ഒരിക്കല്‍ നഷ്ടപ്പെട്ട വസ്തുക്കള്‍ പിന്നീടെപ്പോഴെങ്കിലും കണ്ടുകിട്ടുന്നത് എല്ലാവരിലും സന്തോഷമുളവാക്കുന്ന കാര്യമാണ്. അത്തരത്തില്‍ ഒരു 90കാരിക്ക് അപ്രതീക്ഷിതമായി കണ്ടുകിട്ടിയ ഒരു മോതിരത്തിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ ഏവരെയും ആശ്ചര്യപ്പെടുത്തുന്നത്. ഇംഗ്ലണ്ടിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗത്തുള്ള കോണ്‍വാള്‍ കൗണ്ടിയിലുള്ള ഒരു സ്ത്രീക്കാണ് അവരുടെ ഭര്‍ത്താവിന്റെ വിവാഹമോതിരം (wedding ring) വർഷങ്ങൾക്ക് ശേഷം കണ്ടുകിട്ടിയത്. 35 വര്‍ഷം മുമ്പാണ് ആ വിവാഹമോതിരം കാണാതായത്. അവരുടെ ഭര്‍ത്താവ് ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
ആന്‍ കെന്‍ഡ്രിക് (ann kendrick) എന്നാണ് വയോധികയുടെ പേര്. തന്റെ പൂന്തോട്ടത്തിലെ ഒരു ആപ്പിള്‍ മരത്തിന്റെ (apple tree) ചുവട് വൃത്തിയാക്കുന്നതിനിടയിലാണ് കെന്‍ഡ്രിക്കിന് മോതിരം കണ്ടുകിട്ടിയത്. മരത്തിന്റെ ചുവട്ടില്‍ നിന്ന് പുല്ലു പറിക്കുന്നതിനിടെ കെന്‍ഡ്രിക്കിന്റെ കൈ ഒരു ലോഹക്കഷണത്തില്‍ തട്ടിയപ്പോള്‍ അവര്‍ ഒരിക്കലും കരുതിക്കാണില്ല അത് തന്റെ ഭര്‍ത്താവിന്റെ മോതിരമാണെന്ന്. എന്നാല്‍ അവിടെ ചികഞ്ഞുനോക്കിയപ്പോള്‍ കെന്‍ഡ്രിക്കിന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാരണം അത് തന്റെ ഭര്‍ത്താവിന്റെ വിവാഹ മോതിരമായിരുന്നു. പൂന്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഭര്‍ത്താവ് പീറ്ററിന് മോതിരം നഷ്ടപ്പെട്ടത്. 1987ലായിരുന്നു സംഭവം.
22 വര്‍ഷം മുമ്പാണ് കെന്‍ഡ്രിക്കിന് തന്റെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടത്. ഏഴ് കുട്ടികളുടെ അമ്മ കൂടിയാണ് അവര്‍. "അത് കണ്ടാല്‍ വിവാഹമോതിരമാണെന്ന് തോന്നില്ലായിരുന്നു. അത് ഒരു വളഞ്ഞ ലോഹക്കഷ്ണം പോലെയാണിരുന്നത്. അത് ഒരിക്കലും വിവാഹമോതിരം ആകാന്‍ വഴിയില്ല എന്നായിരുന്നു എന്റെ ചിന്ത. ഇതേക്കുറിച്ച് ഒരു സുഹൃത്തിനോട് പറയുമ്പോള്‍ എനിക്ക് ശ്വാസം മുട്ടിപ്പോയി", ആന്‍ ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ മോതിരം നന്നാക്കി എടുക്കുക എന്നതാണ് ആനിന്റെ അടുത്ത പദ്ധതി. പരേതനായ തന്റെ ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്കായി മോതിരം തന്റെ മാലയില്‍ കോര്‍ത്ത് ധരിക്കാനാണ് ആനിന്റെ ആഗ്രഹം.
ഇതുപോലുള്ള കഥകള്‍ എപ്പോഴും പോസിറ്റിവിറ്റിയും ശുഭാപ്തി വിശ്വാസവും നല്കുന്നവയാണ്. കാനഡയിലും ഇത്തരത്തിലുള്ള ഒരു മോതിരം കണ്ടുകിട്ടിയത് വലിയ വാര്‍ത്തയായിരുന്നു. 13 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ഒരു ഡയമണ്ട് മോതിരം 84കാരിക്ക് തിരിച്ചുകിട്ടിയിരുന്നു. 2017ലാണ് മേരി ഗ്രാംസിന് തന്റെ മോതിരം തിരിച്ചുകിട്ടിയത്. എന്നാല്‍ വെറും മണ്ണില്‍ നിന്നല്ല മേരിക്ക് മോതിരം കിട്ടിയത്. മണ്ണില്‍ നിന്ന് പറിച്ചെടുത്ത കാരറ്റിന്റെ ഉള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മോതിരം കണ്ടുകിട്ടിയത്.
വിറ്റുപോയ അലമാരയില്‍ നിന്ന് വിവാഹമോതിരം കണ്ടെത്തിയതും വലിയ വാര്‍ത്തയായിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട വിവാഹമോതിരമാണ് ഒരു സ്ത്രീക്ക് തിരിച്ചുകിട്ടിയത്. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇവരുടെ വീടും സ്ഥാപനവും ഒരു കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വീട് മാറിയപ്പോള്‍ ഉണ്ടായിരുന്ന വീട്ടുപകരണങ്ങള്‍ ഒക്കെയും വിറ്റു. കൂട്ടത്തില്‍ ഒന്നായിരുന്നു ഒരു അലമാര. ഈ അലമാര വിറ്റ ശേഷമാണ് അതിലുണ്ടായിരുന്ന മോതിരം നഷ്ടപ്പെട്ട വിവരം അറിയുന്നത്. അലമാര തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഇറുകി അടഞ്ഞിരുന്ന വാതിലിനിടയിലെ വിടവില്‍ നിന്നാണ് വാങ്ങിയയാള്‍ക്ക് മോതിരം ലഭിച്ചത്. ശേഷം ഇയാള്‍ ഉടമയെ കണ്ടെത്തി മോതിരം തിരികെ നല്‍കുകയായിരുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.