HOME » NEWS » Buzz » WOMAN ENTERS ZOO ENCLOSURE TO FEED CHEETOS TO MONKEYS ZOO OFFICIALS TAKE LEGAL ACTION JK

നിരോധിതപ്രദേശത്ത് അതിക്രമിച്ചുകടന്ന് കുരങ്ങുകള്‍ക്ക് ചീറ്റോസ് നല്‍കി യുവതി; നിയമനടപടിക്കൊരുങ്ങി മൃഗശാലാ അധികൃതര്‍

ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല എന്നും എൽ പാസോ പോലീസ് വകുപ്പ് അന്വേഷണം നടത്തുകയാണെന്നും പോലീസ് ഡിറ്റക്റ്റീവ് ഡയാൻ മാക്ക് അറിയിക്കുന്നു

News18 Malayalam | news18-malayalam
Updated: May 27, 2021, 2:29 PM IST
നിരോധിതപ്രദേശത്ത് അതിക്രമിച്ചുകടന്ന് കുരങ്ങുകള്‍ക്ക് ചീറ്റോസ് നല്‍കി യുവതി; നിയമനടപടിക്കൊരുങ്ങി മൃഗശാലാ അധികൃതര്‍
Image Instagram
  • Share this:

യു എസിലെ ടെക്‌സസിൽ ഒരു മൃഗശാലയുടെ നിരോധിത മേഖലയിലേക്ക് പ്രവേശിച്ച് ഒരു യുവതി മൃഗങ്ങൾക്ക് ചീറ്റോസ് നൽകുന്ന ഞെട്ടലുളവാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മൃഗശാലയിൽ ചിലന്തി കുരങ്ങുകൾ കഴിയുന്ന വലയിത പ്രദേശത്താണ് യുവതി അനധികൃതമായി പ്രവേശിച്ചത്. തുടർന്ന് അവിടത്തെ ഒരു ജലാശയത്തിന് സമീപം കുരങ്ങുകളുടെ തൊട്ടടുത്ത് നിന്ന് അവർക്ക് കഴിക്കാൻ ചീറ്റോസ് എറിഞ്ഞു കൊടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.


ഒരു പാറയിൽ ചാരി നിന്നുകൊണ്ട് കുരങ്ങുകൾക്ക് ചീറ്റോസ് എറിഞ്ഞു കൊടുക്കുന്ന യുവതി അത് ആസ്വദിക്കുന്നതായും പൊട്ടിച്ചിരിക്കുന്നതായും വീഡിയോയിൽ കാണാം. അൽപ്പനേരം അവർക്ക് ഭക്ഷണം നൽകിയ ശേഷം യുവതി ആ ജലാശയം മുറിച്ചു കടക്കുകയും മറ്റൊരാളുടെ സഹായത്തോടെ ആ വലയിതപ്രദേശത്തിന് പുറത്ത് കടക്കുന്നതും കാണാം.



സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ മൃഗശാലാ അധികൃതരും ഈ വീഡിയോ കാണാനിടയായി. ആ യുവതിയെ വിഡ്ഢിയെന്ന് വിശേഷിപ്പിച്ച മൃഗശാലയുടെ ഡയറക്റ്റർ ജോ മോണ്ടിസാനോ ഭാഗ്യം കൊണ്ടാണ് അവർക്ക് അപകടമൊന്നും സംഭവിക്കാഞ്ഞത് എന്നും വാഷിംഗ്ടൺ പോസ്റ്റിനോട് സംസാരിക്കവെ പറഞ്ഞു. അവർക്കെതിരെ മൃഗശാലാ അധികൃതർ നടപടി സ്വീകരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.






ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല എന്നും എൽ പാസോ പോലീസ് വകുപ്പ് അന്വേഷണം നടത്തുകയാണെന്നും പോലീസ് ഡിറ്റക്റ്റീവ് ഡയാൻ മാക്ക് അറിയിക്കുന്നു. ആ യുവതി കുരങ്ങുകൾക്ക് ചീറ്റോസ് കഴിക്കാൻ നൽകുകയായിരുന്നു എന്ന കാര്യം മോണ്ടിസാനോ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അനുമതിയില്ലാതെ നൽകിയ ഭക്ഷണം ആ മൃഗങ്ങൾ കഴിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എൽ പാസയിൽ നിരോധിത മേഖലകളിൽ അതിക്രമിച്ചു കടക്കുന്ന കുറ്റത്തിന് 2000 ഡോളർ വരെ പിഴയും 180 ദിവസം വരെ തടവുശിക്ഷയും നേരിടേണ്ടി വന്നേക്കുമെന്ന് പോലീസ് വക്താവ് എൻറിക് കാറില്ലോ വ്യക്തമാക്കുന്നതായി ന്യൂ യോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.


ഈ സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് ആലോചിക്കുന്നതെന്ന് മൃഗശാലാ അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി. ഒപ്പം, ക്യാമറകൾ സ്ഥാപിക്കുന്നതിലൂടെയും കൂടുതൽ സുരക്ഷിതമായ വേലികൾ പണിയുന്നതിലൂടെയും ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്തുമെന്നും അധികൃതർ അറിയിക്കുന്നു.


എന്തായാലും പൊതുസമൂഹത്തിൽ നിന്ന് വലിയ രോഷമാണ് യുവതിയ്‌ക്കെതിരെ ഉയരുന്നത്. ലൂസി റേ എന്നാണ് അവരുടെ പേരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു പ്രാദേശിക നിയമസ്ഥാപനത്തിൽ ലിറ്റിഗേഷൻ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു വരികയായിരുന്ന യുവതിയെ ഈ സംഭവത്തെ തുടർന്ന് ജോലിയിൽ നിന്ന് നീക്കം ചെയ്തു. യുവതിയുടെ ഭാഗത്ത് നിന്നുണ്ടായത് തികച്ചും അശ്രദ്ധവും നിരുത്തരവാദപരവുമായ പെരുമാറ്റമാണെന്നും അതിനാൽ അവരെ ജോലിയിൽ നിന്ന് നീക്കം ചെയ്യുകയാണെന്നും പ്രസ്തുത നിയമസ്ഥാപനം പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിച്ചിട്ടുണ്ട്.

Published by: Jayesh Krishnan
First published: May 27, 2021, 2:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories