പൊതുവേ വില കുറഞ്ഞ ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. എന്നാൽ ഈ ധാരണ അപ്പാടെ തകർക്കുന്ന ഒരു തരം ഉരുളക്കിഴങ്ങ് ലോകത്ത് ഉണ്ട്. ഫ്രാൻസിലെ ലെ ബോണട്ട് (Le Bonnotte) എന്ന ഉരുളക്കിഴങ്ങാണിത്. ഇതിന് കിലോയ്ക്ക് 50,000 ത്തോളം രൂപയാണ് വില. വർഷത്തിൽ 10 ദിവസത്തേക്ക് മാത്രമേ ഇത് സാധാരണയായി വിൽപനക്കെത്താറുള്ളൂ. ഫ്രാൻസിലെ ഇലെ ഡെ നോർമോട്ടിയർ (Ile De Noirmoutier) ദ്വീപിലാണ് ലെ ബോണട്ട് വളരുന്നത്. ഈ ഉരുളക്കിഴങ്ങ് ലോകത്തു തന്നെ വളരെ അപൂർവമാണ്.
ഈ ദ്വീപിലെ 50 ചതുരശ്ര മീറ്റർ സ്ഥലത്ത് മാത്രമാണ് ലെ ബോണട്ട് കൃഷി ചെയ്യുന്നത്. മണൽ നിറഞ്ഞ ഭൂമിയിലാണ് ഇത് വളരുന്നത്. കടൽപ്പായൽ, ആൽഗകൾ എന്നിവ ഇതിനുള്ള വളമായി ഉപയോഗിക്കാറുണ്ട്. ലെ ബോണട്ട് ഉരുളക്കിഴങ്ങിന്റെ രുചിയും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്. ചെറുനാരങ്ങയുടേയു പോലുള്ള ചെറിയ പുളിയും അൽപം ഉപ്പുരസവും വാൽനട്ടിന്റെ രുചിയും ചേർന്ന പ്രത്യേകര തരം ടേസ്റ്റാണ് ഈ ഉരുളക്കിഴങ്ങിന്റേത്.
ലെ ബോണട്ട് ഉരുളക്കിഴങ്ങുകൾ പെട്ടെന്ന് ഉടഞ്ഞു പോകുന്നതും അതീവ ലോലവുമാണ്. അതിനാൽ തന്നെ അവ ഓരോന്നായി കൈകൊണ്ട് പറിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഈ ഉരുളക്കിഴങ്ങിന്റെ തൊലി മണ്ണിന്റെയും സമീപത്തുള്ള കടൽജലത്തിന്റെ എല്ലാ ഗുണങ്ങളും ആഗിരണം ചെയ്യുന്നതിനാൽ ഇതിന്റെ തൊലി കളയാതെയാണ് പലരും ഉപയോഗിക്കുന്നത്.
ഇലെ ഡെ നോർമോട്ടിയർ ദ്വീപിൽ നിന്ന് വിളവെടുക്കുന്ന 10,000 ടൺ ഉരുളക്കിഴങ്ങുകളിൽ, 100 ടൺ മാത്രമാണ് ലാ ബോണറ്റ്. ഇതും വില കൂടാൻ ഒരു കാരണമാണ്. ഏഴ് ദിവസമായിരിക്കും സാധാരണ ലാ ബോണറ്റ് ഉരുളക്കിഴങ്ങിന്റെ വിളവെടുപ്പ്. ഈ ഏഴ് ദിവസങ്ങളിലായി ഏകദേശം 2500 ആളുകൾ അവ പറിക്കാൻ മാത്രം നിയോഗിക്കപ്പെടാറുണ്ട്.
ഈ പ്രത്യേക തരം ഉരുളക്കിഴങ്ങ് സാലഡ് പ്യൂരി, സൂപ്പ്, ക്രീം എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ഗുരുതരമായ രോഗങ്ങളിൽ നിന്ന് ആളുകളെ സംരക്ഷിക്കാൻ ലെ ബോണട്ടിന് കഴിയും എന്നും ഡോക്ടർമാർ പറയുന്നു. ഈ ഉരുളക്കിഴങ്ങ് സൂപ്പർമാർക്കറ്റുകളിൽ ലഭ്യമല്ല. ഇ-കൊമേഴ്‌സ് സൈറ്റുകളിൽ നിന്നാണ് ലെ ബോണട്ട് ഉരുളക്കിഴങ്ങ് ആളുകൾ സാധാരണയായി വാങ്ങുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.