കോവിഡ് 19 (Covid 19) ദീർഘകാലമായിട്ടും വിട്ടു മാറാത്തതിനെ തുടർന്ന് ആമസോൺ (Amazon) ജോലിയിൽ നിന്ന് പുറത്താക്കിയതായി യുവതിയുടെ പരാതി. ആമസോണിൻെറ ഫാഷൻ മേഖലയിലുള്ള സംരംഭമായ ദി ഡ്രോപ്പിലെ (The Drop) മാൻഹട്ടണിലെ ബ്രാഞ്ച് മാനേജരായിരുന്ന ബ്രിട്ടണി ഹോപ്പ് (Brittany Hope - 29) ആണ് കമ്പനിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. അനാവശ്യ കാരണത്തിൻെറ പേരിൽ പുറത്താക്കിയതിന് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് പരാതിയിൽ പറയുന്നു. ദുർബല വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കണമെന്ന അമേരിക്കയിലെ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആമസോണിനെതിരെ യുവതി പരാതി നൽകിയിരിക്കുന്നത്.
2020 ഫെബ്രുവരി മൂന്നിനാണ് തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ബ്രൂക്ക്ലിൻ സ്വദേശിനിയായ ഹോപ്പ് പറഞ്ഞു. ആമസോണിൽ ജോലിക്ക് കയറിയിട്ട് അപ്പോൾ നാല് മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. കൊറോണ വൈറസ് അമേരിക്കയിൽ പിടിമുറുക്കി തുടങ്ങിയിട്ട് ആ സമയത്ത് ആഴ്ചകൾ മാത്രമേ ആയിരുന്നുള്ളൂവെന്നത് മറ്റൊരു കാര്യം. കോവിഡ് തന്നെ ഗുരുതരമായി ബാധിച്ചുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഏറെ ദിവസങ്ങൾ കഴിഞ്ഞിട്ടും രോഗം മാറിയില്ലെന്നും ഹോപ്പ് വ്യക്തമാക്കി.
മാൻഹട്ടൺ ഫെഡറൽ കോടതിയിലാണ് ഹോപ്പ് പരാതി നൽകിയിരിക്കുന്നത്. ഇത് കൂടാതെ അമേരിക്കയിലെ ഈക്വൽ എംപ്ലോയ്മെൻറ് ഓപ്പർച്ചൂണിറ്റി കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പെട്ടെന്ന് പ്രതികരിക്കാൻ ആമസോൺ തയ്യാറായിട്ടില്ല. രോഗം വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടും താൻ ജോലി ചെയ്തിരുന്നുവെന്ന് ഹോപ്പ് പറഞ്ഞു. ദിവസം 17 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വന്നു. തനിക്ക് ആ ഘട്ടത്തിൽ ആത്മഹത്യാ പ്രവണത ഉണ്ടായെന്നും രോഗം തൻെറ ശരീരത്തെ വല്ലാതെ ദുർബലമാക്കിയെന്നും അവർ പറഞ്ഞു.
2020 മെയ് 12ന് മെഡിക്കൽ ലീവ് അനുവദിക്കണമെന്ന് അഭ്യർഥിച്ചതിന് ശേഷം ആമസോൺ തന്റെ ഇ-മെയിലുകൾ തടഞ്ഞു. ഇത് കൂടാതെ കമ്പനിയുടെ ലീവ് പോർട്ടലിലും തനിക്ക് ലോഗിൻ ചെയ്യാൻ സാധിക്കാതെയായെന്ന് ഹോപ്പ് പരാതിയിൽ പറഞ്ഞു. രണ്ട് മാസത്തിന് ശേഷം ജോലി ഉപേക്ഷിച്ചതായി കാണിച്ച് ആമസോൺ ഹോപ്പിനെ പുറത്താക്കുകയായിരുന്നു. കമ്പനി അനാവശ്യമായി നൽകിയ ശമ്പളമായ 12273 ഡോളർ (ഏകദേശം 942000 രൂപ) തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു. ദീർഘകാലമായി കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് കരുതി കമ്പനിയുടെ ലീവ് മാനദണ്ഡങ്ങളിൽ നിന്ന് ഹോപ്പിന് മാറിനിൽക്കാൻ സാധിക്കില്ലെന്നും ആമസോൺ വ്യക്തമാക്കിയതായി പരാതിയിൽ വിശദീകരിക്കുന്നുണ്ട്.
അമേരിക്കയിൽ പ്രത്യേകിച്ച് ആമസോണിൽ ജോലി ചെയ്യുന്ന നിരവധി പേർക്ക് ഇത്തരത്തിൽ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഹോപ്പിൻെറ അഭിഭാഷകൻ അലക്സ് ബെർകെ വാർത്താക്കുറിപ്പിൽ പറഞ്ഞു. അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ കമ്പനിയാണ് ആമസോൺ. ജീവനക്കാർക്കെതിരായ കമ്പനിയുടെ ഇടപെടലുകൾക്കെതിരെ ഈയടുത്ത് നിരവധി പരാതികൾ ഉയർന്ന് വന്നിട്ടുണ്ട്. ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി കമ്പനിയിൽ തൊഴിലാളി സംഘകടനകളും രൂപീകരിച്ചിട്ടുണ്ട്. എന്നാൽ തങ്ങൾ തൊഴിലാളികൾക്ക് അർഹമായ വേതനവും മറ്റെല്ലാ ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
Summary: Woman sues company for firing before she turned Covid positive
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.