പല കാരണങ്ങൾ കൊണ്ട് വിവാഹമോചനങ്ങൾ നടക്കാറുണ്ട്. എന്നാൽ അതിവിചിത്രമായ ഒരു കാരണമാണ് ഈയടുത്ത് റെഡിറ്റിൽ ഒരാൾ പങ്കുവച്ചത്. അവധിക്ക് പോയി തിരികെ വന്നപ്പോൾ ഭർത്താവ് പൂച്ചയെ ഷെൽട്ടർ ഹോമിലാക്കിഎന്നതാണ് ഭർത്താവിനെതിരെ വിവാഹമോചന കേസ് കൊടുക്കാൻ കാരണമെന്നാണ് ഒരു യുവതി റെഡിറ്റ് എന്ന സാമൂഹ്യമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതെന്ന് ദി മിറർ റിപ്പോർട്ട് ചെയ്തു.
പൂച്ച വളരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ അതിനെ യുവതി രക്ഷപെടുത്തി വളർത്തുകയായിരുന്നുവത്രേ. തന്റെ പിതാവിന്റെ മരണശേഷം ഉണ്ടായ ഒറ്റപ്പെടലിൽ ആശ്വാസമായത് ബെൻജി എന്ന് പേരുള്ള പൂച്ചയായിരുന്നു എന്നും യുവതി പറയുന്നു. പിതാവിന്റെ പുനർജന്മമാണ് പൂച്ച എന്നാണ് അവർ വിശ്വാസിക്കുന്നത്. യുവതി അവധിയ്ക്ക് പോയി തിരിച്ചെത്തിയപ്പോഴേയ്ക്കും ഭർത്താവ് പൂച്ചയെ ഷെൽട്ടർ ഹോമിലാക്കി. തുടർന്ന് കുറച്ച് ദിവസങ്ങളായി യുവതി അസ്വസ്ഥയായിരുന്നു. പിന്നീടാണ് വിവാഹമോചന കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചതെന്നും ദി മിറർ റിപ്പോർട്ട് ചെയ്തു.
“അവൻ വളരെ ചെറുതായിരിക്കുമ്പോഴാണ് ഞാൻ അവനെ രക്ഷിച്ചത്. രണ്ട് വർഷമായി അവൻ എന്റെ കൂടെ ഉണ്ട്. ഇത് ചിലർക്ക് ഭ്രാന്താണെന്ന് തോന്നാം, പക്ഷേ ബെൻജി എന്റെ അച്ഛന്റെ പുനർജന്മമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ എനിക്ക് പൂച്ചയോടുള്ളതിനേക്കാൾ മറ്റ് എന്തോ ഒന്ന് തോന്നാറുണ്ട്. ഇത് വിചിത്രവും അനാരോഗ്യകരവുമാണെന്ന് എന്റെ ഭർത്താവ് കരുതുന്നു. പൂച്ചയുമായുള്ള എന്റെ ബന്ധം അദ്ദേഹത്തെ അസ്വസ്ഥനാക്കുകയും എന്റെ അച്ഛന്റെ ആത്മാവ് അവനുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടായും മാറി ” യുവതി പോസ്റ്റിൽ കുറിച്ചു.
അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് അവധിക്ക് പോയതെന്ന് യുവതി പറയുന്നു. അവധിയ്ക്ക് ശേഷം തിരികെ വീട്ടിൽ വന്നപ്പോൾ മുതൽ തന്റെ പൂച്ചയെ കാണാനില്ലെന്ന് മനസിലാക്കിയ അവൾ ഭർത്താവിനോട് പൂച്ചയെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകരിലൊരാൾക്ക് പൂച്ചയെ നോക്കാൻ നൽകിയെന്ന് മറുപടി പറഞ്ഞു. തന്റെ പൂച്ചയെ തിരികെ നൽകാൻ ആ സുഹൃത്തിനോട് ആവശ്യപ്പെടണം എന്ന് പറഞ്ഞപ്പോൾ അവൻ പൂച്ചയെ തിരികെ നൽകില്ല എന്നായിരുന്നു ഭർത്താവിന്റെ നിലപാട്.
അതോടെ മാനസികമായി തളർന്ന പോലെയായിരുന്നു താനെന്ന് യുവതി പറയുന്നു. സ്ഥലം മാറിയത് കാരണം തന്റെ പൂച്ചയ്ക്ക് എത്ര ബുദ്ധിമുട്ട് ഉണ്ടായിരിക്കും എന്നാലോചിച്ച് കുറച്ച് ദിവസത്തേക്ക് അവർ കടുത്ത സമ്മർദ്ദത്തിലായിരുന്നു. തുടർന്ന് പൂച്ചയെ തിരികെ ലഭിക്കാൻ യുവതി പോലീസിൽ പരാതി നൽകി. പക്ഷേ പൂച്ചയെ നൽകി എന്ന് ഭർത്താവ് പറഞ്ഞ സഹപ്രവർത്തകന്റെ ഭാര്യയോട് സംസാരിച്ചപ്പോൾ അവർക്ക് അതേപ്പറ്റി യാതൊന്നും അറിയില്ലായിരുന്നു. അവസാനം അടുത്തുള്ള ഷെൽട്ടർ ഹോമിൽ പൂച്ചയെ കൈമാറിയെന്ന് ഭർത്താവ് സമ്മതിക്കുകയായിരുന്നു.
അങ്ങനെയാണ് ഈ വിവാഹബന്ധം അവസാനിപ്പിക്കാൻ യുവതി തീരുമാനിച്ചതും, കോടതിയിൽ കേസ് കൊടുത്തതുമെന്ന് യുവതി റെഡിറ്റിലെ പോസ്റ്റിൽ കുറിച്ചു. മറ്റ് വിവരങ്ങളൊന്നും അവർ വെളിപ്പെടുത്തിയിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cat, Divorce, Divorce case