നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • കോവിഡ് രോഗികളായ അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് മുലപ്പാല്‍ കൊടുക്കാമെന്ന് യുവതി; കൈയ്യടിച്ച് സോഷ്യൽ മീഡിയ

    കോവിഡ് രോഗികളായ അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് മുലപ്പാല്‍ കൊടുക്കാമെന്ന് യുവതി; കൈയ്യടിച്ച് സോഷ്യൽ മീഡിയ

    രണ്ട് മാസം പ്രായമുള്ള ഒരു പെൺകുട്ടിയുടെ അമ്മയായ യുവതി സമൂഹ മാധ്യമങ്ങളിലൂടെയാണ് കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ കഴിയാത്തവരുണ്ടെങ്കിൽ അവരെ സഹായിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കോവിഡ് വ്യാപനത്തിന്റെ അതിരൂക്ഷമായ രണ്ടാം തരംഗം വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് തുടരുമ്പോൾ നിരവധി ആളുകൾ തങ്ങളാൽ കഴിയുന്ന വിധത്തിലുള്ള സഹായ വാഗ്ദാനങ്ങളുമായി കോവിഡ് രോഗികൾക്കിടയിലേക്ക് എത്തുന്നുണ്ട്. എല്ലാ വിധത്തിലുള്ള കഷ്ടപ്പാടുകൾക്കും ബുദ്ധിമുട്ടുകൾക്കുമിടയിലും ഈ മാരക വൈറസിനെതിരെയുള്ള പോരാട്ടം ഒരുപിടി ഹീറോകളെയും സൃഷ്ടിച്ചിട്ടുണ്ട്, തങ്ങളുടെ നിരുപാധികമായ സഹായമനസ്കതയിലൂടെ മറ്റുള്ളവർക്ക് മാതൃകകൾ സൃഷ്ടിച്ചു കൊണ്ട് പ്രവർത്തിക്കുന്ന ഏതാനും നല്ല മനുഷ്യരെ.

      സമാനമായ രീതിയിൽ തന്നാൽ കഴിയുന്ന വിധത്തിൽ കോവിഡ് രോഗികളായ അമ്മമാർക്ക് സാന്ത്വനവുമായി എത്തിയിരിക്കുകയാണ് ഗുവാഹത്തി സ്വദേശിയായ യുവതി. കോവിഡ് ബാധിതരായവരോ കോവിഡ് മൂലം മരിച്ചവരോ ആയ മുലയൂട്ടുന്ന അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാം എന്ന വാഗ്ദാനവുമായാണ് ഈ വനിത രംഗത്തെത്തിയിരിക്കുന്നത്. രണ്ട് മാസം പ്രായമുള്ള ഒരു പെൺകുട്ടിയുടെ അമ്മയായ റോണിത കൃഷ്ണ ശർമ രേഖി എന്ന ഈ യുവതി സമൂഹ മാധ്യമങ്ങളിലൂടെയാണ് നിലവിലെ കോവിഡ് വ്യാപന സാഹചര്യം മൂലം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ കഴിയാത്തവരുണ്ടെങ്കിൽ അവരെ സഹായിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്.

      അതിഭീകരമായ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ കഴിഞ്ഞ മാസം മാത്രം ആസാമിൽ 872 പേരാണ് മരണത്തിന് കീഴടങ്ങിയത്. അതിൽ 296 പേരും ഗുവാഹത്തി സ്വദേശികളായിരുന്നു. "ഞാൻ ഗുവാഹത്തിയിൽ താമസിക്കുന്നത് കൊണ്ട് ഇവിടെ ഉള്ളവർക്ക് മാത്രമേ സഹായം നൽകാൻ കഴിയൂ. നവജാതശിശുക്കൾക്ക് മുലപ്പാൽ വേണമെങ്കിൽ എനിക്ക് സഹായിക്കാൻ കഴിയും. എന്നെക്കൊണ്ട് ഈ സമയത്ത് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണ് ഇത്", മെയ് 4-ന് രേഖി ട്വീറ്റ് ചെയ്തു. ചെറിയ കുഞ്ഞുങ്ങളുള്ള നിരവധി അമ്മമാർക്ക് കോവിഡ് ബാധ ഉണ്ടാകുന്നതായും അവരിൽ പലരും മരണത്തിന് കീഴടങ്ങുന്നതായും വായിച്ചതിനെ തുടർന്നാണ് ഈ തീരുമാനത്തിലെത്തിയതെന്നും അവർ പറയുന്നു.

      Also Read- വയോധികയെ എടുത്ത് വാക്സിനേഷൻ സെന്ററിലെത്തിക്കുന്ന പോലീസ് കോൺസ്റ്റബിൾ; വൈറലായി ചിത്രം

      ഇതുവരെ ആരും രേഖിയുടെ സഹായം അഭ്യർത്ഥിച്ച് എത്തിയിട്ടില്ലെങ്കിലും സ്വന്തം മകളെ പരിപാലിക്കുന്നതോടൊപ്പം സമൂഹ മാധ്യമങ്ങളിലൂടെ തന്റെ സഹായ വാഗ്ദാനം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അവർ എന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. നിരവധി ആളുകൾ രേഖിയുടെ സന്മനസിനെ പ്രകീർത്തിച്ചുകൊണ്ടും അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടും രംഗത്ത് വന്നിട്ടുണ്ട്.

      "വളരെ ചെറിയ ഒരു കാര്യം എന്ന നിലയിൽ ഞാൻ ചെയ്യാൻ തുനിഞ്ഞ ഈ പ്രവൃത്തി മുലയൂട്ടുന്ന നിരവധി അമ്മമാരെ പ്രചോദിപ്പിച്ചിട്ടുണ്ട് എന്ന് ഇപ്പോൾ അറിയാൻ കഴിയുന്നു. നിരവധി പേർ എന്നെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. എന്റെ ഉള്ളിന്റെയുള്ളിൽ ഇങ്ങനെയൊരു സാഹചര്യം ഉണ്ടാവരുതായിരുന്നു എന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഈ യാഥാർഥ്യത്തെ അഭിമുഖീകരിച്ചു കൊണ്ട് കഴിയാവുന്ന വഴികളെല്ലാം നമ്മൾ സ്വീകരിക്കണം", ദി ആസാം ട്രിബ്യുണിനോട് സംസാരിക്കവെ രേഖി പറഞ്ഞു. നവജാതശിശുക്കൾ ഉള്ള മറ്റ് അമ്മമാരോടും ഈ സംരംഭത്തിന്റെ ഭാഗമാകാനും കഴിയാവുന്ന വിധത്തിൽ കുട്ടികളെ സഹായിക്കാനും രേഖീ ആവശ്യപ്പെടുന്നു.

      Keywords: Covid 19, Newborn Babies, Breastmilk, New Mothers, Guwahati, Assam, കോവിഡ് 19, നവജാതശിശുക്കൾ, മുലപ്പാൽ, മുലയൂട്ടുന്ന അമ്മമാർ, ഗുവാഹത്തി, ആസാം
      Published by:Anuraj GR
      First published:
      )}