• HOME
  • »
  • NEWS
  • »
  • buzz
  • »
  • Cruise Ship | ആഢംബര ക്രൂയീസ് കപ്പലിൽ സൗജന്യജീവിതം; സ്വപ്നതുല്യം; യുവതിയുടെ അനുഭവം

Cruise Ship | ആഢംബര ക്രൂയീസ് കപ്പലിൽ സൗജന്യജീവിതം; സ്വപ്നതുല്യം; യുവതിയുടെ അനുഭവം

Wifiക്കു വേണ്ടി കൊടുക്കുന്ന 20 ഡോളർ മാത്രമാണ് ആകെയുള്ള ചെലവ്

ക്രിസ്റ്റീനും ഭർത്താവും

ക്രിസ്റ്റീനും ഭർത്താവും

  • Share this:
    കടലിലെ ഓളങ്ങളും സൂര്യാസ്തമയങ്ങളും കണ്ട്, കടൽക്കാറ്റേറ്റ് എല്ലാം മറന്നുകൊണ്ടുള്ള ദിവസങ്ങൾ.. ഇങ്ങനെയൊക്കെ പലരും സ്വപ്നം കാണാറുണ്ട്. എന്നാൽ അമേരിക്കൻ സ്വദേശി ക്രിസ്റ്റീൻ കെസ്റ്റലോയ്ക്ക് അത് സ്വപ്നമല്ല ജീവിതം തന്നെയാണ്. നാളുകളായി ഒരു ആഡംബര ക്രൂയീസ് കപ്പലിലാണ് (Cruise Ship) ക്രിസ്റ്റീന്റെ ജീവിതം. ഭർത്താവിനൊപ്പമാണ് ക്രിസ്റ്റീൻ ഈ സൗജന്യ ആഢംബര ജീവിതം നയിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിലാണ് (Instagram) ക്രീസ്റ്റീൻ തന്റെ സ്വപ്നതുല്യമായ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

    ക്രൂയീസ് ട്രാവൽ ഡയറക്ടറായി (Travel Director) ജോലി ചെയ്യുകയായിരുന്നു ക്രിസ്റ്റീൻ മുൻപ് . ജോലിയുടെ ഭാ​ഗമായി ഏകദേശം 12 വർഷമായി ക്രിസ്റ്റീൻ കപ്പലിൽ യാത്ര ചെയ്യുന്നുണ്ട്. ക്രൂയീസ് കപ്പലിൽ സ്റ്റാഫ് എഞ്ചിനീയറായ ഭർത്താവിന് ഈ മേഖലയിൽ 30 വർഷത്തെ അനുഭവ സമ്പത്തുണ്ട്.

    2020 ൽ കോവിഡ് മഹാമാരിയെത്തുടർന്ന് ക്രിസ്റ്റീന് ജോലി നഷ്ടപ്പെട്ടു. അന്നു മുതൽ ക്രൂയീസ് കപ്പലിൽ വൈഫ് ഓൺ ബോർഡ് (Wife On Board) ആയി ഭർത്താവിനൊപ്പം കൂടി. ഇപ്പോൾ വർഷത്തിൽ പകുതിയും താൻ ഈ ആഡംബര ക്രൂയീസ് കപ്പലിലാണ് സമയം ചെലവഴിക്കാറുള്ളതെന്ന് ക്രിസ്റ്റീൻ പറയുന്നു, അതും സൗജന്യമായി. Wifiക്കു വേണ്ടി കൊടുക്കുന്ന 20 ഡോളർ മാത്രമാണ് ആകെയുള്ള ചെലവ്.




    ക്രൂയീസ് കപ്പലിലെ ഉയർന്ന റാങ്കിലുള്ള ഉദ്യോ​ഗസ്ഥനാണ് ക്രിസ്റ്റീന്റെ ഭർത്താവ്. അതുകൊണ്ടു തന്നെ മുറി വൃത്തിയാക്കാനും മറ്റും ജോലിക്കാരുണ്ട്. ഇതും സൗജന്യ സേവനം ആണെങ്കിലും ജോലിക്കാർക്ക് ടിപ്പ് ആയി ചിലപ്പോൾ പത്തോ ഇരുപതോ ഡോളർ നൽകാറുണ്ട്.

    എല്ലാ ദിവസവും ഇരുവരുടെയും വസ്ത്രങ്ങൾ അലക്കി നൽകാനും ആളുണ്ട്. ഈ സേവനവും സൗജന്യമാണ്. ഭക്ഷണത്തിനും പണം ചെലവാക്കേണ്ടതില്ല. “കപ്പലിലെ ഭൂരിഭാഗം ഭക്ഷണവും സൗജന്യമാണ്. നല്ല ഭക്ഷണം ആണ് ലഭിക്കുന്നത്. സൗജന്യം ആണെന്നതു മാത്രമല്ല ആകർഷണം. ക്രൂയിസ് വിവിധ തരത്തിലുള്ള രുചികളാണ് ഞങ്ങൾക്ക് തരുന്നത്. പിസ്സ, ഐസ്ക്രീം തുടങ്ങിയ ഭക്ഷണങ്ങൾ മുതൽ സുഷി വരെ ഇവിടെ ലഭ്യമാണ്. അതായത്, നിങ്ങൾക്ക് സ്വപ്നം കാണാൻ കഴിയുന്ന എന്തും ഇവിടെ കിട്ടും”, ക്രിസ്റ്റീൻ പറഞ്ഞു.

    ക്രൂയിസ് കപ്പലിലെ സ്പെഷ്യൽ റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ മാത്രമാണ് പണം നൽകേണ്ടത്. എല്ലാം ചേർത്ത് കപ്പിലിലെ ഈ സ്വപ്നതുല്യമായ ആഡംബര ജീവിതത്തിന് തനിക്ക് ഒരാഴ്ച ചെലവാകുക 100 ൽ താഴെ ഡോളർ ആണെന്നും ക്രിസ്റ്റീൻ പറഞ്ഞു.

    ഇത്രയും കുറഞ്ഞ ചെലവിൽ ആഢംബര ജീവിതം നയിക്കുമ്പോൾ താൻ എല്ലാ ദിവസവും ഒരു അവധിയിലാണെന്ന തോന്നലാണെന്നും  പുതിയ സ്ഥലങ്ങൾ കാണുന്നുവെന്നും ക്രിസ്റ്റീൻ കുറിച്ചു. ഓരോ തവണയും ടീ വേണോ, വെയിലത്ത് കിടക്കണോ, അതോ വൈൻ ടേസ്റ്റിംഗ് നടത്തണോ തുടങ്ങിയ എല്ലാ തീരുമാനങ്ങളും തന്റേതാണെന്നും ക്രിസ്റ്റീൻ കൂട്ടിച്ചേർത്തു.
    Published by:user_57
    First published: