ലോകത്തിലെ ഏറ്റവുമധികം ഒറ്റപ്പെട്ട പോസ്റ്റ് ഓഫീസ് എന്ന വിശേഷണത്തിന് അർഹമായത് മംഗോളിയയിലെ ഉൾനാടൻ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഒരു പോസ്റ്റ് ഓഫീസാണ്. മണൽക്കൂനകൾ നിറഞ്ഞ മംഗോളിയൻ മരുഭൂമിയിലെ ഈ പോസ്റ്റ് ഓഫീസ് മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ടെൻഗ്ഗർ എന്ന മരുഭൂമിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആകെ വലിപ്പം വെറും 15 സ്ക്വയർ മീറ്റർ മാത്രമാണ്. കഴിഞ്ഞ 35 വർഷമായി ഈ പോസ്റ്റ് ഓഫീസിലേക്ക് ഒരു കത്ത് പോലും വരാറില്ല. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഈ പ്രദേശത്ത് ഇപ്പോഴിതാ ഒരനക്കം സംഭവിച്ചിരിക്കുകയാണ്. ചില ആളുകളുടെയും ഇൻറർനെറ്റിൻെറയും ഒക്കെ സഹായത്തോടെ പുതുജീവൻ ലഭിച്ചിരിക്കുകയാണ്.
മംഗോളിയയിലെ ഉൾനാട്ടിലുള്ള ഈ പോസ്റ്റ് ഓഫീസിൽ ഒരു ജീവനക്കാരനുമില്ല. ഒരു സന്ദർശകൻ പോലും ഈ വഴി വന്നിട്ട് വർഷങ്ങളായിരുന്നു. എന്നാൽ 2021 ഡിസംബറിന് ശേഷം ഏകദേശം 20000ത്തിലധികം കത്തുകളാണ് ഈ പോസ്റ്റ് ഓഫീസിലേക്ക് പ്രവഹിച്ചിരിക്കുന്നത്. മിസ് സാങ് എന്നൊരു സ്ത്രീയുടെ ഇടപെടലാണ് എല്ലാത്തിനും കാരണം. മെയിൻ റോഡിൽ നിന്ന് 10 കിലോമീറ്റർ അകത്തോട്ട് പോയാൽ മാത്രമേ ഇവിടെ എത്താൻ സാധിക്കുകയുള്ളൂ.
മിസ് സാങും സുഹൃത്ത് ലുയോ മിങും ചേർന്ന് പോസ്റ്റ് ഓഫീസിന് പുതുജീവൻ നൽകാനായി ഗോസ്റ്റ് റൈറ്റിങ് ബിസിനസ് ആരംഭിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും ഇവർ ക്യാമ്പെയിൻ നടത്തുന്നു. ഇങ്ങനെയൊരു പോസ്റ്റ് ഓഫീസ് ഉണ്ടെന്നറിഞ്ഞ് അവിടം സന്ദർശിക്കാനായി പോലും ഇപ്പോൾ നിരവധി പേർ എത്തുന്നുണ്ട്. മരുഭൂമിയിലെ തടസ്സങ്ങളെയെല്ലാം മറികടന്ന് അവർ ഈ ഒറ്റപ്പെട്ട പോസ്റ്റ് ഓഫീസിനോട് കൂട്ട് കൂടി മടങ്ങുന്നു.
സാങും സുഹൃത്ത് ലുയോ മിങും ഈ പോസ്റ്റ് ഓഫീസിൽ നിന്ന് ആളുകൾക്ക് പോസ്റ്റ് കാർഡുകളും കത്തുകളും അയക്കാൻ തുടങ്ങിയതോടെയാണ് സാഹചര്യങ്ങൾ മാറിയത്. കോവിഡ് 19 മഹമാരിക്കാലത്തായിരുന്നു ഈ സർഗാത്മക പ്രവൃത്തിയുടെ തുടക്കം. സിംഗപ്പൂർ, ഓസ്ട്രേലിയ, ചൈന എന്നിവിടങ്ങളിലുള്ളവർക്കെല്ലാം ഇവിടെ നിന്ന് കത്തുകൾ അയച്ചിട്ടുണ്ട്.
പോസ്റ്റ് ഓഫീസിനെ സജീവമാക്കാൻ വേണ്ടി തങ്ങളാലാവും വിധം രണ്ട് സുഹൃത്തുക്കളും ശ്രമിച്ചു. തങ്ങളുടെ രാജ്യത്തിനുള്ളിലുള്ളവരോടും പുറത്തുള്ളവരോടും സഹായം അഭ്യർഥിച്ചു. പലരോടും കത്തുകൾക്ക് മറുപടി അയക്കാൻ പറഞ്ഞു. വീണ്ടും വീണ്ടും കത്തുകളയച്ചു. ഒടുവിൽ അപരിചിതരായ ഒരുപാട് പേർ പരസ്പരം അറിഞ്ഞിരിക്കുകയാണ്. ലോകത്തിൻെറ പല മൂലകളിലേക്ക് കത്ത് വന്നിരിക്കുന്നത് ഈ മരുഭൂമിയിലെ മരം കൊണ്ടുള്ള പോസ്റ്റ് ഓഫീസിൽ നിന്നാണെന്ന് അവർക്ക് വിശ്വസിക്കാൻ പോലുമാവുന്നില്ല.
സാങും സുഹൃത്തും ചേർന്ന് ഈ പോസ്റ്റ് ഓഫീസ് പുനർനിർമിക്കാൻ വേണ്ടിയും സഹായം അഭ്യർഥിച്ചിരുന്നു. നിരവധി പേർ ഇവർക്കൊപ്പം ചേരുകയും പോസ്റ്റ് ഓഫീസ് മനോഹരമാക്കി പുനർനിർമിക്കുകയും ചെയ്തു. 20 ദിവസം കൊണ്ടാണ് പണികൾ പൂർത്തിയാക്കിയത്. ഈ പോസ്റ്റ് ഓഫീസിന് അംഗീകാരം നൽകണമെന്ന് ഇരുവരും ചൈന പോസ്റ്റിനോട് അഭ്യർഥിക്കുകയും ചെയ്തു. വൈകാതെ അംഗീകാരം ലഭിച്ചു. ഇപ്പോൾ ലോകത്തെവിടേക്കും ഈ പോസ്റ്റ് ഓഫീസിൽ നിന്ന് കത്തുകൾ അയക്കാം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.