ശരീരത്തിൽ ടാറ്റു (tattoosചെയ്യുന്നത് ഇക്കാലത്ത് സാധാരണയാണ്. എന്നാൽ ശരീരത്തിൽ കുറേ പരിഷ്‌ക്കരണങ്ങളും (Body Modifications) ടാറ്റൂകളും ചെയ്യുന്നതിനു മുമ്പ് "ഒരുപാട്" ചിന്തിക്കണമെന്ന് യുവാക്കളെ ഉപദേശിക്കുകയാണ് സ്വയം വലിയ മാറ്റങ്ങൾ വരുത്തിയ ഒരു സ്ത്രീ. വാമ്പയർ ലേഡി എന്നറിയപ്പെടുന്ന മരിയ ജോസ് ക്രിസ്റ്റെറാണ് വൈറലായ ഈ സ്ത്രീ. പത്തുവർഷംകൊണ്ട് ഏറ്റവും കൂടുതൽ പരിഷ്ക്കാരങ്ങള്‍ ശരീരത്തിൽ ചെയ്ത സ്ത്രീ എന്ന തലക്കെട്ട് എന്തുകൊണ്ടും ഇവർക്ക് ഇണങ്ങുന്നതാണ്.
14 വയസ്സുള്ളപ്പോളേ മരിയ ഈ പണി തുടങ്ങിയതാണ്. ശരീരത്തിൽ മരിയയ്ക്ക് നിലവിൽ 46 കൃത്രിമ മാറ്റങ്ങളാണുള്ളത്. അവരുടെ ശരീരത്തിന്റെ ഏകദേശം 99 ശതമാനവും ടാറ്റൂകളാൽ മൂടപ്പെട്ടിരിക്കുന്നു. കൊമ്പുള്ള പല്ലുകൾ, പിളർന്ന നാവ്, മുത്തുകളും ലോഹങ്ങളും കോർത്ത കൈയും തലയും. ഇവർ ഒന്നിലധികം തവണ ശരീരത്തെ തുളച്ചിട്ടുണ്ട്. കണ്മണികളെ പോലും വെറുതെ വിട്ടിട്ടില്ല. കണ്ണിലും പച്ചകുത്തിയിട്ടുണ്ട്. മരിയയുടെ ശരീരത്തിൽ ഏകദേശം 50 കുത്തുകൾ ഉണ്ട്.
ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന് നൽകിയ അഭിമുഖത്തിൽ, തന്റെ പാത പിന്തുടരാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് നല്‍കാനുള്ള ഉപദേശം എന്താണെന്ന് ചോദ്യമുണ്ടായി, അപ്പോൾ മരിയ പറഞ്ഞു: “ഞാൻ നൽകുന്ന ഉപദേശം, നിങ്ങൾ ഒരുപാട് ചിന്തിക്കണം എന്നതാണ്, ഒരിക്കൽ മാറ്റം വരുത്തിയാൽ വീണ്ടും പഴയതുപോലെ ആവില്ല. ഇപ്പോൾ ഞാനായിരിക്കുന്ന രൂപം എനിക്ക് ഇഷ്ടമാണ്, എന്നാൽ ടാറ്റൂകളിൽ നിന്നും കുത്തലുകളിൽ നിന്നും തങ്ങള്‍ക്ക് മാറ്റംവേണമെന്ന് തുറന്നുപറയുന്ന ചെറുപ്പക്കാർ ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കണം."
also read : ശവകുടീരങ്ങൾ കാണാൻ ഒരു ലോകയാത്ര; ഒരു കോടിക്കും മേലേ ചിലവിട്ട് UK പൗരൻ
യുവാക്കൾക്കിടയിൽ ഇത് കൂടുതൽ ഫാഷനായി മാറിയെന്നും അവർ കൂട്ടിച്ചേർത്തു. ഇപ്പോളിത് ചെയ്യാനുള്ള താല്പര്യം ഭാവിയിൽ നഷ്‌ടപ്പെട്ടേക്കാം. “ഇനി ഇതൊക്കെ ആർക്കും വേണ്ടാത്തതും ഇഷ്ടപ്പെടാത്തതുമായ ഒരു ഘട്ടത്തിലേക്ക് നമ്മൾ എത്തിയേക്കാം. അതിനാൽ, ഇത്തരം കൃത്രിമ മാറ്റങ്ങള്‍ ശരീരത്തിൽ വരുത്തുന്നതും നിങ്ങളുടെ ജീവിതകാലം മുഴുവൻ അതിനെ പ്രതിരോധിക്കുന്നതും വളരെ കാര്യമായി ചിന്തിച്ചെടുക്കേണ്ട തീരുമാനമാണ്."
താൻ കടന്നുപോയ ഏറ്റവും വേദനാജനകമായ ശരീരമാറ്റത്തേക്കുറിച്ച് സംസാരിക്കവെ, തന്റെ കൈയിലെ ഇംപ്ലാന്റുകളും ഐബോൾ ടാറ്റൂവും ഏറ്റവും ബുദ്ധിമുട്ടുള്ളതും വേദനാജനകവുമായിരുന്നുവെന്ന് അവർ ഓർത്തെടുത്തു. പക്ഷെ മരിയയ്ക്ക് ഇതൊന്നും നിർത്താൻ പദ്ധതിയില്ല, "ആരോഗ്യം അനുവദിക്കുന്നത്" വരെ ശരീരത്തിൽ മാറ്റങ്ങൾ വരുത്താൻ വാമ്പയർ ലേഡി ആഗ്രഹിക്കുന്നു.
മരിയ പണ്ട് ഒരു അഭിഭാഷകയായിരുന്നു. സ്ത്രീകളെയും അവരുടെ അവകാശങ്ങളെയും അവർ പ്രതിനിധീകരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Body modification, Tattoo, Viral