അഞ്ച് വർഷം മുമ്പ് മകന്റെ ആവശ്യപ്രകാരം വാങ്ങിയത് അമൂല്യ വസ്തുവാണെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിൽ യുവതി. ന്യൂസിലന്റിലെ വെല്ലിങ്ടണിലുള്ള ജെസീക്ക റോബർട്സ് ആണ് സ്വന്തം അനുഭവം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്.
അഞ്ച് വർഷം മുമ്പ് മകനൊപ്പം നടക്കാനിറങ്ങിയതിനിടയിലാണ് ഹൃദയാകൃതിയിലുള്ള കുഞ്ഞ് പേപ്പർ വെയ്റ്റ് കണ്ണിൽ പെട്ടത്. അത് വാങ്ങണമെന്ന് മകൻ ആവശ്യപ്പെട്ടപ്പോൾ ജസീക്ക വില ചോദിച്ചു. വെറും ഒരു ഡോളർമാത്രമായിരുന്നു വില. മകന്റെ ആഗ്രഹത്തിന് മുന്നിൽ നോ പറയേണ്ട കാര്യമില്ല. 73 രൂപ നൽകി ജസീക്ക പേപ്പർ വെയ്റ്റ് വീട്ടിൽ കൊണ്ടുവന്നു. അഞ്ചു വർഷത്തോളം ഈ പേപ്പർ വെയ്റ്റ് ജസീക്കയുടെ വീട്ടിൽ ഇരുന്നു.
അടുത്തിടെ ആമസോണിൽ വെറുതേ നോക്കിയപ്പോൾ തന്റെ വീട്ടിലുള്ള അതേ പേപ്പർ വെയ്റ്റ് ജസീക്ക വീണ്ടും കണ്ടു. ഇതിന്റെ വിലയാണ് ജസീക്ക ആദ്യം ശ്രദ്ധിച്ചത്. മുപ്പത് ഡോളറിന് മുകളിലാണ് താൻ വെറും ഒരു ഡോളറിന് വാങ്ങിയ പേപ്പർ വെയ്റ്റിന്റെ വിലയായി ആമസോണിൽ കണ്ടത്. ഇത് ഏകദേശം രണ്ടായിരത്തിന് മുകളിൽ വരും. വില കണ്ട് അമ്പരന്ന ജസീക്ക എന്താണ് ഈ പേപ്പർ വെയ്റ്റിന്റെ പ്രത്യേകതയെന്ന് അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
താൻ അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങൾ അമ്പരപ്പിക്കുന്നതാണെന്ന് ജസീക്ക ഫെയ്സ്ബുക്കിൽ കുറിക്കുന്നു. തന്റെ കയ്യിലുള്ളത് ഒരു പേപ്പർ വെയ്റ്റ് അല്ലെന്നതാണ് ആദ്യം തിരിച്ചറിഞ്ഞ സത്യം. ഹൃദയാകൃതിയിലുള്ള അസ്ഥികലശമാണ് പേപ്പർ വെയ്റ്റാണെന്ന് കരുതി ഇത്ര നാൾ വീട്ടിൽ വെച്ചിരുന്നത്. ആളുകൾ പ്രിയപ്പെട്ടവരുടെ ചിതാഭസ്മങ്ങൾ സൂക്ഷിച്ചു വെക്കുന്ന അസ്ഥികലശം എങ്ങനെയോ വിൽപ്പനയ്ക്ക് എത്തിയതാണ്.
ഇതോടെ ആകാംക്ഷ വർധിച്ചു. കയ്യിലുള്ള ഹൃദയാകൃതിയിലുള്ള കുഞ്ഞ് ചെപ്പ് പരിശോധിച്ചതോടെ അത് തുറക്കാമെന്നും മനസ്സിലായി. ഉള്ളിൽ എന്തായിരിക്കുമെന്ന പേടി കാരണം ആദ്യം തുറന്നു നോക്കിയില്ല. പിന്നീട് രണ്ടും കൽപ്പിച്ച് തുറന്നതോടെ ജസീക്ക ശരിക്കും ഞെട്ടി.
You may also like:ആർത്തവ ദിനങ്ങളിലെ വേദന മുതൽ വണ്ണം കുറയ്ക്കാൻ വരെ; ഇഞ്ചി വെള്ളത്തിന്റെ ഗുണങ്ങൾ
താൻ മനസ്സിലാക്കിയതു പോലെ ആരുടെയോ ചിതാഭസ്മമായിരുന്നു കുഞ്ഞു ചെപ്പിനുള്ളിൽ കണ്ടത്. ആരോ പ്രിയപ്പെട്ടയാളുടെ ചിതാഭസ്മം സൂക്ഷിച്ച ചെപ്പാണ് തന്റെ കയ്യിൽ വന്നുപെട്ടതെന്ന് മനസ്സിലായതോടെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലായി ജസീക്ക. ചെപ്പിന്റെ ചിത്രങ്ങളും ജസീക്ക ഫെയ്സ്ബുക്കിൽ പങ്കുവെച്ചു.
പിന്നീട് സ്ഥലത്തെ പ്രാദേശിക പത്രത്തിൽ ജസീക്കയുടെ കയ്യിലെ ചെപ്പിനെ കുറിച്ചുള്ള വാർത്ത വന്നതോടെ ഒരാൾ ജസീക്കയെ തേടിയെത്തി. അസ്ഥികലശം തന്റെ ഭാര്യയുടേതാണെന്നും പിതാവിന്റെ ചിതാഭസ്മം സൂക്ഷിച്ച ചെപ്പ് വർഷങ്ങൾക്ക് മുമ്പ് ഭാര്യയുടെ കയ്യിൽ നിന്നും നഷ്ടമായതാണെന്നും ഇയാൾ അറിയിച്ചു.
എന്തായാലും ക്രിസ്മസിന് നഷ്ടമായെന്ന് കരുതിയ ചിതാഭസ്മം ഭാര്യയെ തിരിച്ചേൽപ്പിക്കാനയതിന്റെ സന്തോഷത്തിലാണ് യുവാവ്. ജസീക്കയ്ക്കും സന്തോഷം. 2020 ൽ ഒരുപാട് അത്ഭുതങ്ങൾ കണ്ടു. താനും അതിലൊരു ഭാഗമായതിന്റെ സന്തോഷത്തിലും അമ്പരപ്പിലുമാണ് ജസീക്ക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Viral fb post