അയൽക്കാരുടെ ഉച്ചത്തിലുള്ള സംസാരവും ബഹളങ്ങളും സഹിക്കാനാകാതായാൽ നിങ്ങൾ എന്തു ചെയ്യും? അതിന് വ്യത്യസ്തമായ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ഈ യുവതി. റെഡ്ഡിറ്റിലാണ് യുവതി സംഭവങ്ങളെല്ലാം വിവരിച്ചത്. ഇവരുടെ താമസസ്ഥലത്തിന്റെ ആദ്യത്തെ നിലയിൽ ചെറുപ്പക്കാരായ ദമ്പതികളാണ് താമസിക്കുന്നത്. ഇവർ രാത്രിയിൽ ചിലപ്പോഴൊക്കെ പതിവായി പാർട്ടികൾ നടത്താറുണ്ട്.
ഒച്ചത്തിലുള്ള ശബ്ദവും ബഹളവുമൊക്കെ മുകളിൽ താമസിക്കുന്നവർക്ക് അരോചകമായിത്തുടങ്ങി. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന തനിക്ക് ഇതൊരു വലിയ ബുദ്ധിമുട്ടായെന്നും യുവതി പോസ്റ്റിൽ പറയുന്നു. എത്ര പറഞ്ഞിട്ടും കേൾക്കാതായപ്പോൾ അവരുടെ സംഭാഷണം പൂർണമായും എഴുതി അത് അയൽവാസികളുടെ വാതിൽപ്പടിയിൽ വെച്ചു.
ഒരിക്കൽ തന്റെ തൊട്ടടുത്തു നിന്നു സംസാരിക്കുന്ന അത്രയും ഉച്ചത്തിലായിരുന്നു അവരുടെ സംസാരമെന്ന് കുറപ്പിൽ യുവതി വിശദീകരിച്ചു. തുടർന്ന് വഴക്കൊന്നും ഉണ്ടാക്കാതെ അയൽവാസിയുടെ വാതിൽക്കൽ ഒരു കുറിപ്പ് വെയ്ക്കുകയാണ് യുവതി ചെയ്തത്. ഷോപ്പിങ്ങിനെക്കുറിച്ചുള്ള അവരുടെ സംസാരം മുഴുവൻ കേട്ടെഴുതിയാണ് കുറിപ്പ് തയ്യാറാക്കിയത്. ഉച്ചത്തിലുള്ള സംസാരം തുടർന്നാൽ അവരുടെ സംഭാഷണങ്ങൾക്ക് സ്വകാര്യത ഉണ്ടാകില്ലെന്നും അവർ കുറിപ്പിൽ സൂചിപ്പിച്ചു.
അതിനു ശേഷം സമാധാനം ഉണ്ടായിരുന്നു എന്നും യുവതി പറയുന്നു. “വളരെ നല്ല രീതി. വഴക്കൊന്നും കൂടാതെ ഈ പ്രശ്നത്തിന് പരിഹാരമായിരിക്കുന്നു”, എന്നാണ് യുവതിയുടെ പോസ്റ്റിനു താഴെ ഒരാളുടെ കമന്റ്. ”ഇതാണ് ശരിയായ രീതി. അവർ അത്രയും ഉച്ചത്തിൽ സംസാരിക്കണോ? എല്ലാവർക്കും അവർ പറയുന്നത് കേൾക്കാനുള്ള ബാധ്യതയില്ലെന്ന് തിരിച്ചറിയുന്നത് നല്ലതാണ്. മറ്റുള്ളവർക്ക് അവരുടെ സംസാരം കേൾക്കാൾ താത്പര്യമില്ലെങ്കിൽ അവർ ശബ്ദം കുറക്കണം”, എന്ന് മറ്റൊരാൾ കുറിച്ചു.
യുവതിയുടെ നീക്കത്തെ വിചിത്രം എന്നാണ് ഭർത്താവ് വിശേഷിപ്പിച്ചത്. എന്തൊക്കെയായാലും ആ സംഭവത്തിനു ശേഷം സ്ഥിതിഗതികൾ ശാന്തമായെന്നും തന്റെ കുറിപ്പിൽ വ്യക്തിപരമായ വിദ്വേഷം ഒന്നുമില്ലെന്നും യുവതി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.