീവിച്ചിരിപ്പില്ലെന്ന് സിബിഐ പറഞ്ഞ സ്ത്രീ കോടതിയിൽ!; അന്വേഷണ സംഘത്തിന് നോട്ടീസ് അയച്ച് ജഡ്ജി

ഇവരുടെ മരണ സർട്ടിഫിക്കറ്റ് വരെ സിബിഐ കോടതിയിൽ ഹാജരാക്കിയിരുന്നു

court

court

  • Share this:
    സിബിഐ (CBI) ജീവിച്ചിരിപ്പില്ലെന്ന് പ്രഖ്യാപിച്ച സ്ത്രീ കോടതിയിൽ ഹാജരായി. ബിഹാറിലെ (Bihar) മുസഫർപൂർ (Muzaffarpur) കോടതിയിലാണ് അഭിഭാഷകരെ പോലും ഞെട്ടിച്ച് കൊണ്ടുള്ള സംഭവം അരങ്ങേറിയത്. ഈ കാഴ്ച നേരിട്ടു കണ്ട് അമ്പരന്ന ജഡ്ജി കേന്ദ്ര അന്വേഷണ ഏജൻസിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മരിക്കാത്ത ഒരാൾ മരിച്ചുവെന്ന് റിപ്പോർട്ട് നൽകിയതിന് സിബിഐ വിശദീകരണം നൽകണമെന്നാണ് ആവശ്യം.

    മാധ്യമപ്രവർത്തകനായിരുന്ന രാജ‍്‍ദിയോ രഞ്ജൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതിയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കേസിലെ സാക്ഷികളിലൊരാളായ ബദാമി ദേവിയാണ് കോടതിയിൽ ഹാജരായത്. ഇവർ മരണപ്പെട്ടുവെന്നാണ് സിബിഐ നൽകിയിട്ടുള്ള റിപ്പോർട്ടിൽ പറയുന്നത്. ഇവരുടെ മരണ സർട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ട്. എന്നാൽ കേസുമായി ബന്ധപ്പെട്ട വാർത്തകൾ പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞ ബദാമി ദേവി കോടതിയിൽ നേരിട്ട് ഹാജരാവുകയായിരുന്നു.

    ബിഹാറിലെ ഒരു മാർക്കറ്റിൽ വെച്ചായിരുന്നു മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചത്. സിബിഐയെപ്പോലെ ഉത്തരവാദിത്വമുള്ള ഒരു അന്വേഷണ ഏജൻസി, മരിക്കാത്തയാൾ മരിച്ചെന്ന് പറഞ്ഞ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയത് ദുരൂഹതയുണർത്തുന്ന കാര്യമാണെന്ന് പരാതിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിരപരാധികളെ കുടുക്കാനും യഥാർഥ പ്രതികളെ രക്ഷപ്പെടുത്താനും ശ്രമമുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിൽ രാഷ്ട്രീയ ഇടപെലുണ്ടോയെന്ന് സംശയിക്കുന്നതായും പരാതിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

    ജയിലിലായിരുന്ന ബാഹുബലി മുഹമ്മദ് ശബാബുദ്ദീൻ ഏർപ്പെടുത്തിയ ആളുകൾ 2016 മെയ് 13ന് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. സിവാനിലെ സ്റ്റേഷൻ റോഡിൽ വെച്ച് വെടിവെച്ചാണ് രാജ‍്‍ദിയോ രഞ്ജനെ കൊലപ്പെടുത്തിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. കേസിൽ മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് 2017ൽ സുപ്രീം കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. കേസിൽ ചാർജ് ഷീറ്റ് നൽകിയില്ലെന്ന കാരണത്താൽ ഒരു പ്രതിയും ജാമ്യം നേടി പുറത്ത് പോവാൻ ഇടവരരുതെന്ന് ജസ്റ്റിസ് ദീപക് മിശ്രയും അമിതവ റോയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ കേസിലാണ് ഇപ്പോൾ നാടകീയമായ സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്.

    ഒളിവിൽ കഴിയുന്ന രണ്ട് കുറ്റവാളികളായ മുഹമ്മദ് കൈഫ്, മുഹമ്മദ് ജാവേദ് എന്നിവരെ പ്രഖ്യാപിത കുറ്റവാളികളായി പ്രഖ്യാപിച്ചിരുന്നുവോ എന്നതിന് സിവാനിലെ സെഷൻസ് ജഡ്ജിയോട് ബെഞ്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. ബിഹാർ മുൻ ആരോഗ്യമന്ത്രി തേജ് പ്രതാപ് യാദവിനും വിവാദ ആർജെഡി നേതാവ് ഷഹാബുദ്ദീനുമൊപ്പം ഇവരെ കണ്ടതായും റിപ്പോ‍ർട്ടുകൾ പുറത്ത് വന്നിരുന്നു.

    കൊലപാതകക്കേസുമായി ബന്ധപ്പെട്ട് മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിൻെറ മകനും ബിഹാറിലെ മുൻ ആരോഗ്യ മന്ത്രിയുമായിരുന്ന തേജ് പ്രതാപ് യാദവിനെ ചോദ്യം ചെയ്യണമെന്ന് രഞ്ജൻെറ ഭാര്യ ആവശ്യപ്പെട്ടിട്ടുണ്ട്. ആർജെഡി നേതാവ് ഷഹാബുദ്ദീനെ ചോദ്യം ചെയ്യണമെന്നും അവർ നൽകിയ അപേക്ഷയിൽ പറയുന്നു. ഇത് കൂടാതെ കേസ് ബിഹാറിലെ സിവാനിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
    Published by:Naveen
    First published: