ഒരു പേരിൽ എന്തിരിക്കുന്നു എന്നൊക്കെ ചിലർ പറയും. എന്നാൽ കുട്ടികൾക്ക് ഒരു പേരു കണ്ടുപിടിക്കുക എന്നത് പല മാതാപിതാക്കളെ സംബന്ധിച്ചും വലിയൊരു കടമ്പയാണ്. ചിലർക്ക് പ്രത്യേക അർഥം ഉള്ള പേരുകളോടാകും ഇഷ്ടം. ചിലർക്ക് കേൾക്കുമ്പോളുള്ള ഭംഗി ആയിരിക്കും പ്രധാനം. പേരുകൾ കണ്ടുപിടിക്കാൻ ചിലർ കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ അഭിപ്രായം തേടും. മറ്റു ചിലർ ഒരു പടി കൂടി കടന്ന് അൽപം പ്രൊഫഷണൽ ആകാൻ തീരുമാനിക്കും. പ്രൊഫഷണൽ വ്യക്തികളുടെ സഹായത്തോടു കൂടെ ആയിരിക്കും ഇവർ മക്കൾക്ക് അനുയോജ്യമായൊരു പേര് കണ്ടുപിടിക്കുക. ഇത്തരത്തിൽ മക്കൾക്ക് പേര് കണ്ടു പിടിക്കാൻ ആശക്കുഴപ്പത്തിലായിരിക്കുന്ന വ്യക്തികളെ സഹായിക്കുന്ന ആളാണ് 33 കാരിയായ ടെയ്ലർ എ. ഹംഫ്രി (Taylor A Humphrey) . അമേരിക്കൻ (US) സ്വദേശിയായ ടെയ്ലർ കുട്ടികൾക്കുള്ള പേരുകൾ നിർദേശിച്ച് നേടുന്നത് കോടികളാണ്.
വ്യവസായിയായ ടെയ്ലർ 'എഴുത്തിനോട് അഭിനിവേശം ഉള്ള ആൾ' എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. സോഷ്യൽ മീഡിയ, ബ്രാൻഡിംഗ്, മാർക്കറ്റിംഗ് എന്നിവയിലും ടെയ്ലർ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ടെയ്ലർ പ്രധാനമായും പണം സമ്പാദിക്കുന്നത് ബേബി നെയിമർ (Baby Namer) എന്ന സ്വയം തിരഞ്ഞെടുത്ത പ്രൊഫഷനിലൂടെയാണ്. ആയിരക്കണക്കിന് ഡോളറാണ് ഈ ജോലിയിലൂടെ ടെയ്ലർ എ. ഹംഫ്രി നേടുന്നത്.
ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ടെയ്ലർ ബേബി നെയ്മർ എന്ന ജോലി തിരഞ്ഞെടുക്കുന്നതിനു മുൻപ് ഇവന്റ് പ്ലാനറായും ഫണ്ട് റെയ്സർ ആയും പ്രവർത്തിച്ചിട്ടുണ്ട്. കുട്ടികളുടെ പേരുകളോടും അത് കണ്ടുപിടിക്കുന്നതിനോടും പ്രത്യേക ഇഷ്ടം ഉള്ള ആളാണ് താനെന്നും ആ ഇഷ്ടം ഒരു തൊഴിലായി മാറ്റുകയായാരുന്നുവെന്നും ടെയ്ലർ പറയുന്നു. ഫോൺ കോളുകൾ ചെയ്തും ചോദ്യാവലികൾ തയ്യാറാക്കിയും കുടുംബത്തിന്റെ വംശാവലിയും പഴയ കുടുംബപ്പേരുകളുമൊക്കെ അന്വേഷിച്ചുമാണ് ടെയ്ലർ കുട്ടികൾക്കുള്ള പേരുകൾ മാതാപിതാക്കൾക്ക് നിർദേശിക്കുന്നത്. കുട്ടികൾക്ക് പേരിടുന്നതിന് മുമ്പ് ദമ്പതികളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും ടെയ്ലർ അന്വേഷിക്കാറുണ്ട്. ഉദാഹരണത്തിന്, പാർക്കർ എന്ന പട്ടണത്തിൽ വെച്ച് ആദ്യമായി ചുംബിച്ച ദമ്പതികൾക്ക് കുഞ്ഞിനായി ടെയ്ലർ നിർദേശിച്ചത് പാർക്ക്സ് എന്ന പേരാണ്.
Also Read-
Quran | ഇത്തവണയും ഖുറാൻ പാരായണം ചെയ്ത് ബേലൂർ ക്ഷേത്രത്തിലെ രഥോത്സവത്തിന് തുടക്കം; ചരിത്രമറിയാം
തന്റെ പക്കൽ വരുന്ന മാതാപിതാക്കളിൽ ഏറെയും മൂന്നാമത്തെയോ നാലാമത്തെയോ കുട്ടികൾക്കുള്ള പേരുകൾ അന്വേഷിച്ചാണ് എത്താറുള്ളതെന്ന് ടെയ്ലർ പറയുന്നു.
2020 മാത്രം 100-ലധികം ക്ലൈന്റുകളെ സഹായിച്ചതിലൂടെ 50,000 ഡോളർ (ഏകദേശം 1.14 കോടി രൂപ) ആണ് ടെയ്ലർ സമ്പാദിച്ചത്.
ചില മാതാപിതാക്കൾ മക്കൾക്ക് അനുയോജ്യമായ ഒരു പേര് ലഭിക്കുന്നതിന് 10,000 ഡോളർ (7.6 ലക്ഷം രൂപ) വരെ നൽകാൻ തയ്യാറാണെന്നും ടെയ്ലർ പറയുന്നു.
സമ്പദ്വ്യവസ്ഥയുടെ തകിടം മറിയുന്നതിനിടയിൽ ലോകമെമ്പാടുമുള്ള ആളുകൾ അസാധാരണമായ ജോലികൾ ഏറ്റെടുക്കുന്ന വാർത്തകൾ പുറതത്തു വരാറുണ്ട്. അത്തരത്തിൽ സ്വയം തിരഞ്ഞെടുത്ത വഴിയേ ആണ് ടെയ്ലറും സഞ്ചരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.