കൽപ്പറ്റ: റിസർവ് ചെയ്ത ബസ് നിർത്താതെ പോയതിനെത്തുടർന്ന് KSRTC മിന്നലിനെ അധ്യാപിക ചെയ്സ് ചെയ്തു പിടിച്ചു. കൊടുംവളവുകളുള്ള വയനാട് ചുരത്തിൽ കൽപ്പറ്റ മുതൽ അടിവാരം വരെയുള്ള ഭാഗത്ത് വേഗതയിൽ കാറോടിച്ചശേഷമാണ് അധ്യാപികയ്ക്ക് ബസിനെ മറികടക്കാനായത്.
തോണിച്ചൽ സ്വദേശിയും വെള്ളമുണ്ട എയുപി സ്കൂൾ അധ്യാപികയുമായ വി.എം രോഷ്നിയ്ക്കാണ് ബസ് ജീവനക്കാരുടെ അനാസ്ഥ കാരണം ദുരനുഭവമുണ്ടായത്. തിരുവനന്തപുരത്ത് വിദ്യാർഥിയായ മകൻ സൌരവിന് വേണ്ടിയാണ് ഞായറാഴ്ച രാത്രി സുൽത്താൻ ബത്തേരിയിൽനിന്ന് 10.25ന് കൽപ്പറ്റയിലെത്തുന്ന മിന്നൽ ബസ് റോഷ്നി റിസർവ് ചെയ്തത്. യാത്ര പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ റോഷ്നിയും മകനും പുതിയ ബസ് സ്റ്റാൻഡിലെത്തി.
എന്നാൽ ബസിന്‍റെ സ്റ്റോപ്പുമായി ബന്ധപ്പെട്ട ആശയകുഴപ്പമാണ് റോഷ്നിക്ക് വിനയായി മാറിയത്. പുതിയ സ്റ്റാൻഡിൽ എത്തിയതുമുതൽ നിരന്തരം കണ്ടക്ടറെ വിളിച്ചെങ്കിലും ഫോൺ എടുക്കാൻ തയ്യാറായിരുന്നില്ല. 10.31ന് ഫോണെടുത്ത കണ്ടക്ടർ ബസ് പുതിയ സ്റ്റാൻഡിൽ വരില്ലെന്നും പഴയ സ്റ്റാൻഡിലാണ് നിർത്തുന്നതെന്നും പറഞ്ഞു. ഉടൻ പഴയ സ്റ്റാൻഡിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പഴയ സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും ബസ് പുറപ്പെട്ടിരുന്നു.
കാറിൽ പിന്നാലെ വരുന്നുണ്ടെന്നും ബസ് നിർത്തുമോയെന്നും റോഷ്നി വീണ്ടും കണ്ടക്ടറെ വിളിച്ചു ചോദിച്ചു. എന്നാൽ അടുത്ത സ്റ്റോപ്പായ താമരശേരിയിൽ മാത്രമാണ് നിർത്തുകയെന്നും, ബസിനെ ഓവർടേക്ക് ചെയ്താൽ നിർത്തിത്തരാമെന്നും കണ്ടക്ടർ പറഞ്ഞു. കാറിൽ അമിതവേഗത്തിൽ ബസിന് പിന്നാലെയെത്തി നിരന്തരം ഹോണടിച്ചിട്ടും നിർത്താൻ ഡ്രൈവർ തയ്യാറായില്ല. ഒടുവിൽ അടിവാരത്തുവെച്ചാണ് റോഷ്നിയുടെ കാർ ബസിനെ ഓവർടേക്ക് ചെയ്തത്.
ബസ് ജീവനക്കാരുടെ അനാസ്ഥ കാരണം തനിക്കും മകനും വലിയ തോതിലുള്ള ബുദ്ധിമുട്ടുണ്ടായെന്ന് റോഷ്നി പറയുന്നു. ഇതിനെതിരെ കെ.എസ്.ആർ.ടി.സി വിജിലൻസിന് പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.