• HOME
 • »
 • NEWS
 • »
 • buzz
 • »
 • Skipping | ഇഷ്ടവിനോദം ജോലിയാക്കി മാറ്റി യുവതി; സ്കിപ്പിങ്ങ് ചെയ്തു നേടുന്നത് ലക്ഷങ്ങൾ

Skipping | ഇഷ്ടവിനോദം ജോലിയാക്കി മാറ്റി യുവതി; സ്കിപ്പിങ്ങ് ചെയ്തു നേടുന്നത് ലക്ഷങ്ങൾ

സോഷ്യൽ മീഡിയ വഴി സ്കിപ്പിങ്ങിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയത് തനിക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകിയെന്നും ലോറൻ പറയുന്നു.

 • Share this:
  നമുക്ക് ഇഷ്ടപ്പെട്ട വിനോദങ്ങൾ ഒരു ജോലിയായി ലഭിച്ചിരുന്നെങ്കിൽ എന്നാ​ഗ്രഹിക്കുന്ന ചിലരെങ്കിലും ഉണ്ടാകാം. അതൊരു ഉ‍ട്ടോപ്യൻ ചിന്താ​ഗതിയാണെന്ന് കരുതാൻ വരട്ടെ. ചുരുക്കം ചിലരെങ്കിലും തങ്ങളുടെ ഇഷ്ടവിനോദങ്ങൾ പണം സമ്പാദിക്കാനുള്ള മാർ​ഗമായി മാറ്റിയിട്ടുണ്ട്. അത്തരത്തിലൊരാളാണ് മുപ്പതുകാരിയായ ലോറൻ ഫ്ലൈമാൻ (Lauren Flyman). ഇം​ഗ്ലണ്ടിലെ സെന്റ് ആൽബൻസ് (St Albans) സ്വദേശിയായ ലോറൻ തന്റെ ഹോബിയായ റോപ്പ് സ്കിപ്പിങ്ങ് (Rope Skipping) ചെയ്താണ് പണം സമ്പാദിക്കുന്നത്. സ്കിപ്പിങ്ങ് ആരോഗ്യത്തോടെയും ഫിറ്റ് ആയും ഇരിക്കാൻ ലോറനെ സഹായിക്കുകയും ചെയ്യുന്നു.

  കോവിഡ് ലോക്ക്ഡൗൺ സമയത്ത് ജോലി നഷ്ടപ്പെട്ടതിന് ശേഷമാണ് ലോറൻ തന്റെ ഇഷ്ട വിനോദമായ സ്കിപ്പിംഗിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. അതിനു മുൻപ് സെയിൽസ് മാനേജരായി ജോലി ചെയ്തിരുന്ന ലോറന് ഓഫീസ് ആവശ്യങ്ങൾക്കായി ഏറെ ദൂരം യാത്ര ചെയ്യേണ്ടി വന്നിരുന്നു. ലോക്ഡൗൺ അവളുടെ കരിയറിലും ജീവിതത്തിലും വലിയ തിരിച്ചടി ആകുകയും ചെയ്തു.

  ആദ്യം വെയ്റ്റ്ലിഫ്റ്റിങ്ങും അൽപം അലങ്കാരപ്പണികളും ഒക്കെ ചെയ്തു നോക്കിയെങ്കിലും അതൊന്നും ലോറന് സംതൃപ്തി നൽകിയില്ല. അങ്ങനെയാണ് അവൾ സ്കിപ്പിങ്ങിലുള്ള തന്റെ കഴിവ് കൂടുതൽ മികച്ചതാക്കാൻ തീരുമാനിച്ചത്. സ്‌കിപ്പർമാരുടെ ഒരു ഓൺലൈൻ നെറ്റ്‌വർക്കിൽ ചേരുകയും ചെയ്തു. ദിവസവുമുള്ള സ്കിപ്പിങ്ങ് വിശേഷങ്ങൾ പങ്കിടാൻ ഇൻസ്റ്റഗ്രാം അക്കൗണ്ടും ആരംഭിച്ചു. ലോറന്റെ പോസ്റ്റുകൾ ശ്രദ്ധയിൽ പെട്ട നിരവധി ബ്രാൻഡുകൾ കൊളാബറേഷനായും തങ്ങളുടെ ഉത്പന്നങ്ങൾ പ്രമോട്ട് ചെയ്യാനും ലോറനെ സമീപിച്ചു തുടങ്ങി.  “എന്റെ ജീവിതം ഇപ്പോൾ വളരെയധികം മാറിയിരിക്കുന്നു. മുൻപത്തെ ജോലിയിൽ നിന്ന് എനിക്ക് ശമ്പളം ലഭിച്ചിരുന്നു. പക്ഷേ അത് ചെലവഴിക്കുന്നതിൽ ഞാൻ വളരെ ശ്രദ്ധാലുവായിരുന്നു. ഇപ്പോൾ എനിക്ക് താൽപര്യമുള്ള വലിയ സംരംഭങ്ങളിൽ പങ്കാളിയാകാനും എനിക്കിഷ്ടമുള്ള കാര്യങ്ങളിൽ നിക്ഷേപിക്കാനുമൊക്കെ എന്റെ പക്കൽ പണമുണ്ട്'', ലോറൻ പറഞ്ഞതായി ദി സൺ റിപ്പോർട്ട് ചെയ്തു.

  ഇൻസ്റ്റഗ്രാമിൽ ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് ലോറന് നിലവിൽ ഉള്ളത്. സ്കിപ്പിങ്ങ് താൻ ആഴ്ചയിൽ ആറ് മണിക്കൂർ മാത്രമേ ചെയ്യുന്നുള്ളൂവെന്നും ബാക്കി സമയം താൻ സഹകരിക്കുന്ന ബ്രാൻഡുകളിലും കൊറിയോഗ്രാഫിയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ലോറൻ വെളിപ്പെടുത്തി. സോഷ്യൽ മീഡിയ വഴി സ്കിപ്പിങ്ങിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയത് തനിക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകിയെന്നും ലോറൻ പറയുന്നു.

  ലോക്ക്ഡൗൺ സമയത്താണ് സ്കിപ്പിങ്ങിൽ ലോറൻ കൂടുതൽ വൈദ​​ഗ്ധ്യം നേടിയത്. സ്കിപ്പിങ്ങ് തന്റെ മുഴുവൻ സമയ ജോലിയാക്കാൻ തീരുമാനിച്ചതൊടൊപ്പം പാർ‌ട് ടൈം ആയി സെയിൽ ജോലി ചെയ്യാൻ തയ്യാറെടുക്കുക കൂടിയാണ് ലോറൻ.

  ഇൻസ്റ്റ​ഗ്രാം റീലുകളിലൂടെയും പ്രമോഷൻ പോസ്റ്റുകളിലൂടെയും പണം നേടുന്നവരുടെ എണ്ണം സമീപകാലത്തായി വർധിച്ചു വരികയാണ്. യുവജനങ്ങളാണ് ഈ സാധ്യത കൂടുതലായും പ്രയോജനപ്പെടുത്തുന്നത്. നിരവധി ഫോളോവേഴ്സ് ഉള്ളവരെ ബ്രാൻഡുകൾ ഇങ്ങോട്ട് സമീപിക്കാറുണ്ട്. ടിക്ക് ടോക്കിന് പൂട്ട് വീണതോടെ ഇൻസ്റ്റ​ഗ്രാം ഇന്ത്യയിലും കൂടുതൽ പ്രചാരം നേടിയിരുന്നു.
  Published by:Naveen
  First published: