ഇന്റർഫേസ് /വാർത്ത /Buzz / അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാൻ കാർ വെട്ടിച്ചു; ഇടിച്ചു കയറിയത് എബ്രഹാം ലിങ്കന്റെ വീട്ടിലേയ്ക്ക്

അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാൻ കാർ വെട്ടിച്ചു; ഇടിച്ചു കയറിയത് എബ്രഹാം ലിങ്കന്റെ വീട്ടിലേയ്ക്ക്

Image Twitter

Image Twitter

റോഡിൽ വാഹനത്തിന് കുറുകെ ചാടിയ അണ്ണാനെ രക്ഷിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

  • Share this:

ഡ്രൈവിംഗിനിടെ റോഡിനു കുറുകെ വന്ന അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാൻ യുവതി കാ‍ർ വെട്ടിച്ചു. നിയന്ത്രണം വിട്ട കാ‍ർ ഇടിച്ചു കയറിയത് അമേരിക്കയുടെ 16-ാമത് പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ വീട്ടിലേയ്ക്ക്. മസാച്യുസെറ്റ്സിലെ ഹിങ്ഹാമിലെ എബ്രഹാം ലിങ്കണിന്റെ പൂർവ്വികരുടെ വകയായ ചരിത്ര ഭവനമാണ് കാ‍ർ ഇടിച്ചു കയറിയതിനെ തുട‍ർന്ന് ത‍കർന്നത്.

2014 മോഡൽ ഓഡി ക്യു 7 ആണ് അപകടത്തിന് കാരണമായ വാഹനം. ഹിങ്ഹാം പോലീസ് ഡിപ്പാർട്ട്‌മെന്റ് അപകടത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചു. വീടിന്റെ മുൻവശത്തുള്ള ഒരു മുറിയിലേയ്ക്കാണ് കാ‍ർ ഇടിച്ചു കയറിയത്.

വീടിനുള്ളിൽ താമസിക്കുന്നവർക്കും ഡ്രൈവർക്കും പരിക്കേറ്റിട്ടില്ലെന്ന് ഹിങ്ഹാം പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചു. റോഡിൽ വാഹനത്തിന് കുറുകെ ചാടിയ അണ്ണാനെ രക്ഷിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനം അണ്ണാൻ കുഞ്ഞിന്റെ ദേഹത്ത് കയറാതിരിക്കാൻ വാഹനം റോഡിന്റെ വലതുവശത്തേക്ക് വെട്ടിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. കാറിന്റെ പകുതി ഭാ​ഗം വീടിനുള്ളിലേയ്ക്ക് പ്രവേശിച്ചിരുന്നു. കാ‍ർ ഓടിച്ചിരുന്നത് 19 കാരിയായ യുവതിയാണ്.

തകർന്ന വീട് സാമുവൽ ലിങ്കൺ കോട്ടേജ് എന്നാണ് അറിയപ്പെടുന്നത്. 1650 ലാണ് കോട്ടേജ് പണിതതെന്നും 1740ൽ കുറച്ച് പരിഷ്കരണങ്ങളും മാറ്റങ്ങളും വരുത്തിയെന്നും ഹിങ്ഹാം ഹിസ്റ്റോറിക്കൽ കമ്മീഷന്റെയും ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ് കമ്മീഷന്റെയും അഡ്മിനിസ്ട്രേറ്റർ ആൻഡ്രിയ പറഞ്ഞു. ഹിങ്ഹാമിലെ ചരിത്ര പ്രാധാന്യമുള്ളതും പുരാതനവുമായ ഒരു വീടാണിത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഹിസ്റ്റോറിക് ന്യൂ ഇംഗ്ലണ്ട് കൈവശം വച്ചിരിക്കുന്ന ഈ വീടിന് ചില സംരക്ഷണ നിയന്ത്രണങ്ങളുണ്ടെന്നും വീടിനകത്തോ പുറത്തോ കാര്യമായ മാറ്റങ്ങൾ വരുത്താതെ വീടിനെ സംരക്ഷിക്കുന്നതായും ഹിങ്ഹാം ഹിസ്റ്റോറിക്കൽ കമ്മീഷന്റെ അഡ്മിനിസ്ട്രേറ്റർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം അമേരിക്കയിൽ കാറിന്റെ നിയന്ത്രണം ദൈവത്തിന് നൽകിയുള്ള യുവതിയുടെ പരീക്ഷണം വലിയ വാ‍ർത്തയായി മാറിയിരുന്നു. ഒഹിയോയിലെ ബീച്ച് വുഡിൽ രാത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ഓടിച്ചാണ് 31 കാരിയായ യുവതി കാറിന്റെ നിയന്ത്രണം ദൈവത്തിന് നൽകിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. റോഡിലുടനീളം വലിയ രീതിയിൽ നാശ നഷ്ടം ഉണ്ടാക്കിയ കാർ കുറഞ്ഞ വേഗതയിൽ വരികയായിരുന്ന മറ്റൊരു കാറിനെ ഇടിച്ച ശേഷവും മുന്നോട്ട് അതിവേഗതയിൽ തന്നെ നീങ്ങി. നിയന്ത്രണം നഷ്ടപ്പെട്ട കാർ നിർത്താനുള്ള യാതൊരു ശ്രമവും ഉണ്ടായിരുന്നില്ല എന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്.

ഫോർഡ് ടോറസ് മോഡൽ വാഹനം ഓടിച്ചായിരുന്നു യുവതിയുടെ കിറുക്കൻ പ്രവൃത്തി. 11 വയസുള്ള മകളും ഇവരോടൊപ്പം വാഹനത്തിലെ മുൻ സീറ്റിൽ ഉണ്ടായിരുന്നു. സിഗ്‌നലിൽ ചുവപ്പ് ലൈറ്റ് തെളിഞ്ഞപ്പോഴും അതി വേഗതയിൽ തന്നെ ഇവരുടെ കാർ മുന്നോട്ട് പാഞ്ഞു. മറ്റൊരു കാറിനെ ഇടിച്ച് റോഡിൽ വട്ടം കറങ്ങിയ ശേഷം ഒരു വീട്ടിൽ ഇടിച്ചാണ് വാഹനം നിന്നത്. വീട്ടിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.

First published:

Tags: Accident, Car accident